പൊറ്റെക്കാടിന്‍റെ കുതിരയില്ലാത്ത കുതിര ബിരിയാണി, ബഷീറിന്‍റെ ബിരിക്കഞ്ചോ... മലയാള സാഹിത്യം ‘വിളമ്പിയ’ ബിരിയാണികൾ

മലയാളിയുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ് ബിരിയാണി. ഹോട്ടലിൽ പോയാൽ കഴിക്കുന്നതും വീട്ടിൽ അതിഥികൾ വന്നാൽ തയാറാക്കുകയോ വാങ്ങുകയോ ചെയ്യുന്നതുമൊക്കെ ബിരിയാണി തന്നെ. അത്രമേൽ ബിരിയാണിയുടെ രുചിമുകുളങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ് മലയാളി. ആർഭാടം വഴിയുന്നിടത്തും ശരാശരിക്കാരനും ഒരേ സ്വാദോടെ അത് വിളമ്പും. പേരുമാറി പലതും അടുക്കളയിൽ കയറിവന്ന് ഇടവും ഇമ്പവും കവരുന്ന കാലത്തും വിട്ടേച്ചുപോകാനറിയാത്ത ഇഷ്ടവിഭവം. സിനിമയായാലും സാഹിത്യമായാലും ബിരിയാണിക്കഥകൾ എന്നും നമ്മെ ത്രസിപ്പിച്ചിട്ടേയുള്ളൂ​. അത്ര പരിചിതമല്ലാത്ത പ്രത്യേക കൂട്ടിലുള്ള ബിരിയാണികളാണ് സാഹിത്യകാരന്മാർ മലയാളിക്കായി ദമ്മിട്ട് വിളമ്പിയിരിക്കുന്നത്. എസ്.കെ. പൊറ്റെക്കാടിന്‍റെ ‘ഒരു ദേശത്തിന്‍റെ കഥ’യിലെ കുതിര ബിരിയാണി, വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ബിരിക്കഞ്ചോ’, സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ചെറുകഥയായ ‘ബിരിയാണി’ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഒരു ദേശത്തിന്‍റെ കഥയിൽ കുതിര ബിരിയാണി വിൽക്കുന്ന കുമാരന്‍റെ ഭാരതമാതാ ടീഷോപ് ഉണ്ട്. സാധാരണ പുട്ടിന്‍റെ ഇരട്ടി വണ്ണവും ഒരു ചാൺ നീളവുമുള്ള പുന്നെല്ലരി പുട്ടും മസാലക്കറിയും വലിയ പപ്പടവും കൂട്ടിക്കുഴച്ച് കഴിച്ചാൽ കുതിര ബിരിയാണിയായി. കുതിര പോയിട്ട് ബിരിയാണി പോലുമില്ലെങ്കിലും ഈ വിഭവത്തിന് എസ്.കെ. പൊറ്റെക്കാട് നൽകിയ പേരാണ് ‘കുതിര ബിരിയാണി’.


ചെന്നൈയിൽ താമസിക്കുന്ന കാലത്ത് ഒരു അവധി ദിവസം വൈക്കം മുഹമ്മദ് ബഷീർ തയാറാക്കിയ വിഭവമാണ് ബിരിക്കഞ്ചോ എന്ന പ്രത്യേക ബിരിയാണി. ബിരിയാണി തയാറാക്കുന്നതിനിടെ കുറച്ച് സമയം അതിന്‍റെ ചുമതല ബഷീർ ഒരു സ്ത്രീയെ ഏൽപിച്ചു. തിരിച്ചുവന്നപ്പോൾ അവരുടെ പാചകം ഒട്ടും നന്നായിട്ടുണ്ടായിരുന്നില്ല. അത് ഒരു ഭക്ഷണമാക്കാൻ അദ്ദേഹം ഏറെ പാടുപെട്ടു. അങ്ങനെ ‘പാതി വെന്ത’ ആ വിഭവം അവിടെയുള്ളവർക്ക് വിളമ്പി. അതിന് ബഷീർ പ്രത്യേക പേരുമിട്ടു, ‘ബിരിക്കഞ്ചോ’.

സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ചെറുകഥയായ ‘ബിരിയാണി’യിലെ പ്രതിപാദ്യ വിഷയം രുചിപ്പെരുമയല്ല. മനസ്സിൽ കനൽ കോരിയിടുന്ന വായനാനുഭവമാണ് ഈ ചെറുകഥ സമ്മാനിക്കുന്നത്. കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘പൊതിച്ചോർ’ കഥയിലേത് പോലെ വിശപ്പാണ് ‘ബിരിയാണി’യിലെ പ്രധാന കഥാപാത്രം. ഈ ചെറുകഥയെ അനുകൂലിച്ചും പ്രതികൂലിച്ചും അക്കാലത്ത് സമൂഹ മാധ‍്യമങ്ങളിൽ ചർച്ചകളിൽ നടന്നിരുന്നു. അങ്ങനെ ലോകത്തിനു മുന്നിൽ ‘വിളമ്പിയ’ ബിരിയാണികളുടെ കഥകളേറെ പറയാനുണ്ട് മലയാള സാഹിത്യത്തിന്...

മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരത്തിൽ നിങ്ങൾക്കും പ​ങ്കെടുക്കാം

മാധ്യമം കുടുംബം പ്രശസ്ത റോസ് ബ്രാൻഡ് റൈസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിൽ നിങ്ങൾക്കും പങ്കെടുക്കാം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്ത്രീക്കും പുരുഷനും ഒരേ കാറ്റഗറിയിലാണ് മത്സരം.

പ്രാഥമികഘട്ട മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 150 പേരെ ഉൾപ്പെടുത്തി രണ്ടാംഘട്ട മത്സരം നടത്തും. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 15 പേരെ ഉൾപ്പെടുത്തി കോഴിക്കോട് ബീച്ചിൽ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കും. സെലിബ്രിറ്റികളും പാചകരംഗത്തെ പ്രമുഖരും വിധികർത്താക്കളായി എത്തുന്ന മത്സരത്തിൽ കൈനിറയെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

തയാറാക്കിയ ബിരിയാണി പാചകകുറിപ്പ്, പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ www.madhyamam.com/dumdumbiriyani ലിങ്ക് വഴിയോ

ക്യൂ ആർ കോഡ് വഴിയോ ചേർത്ത് ഉടൻ രജിസ്റ്റർ ചെയ്യൂ.




 


Tags:    
News Summary - literatues about biriyani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.