കൊച്ചി: 'ലോകമേ ശ്രദ്ധിക്കുക! ഹിന്ദുമഹാമണ്ഡലക്കാർ, മുസ്ലിം ലീഗുകാർ, സോഷ്യലിസ്റ്റുകാർ, കോൺഗ്രസുകാർ, കമ്യൂണിസ്റ്റുകാർ-എന്നുവേണ്ട ഏതു മൂരാച്ചിക്കും പറ്റിയ പുസ്തകങ്ങളുള്ള ദുനിയാവിെല ഏക ബുക്സ്റ്റാൾ ഏതാണെന്നോ? ബഷീർസ് ബുക്സ്റ്റാൾ, ടി.ബി റോഡ്, എറണാകുളം' വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എറണാകുളം നഗരത്തിൽ പുസ്തകശാല നടത്തി ജീവിച്ചിരുന്ന കാലത്തെ പരസ്യവാചകമാണിത്.
1950കളിൽ ബേപ്പൂർ സുൽത്താനാവുന്നതിനും മുമ്പ് അദ്ദേഹത്തിെൻറ സാഹിത്യജീവിതം പച്ചപിടിച്ചു തുടങ്ങുന്നതും പൂത്തുതളിർത്തതുമെല്ലാം എറണാകുളത്തെ ജീവിതകാലത്തായിരുന്നു.
സാഹിത്യജീവിതം സമ്പന്നമായിരുന്നെങ്കിലും നിത്യജീവിതത്തിൽ പട്ടിണിയും കഷ്ടപ്പാടുമായിരുന്നു ഏറെയുമെന്ന് അദ്ദേഹത്തിെൻറ കൃതികളിൽ തന്നെ തെളിയക്ഷരത്തിൽ പറയുന്നുണ്ട്.
ബഷീർ തലച്ചുമടായി പുസ്തകം വിറ്റു നടന്നിരുന്നൊരു കാലമായിരുന്നു അത്. സാഹിത്യാസ്വാദകരായ തലശ്ശേരിയിലെ നാല് സഹോദരൻമാർ ചേർന്ന് കാനൻഷെഡ് റോഡിൽ, ഇന്നത്തെ കൊളംബോ ജങ്ഷനിൽ നടത്തിയിരുന്ന കൊച്ചിൻ ബേക്കറിയുടെ ഒരു ഭാഗത്തായിരുന്നു പുസ്തക കട ആദ്യം തുടങ്ങിയത്. പിന്നീട് ബോട്ട് ജെട്ടിയിലേക്ക് മാറ്റി സർക്കിൾ ബുക്ഹൗസ് എന്ന പേരിൽ നടത്തി. അവിടന്ന് പിന്നെയും സ്ഥലംമാറ്റം കിട്ടി, ഇന്നത്തെ പ്രസ്ക്ലബ് റോഡായ ടി.ബി റോഡിലാണ് ബഷീർസ് ബുക്സ്റ്റാൾ നടത്തിപ്പോന്നത്.
പാത്തുമ്മായുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ ബഷീറിെൻറ പല ഒന്നാന്തരം കൃതികളും പിറന്നുവീണത് എറണാകുളം ജീവിതത്തിനിടെയാണ്. ചറപറാ എഴുത്തിെൻറ കാലമെന്നാണ് ബഷീർ തന്നെ ഇക്കാലത്തെ വിശേഷിപ്പിച്ചത്.
സാഹിത്യകാരൻമാരും രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവർത്തകരുമെല്ലാമായി ഒരു വലിയ സൗഹൃദക്കൂട്ടം നഗരത്തിൽ വൈക്കം മുഹമ്മദ് ബഷീർ എന്ന സൂര്യനു ചുറ്റും എപ്പോഴും കറങ്ങിയിരുന്നു. ബഷീറിെൻറ പുസ്തക കടകളും അന്തിയുറങ്ങുന്ന കൊച്ചു മുറിയുമെല്ലാം പ്രശസ്തരുടെയും അപ്രശസ്തരുടെയും സങ്കേതമായിരുന്നു. ഇടുങ്ങിയ വാടകമുറിയിൽ പി.കൃഷ്ണപിള്ള, കെ.സി. ജോർജ് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ താമസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.