ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഫലസ്തീനിൽ കൊല്ലപ്പെട്ടവർക്ക് ഹൃദയഭേദകമായ ആദരാഞ്ജലി അർപ്പിച്ച് യു.എ.ഇയിലെ പ്രാദേശിക പുസ്തക പ്രസാധകരായ യുഹിബ് ബുക് പബ്ലിഷിങ് ഹൗസ്. ‘പൂർത്തിയാവാത്ത കഥകൾ’ തലക്കെട്ടിൽ ഗസ്സയിൽ കൊല്ലപ്പെട്ട 6000 ഫലസ്തീനികളുടെ പേരുകളാണ് ഇവരുടെ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കറുത്ത ചുമരിൽ വെളുത്ത അക്ഷരങ്ങളിലാണ് ഭൂമിയിൽനിന്ന് മാഞ്ഞുപോയ ആ പേരുകൾ സന്ദർശകർക്ക് ഒരു നൊമ്പരമായി വരിയായി നിറഞ്ഞു നിൽക്കുന്നത്.
‘അവരാരും ലോക പ്രശസ്തരോ ക്രമപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരോ അല്ല. ഒരു വ്യോമാക്രമണത്തിലോ ഒരു വെടിയുണ്ടയിലോ ജീവിതം അവസാനിച്ചവരാണ്. യുദ്ധത്തിന്റെ അനന്തരഫലമെന്താണെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ് ആ പേരുകൾ. ‘ജീവിതം രണ്ടായി പിളരുന്ന പോലെയാണ് എനിക്ക് തോന്നുന്നത്.
ഒരുഭാഗത്ത് ദൈനംദിന ജീവിതത്തിനായി മനുഷ്യർ നെട്ടോട്ടമോടുമ്പോൾ മറുഭാഗത്ത് ഒരു ജനതയെ മുഴുവൻ ഭൂമിയിൽനിന്ന് തുടച്ചുനീക്കുന്നത് കാണേണ്ടി വരുന്നു’ -യുഹിബ് ബുക്സ് സ്ഥാപകയായ സാദിയ അൻവറിന്റെ പ്രതികരണം ഇതായിരുന്നു.
ഒരാഴ്ചയോളം എടുത്താണ് ഈ പേരുകൾ രേഖപ്പെടുത്തിയത്. ഔദ്യോഗിക രേഖകളിൽ നിന്നാണ് കൊല്ലപ്പെട്ടവരുടെ പേരുകൾ ഡൗൺലോഡ് ചെയ്തതെന്ന് സഹസ്ഥാപക മെഹനാസ് അൻഷ പറഞ്ഞു. ശേഷം അത് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തു. അറബി ഭാഷയിലായിരുന്നതിനാൽ ഇതിന് വലിയ പ്രയത്നം വേണ്ടിവന്നു.
88 പേരുകൾ ഒരു കുടുംബത്തിൽനിന്ന് തന്നെയായിരുന്നുവെന്നത് ഏറെ വേദനിപ്പിക്കുന്നതായിരുന്നു. കുട്ടികൾ മുതൽ 72 വയസ്സുവരെയുള്ളവർ അക്കൂട്ടത്തിലുണ്ട്. ജീവിതത്തിൽ നിറമുള്ള സ്വപ്നങ്ങൾ കണ്ടവരായിരുന്നു അവരെല്ലാം. അവർ കൊല്ലപ്പെടുക മാത്രമല്ല, വീടുകളും നാമാവശേഷമാക്കിയിരിക്കുകയാണ്.
സ്വന്തമായതെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ജീവിച്ചിരുന്നുവെന്നതിനുള്ള എല്ലാ തെളിവുകളും അവർ തുടച്ചുനീക്കി. യുദ്ധത്തിന്റെ അനന്തരഫലമെന്തെന്ന് ലോകത്തിന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുഹിബ് ബുക് അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.