കാറ്റും കോളുമുള്ള സന്ധ്യ. പുറത്ത് മണ്ണടരുകളിൽനിന്ന് പൂക്കുറ്റിപോലെ ജീവനുയരുന്നു.
‘‘വാതിലടയ്ക്ക്, ഈയലു കേറും.’’
പുറത്തെവിടെ നിന്നോ അമ്മ വിളിച്ചുപറയുന്നു. അപ്പോഴാണ് നിങ്ങൾക്ക് ബോധം തെളിയുന്നത്. എന്തൊക്കെയോ ചിന്തിക്കുകയായിരുന്നു. പക്ഷേ, വൈകിപ്പോയി. ഈയൽ കേറിക്കഴിഞ്ഞു. ഒന്ന് നിങ്ങളുടെ വലതുചെവിയിൽ തട്ടിവീണു. മുറി നിറയെ ചിറകടികൾ. ഇതിന്റെ അനുരണനം ഈ പ്രപഞ്ചമാകെയുണ്ടാകാം. അടക്കുന്നെങ്കിൽ പ്രപഞ്ചത്തിലേക്ക് തുറക്കുന്ന എല്ലാ വാതിലുകളും അടക്കണം. വെളിച്ചത്തിന്റെ എല്ലാ സ്രോതസ്സുകളും കെടുത്തണം.
ട്യൂബ് ലൈറ്റിന് ചുറ്റുമുള്ള തിക്കുംതിരക്കും നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു. ഇരുട്ടത്തിരിക്കാൻ തീരുമാനിക്കുന്നു. അനുവാദം ചോദിക്കാതെ നിങ്ങളുടെ ദേഹത്ത് സ്പർശിക്കുന്ന ഈയൽ വർഗത്തോട് നിങ്ങൾക്ക് ഈർഷ്യയേറുന്നു.
‘‘നാശം ഇവയൊക്കെ എന്തിന് വന്നു!’’
ഈയലുകളുടെ നേർക്ക് നിങ്ങളെറിഞ്ഞ അസ്തിത്വപ്രശ്നംകൊണ്ട് മുറിവേറ്റാണോ എന്നുറപ്പില്ല; ചിറകുകളടരുന്നു, ചലനമൊതുങ്ങുന്നു, ചത്തുമലക്കുന്നു. എന്തൊരു ജീവിതമാണിത്! ഏതാനും നിമിഷങ്ങൾക്കുവേണ്ടിയായിരുന്നോ ഇത്രക്ക് ആവേശം. ഒടുങ്ങുമെന്നുറപ്പുള്ള ഒരോട്ടപ്പാച്ചിൽ. ഈ കുഞ്ഞു മുറിക്കുള്ളിൽ പിടഞ്ഞു തീരുന്ന ജീവനുകളെത്ര! മരണ പരമ്പര നിങ്ങൾക്ക് ചുറ്റും ശവങ്ങൾ നിരത്തിയിരിക്കുന്നു.
നിങ്ങൾ ഉയർത്തിയ അസ്തിത്വ ചോദ്യവും നിങ്ങളും മാത്രം ജീവനോടെ ബാക്കിയായിരിക്കുന്നു. എന്തിനു വന്നു?
ഇവിടെ ഈ ഭൂമിയിൽ ഏതാനും വർഷങ്ങളുടെ വിരുന്നൂട്ട്. ഇനിയെത്ര നേരംമുണ്ടാകും ബാക്കി! ഉറപ്പായും തിരിച്ചുപോയേ തീരൂ. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ നിങ്ങളുടെ ഓർമയിൽ വരിവരിയായി തെളിയുന്നു. അരങ്ങൊഴിഞ്ഞ താരങ്ങളുടെയും മഹാത്മാക്കളുടെയും അസാന്നിധ്യം അറിയുന്നു. മരിക്കുമെന്ന ബോധ്യം വിരൽത്തുമ്പുകളിൽപോലും നിങ്ങൾ അനുഭവിക്കുന്നു. അമ്മയെ കാണാൻ തോന്നുന്നു. എന്നാൽ ‘അമ്മേ’ എന്നൊന്നു വിളിക്കാനാകുന്നില്ല. അതിന്റെ ആഴം കൂടി വരുന്നു.
മരിക്കുകയാണെങ്കിൽ ആ നിമിഷത്തിനപ്പുറം നിങ്ങളെവിടേക്ക് പോകും? നിങ്ങൾക്കൊപ്പം എന്ത് ശേഷിക്കും! ഈ ഓർമകൾ കുരുങ്ങിയ കർമങ്ങളല്ലാതെ. നിങ്ങൾക്ക് കുറ്റബോധം തോന്നിത്തുടങ്ങുന്നു. കുറച്ചുകൂടി നന്നായി ജീവിക്കാമായിരുന്നു. നിങ്ങൾ നോവിച്ചവരെക്കുറിച്ച് ഓർക്കുമ്പോൾ പേടി തോന്നുന്നു. കർമ കറങ്ങി വരില്ലേ, ഇവിടം കഴിഞ്ഞും...
ദൈവമേ. നിന്നിൽനിന്നെങ്ങോട്ടോടി രക്ഷപ്പെടാൻ. സർവം നീ മയം. നിന്നിലേക്കല്ലാതെ വഴികളില്ലാതായിരിക്കുന്നു. ഒടുവിൽ നീ മാത്രം.
ആത്മാവ് നാഥനെ ഓർത്തനിമിഷം മാത്രം നിങ്ങൾ ജീവിച്ചതായി തോന്നുന്നു. അപ്പോൾ ഇതുവരെ മരിച്ച അവസ്ഥയായിരുന്നോ! നിങ്ങളോർക്കുന്ന സത്യം ഇപ്പോൾ നിങ്ങളെയും ഓർക്കുന്നുണ്ടാകുമോ! നിങ്ങളാകെ വിയർക്കുന്നു. ദൈവസമക്ഷം നിങ്ങളുടെ സ്ഥാനം എന്താണെന്നറിയാൻ വല്ലാതെ വിശക്കുന്നു. ആത്മാവിന്റെ ഒടുക്കത്തെ വിശപ്പ്.
നിങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സത്യത്തിന്, നീതിക്ക്, ദൈവത്തിന് എന്ത് പരിഗണനയാണ് കൊടുത്തതെന്ന് സ്വയം വിചാരണ ചെയ്തുപോകുന്നു.
മുറിയൊരു കുമ്പസാരക്കൂടായി. മനസ്സൊരു ത്രാസായി. ഓരോ തട്ടുകളിലായി നല്ലതും ചീത്തയും പെറുക്കിയിട്ടു. അയ്യോ! ഏതു തട്ടാണ് ഭാരം തൂങ്ങുന്നത്. ചെറിയ സന്തോഷങ്ങൾക്ക് വേണ്ടിയായിരുന്നു ചീത്തയത്രയും ചെയ്തുകൂട്ടിയത്. എന്നിട്ട് സന്തോഷജീവിതം ആയിരുന്നോ! എന്നും എപ്പോഴും എവിടെയും സന്തോഷമായിരുന്നെങ്കിൽ... അതാണ് നിങ്ങൾക്ക് വേണ്ടത്. അത്രമാത്രം.
സന്തോഷം നിത്യം നിലനിൽക്കുന്ന ഇടമാണ് സ്വർഗമെങ്കിൽ അതാണ് വേണ്ടത്. ദൈവസംപ്രീതിക്കുള്ള സമ്മാനമാണ് സ്വർഗമെങ്കിൽ ആ പ്രീതിയാണ് വേണ്ടത്.
സന്തോഷം. സ്വർഗം. ദൈവം. ഇതിലേത് വേണമെന്ന സങ്കീർണതയിൽ ഏറ്റവും വേഗം അനുഭവിക്കാൻ പറ്റിയ സന്തോഷത്തിനു പിന്നാലെ പായുകയായിരുന്നല്ലോ. ഇപ്പോഴിതാ അടരുകൾ അറിയുന്നു. ഈയലുകളുടെ ആഗമനോദ്ദേശ്യം മനസ്സിലാകുന്നു. നിങ്ങളുടെ ജീവിത ലക്ഷ്യം തെളിയുന്നു.
ഇനി വെറും 33 ശ്വാസനേരം മാത്രമേ ആത്മാവിനിവിടെ ബാക്കിയുള്ളൂവെന്നിരിക്കിലും അവ ദൈവമേ എന്ന് ശ്വസിക്കട്ടെ. നിങ്ങൾ ആഴത്തിൽ ശ്വാസമെടുക്കുന്നു. ഒരു ചാൺ ദൈവത്തോട് അടുക്കുമ്പോൾ നിങ്ങളിൽ ഒരു മുഴം. മുഴമടുക്കുമ്പോൾ കാതം. നിങ്ങൾ നടക്കുമ്പോൾ നിങ്ങളിലേക്കോടി നിറയുന്നു പ്രകാശം.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.