‘വാങ്മയം-2022’ ഏകദിന സാഹിത്യ സമ്മേളനം കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

സാഹിത്യത്തിനും കലക്കും സത്യങ്ങളെ കുറിച്ച് നിശ്ശബ്ദമാവാൻ കഴിയില്ല -സച്ചിദാനന്ദൻ

ബംഗളൂരു: എഴുത്തുകാർക്കെതിരായ, ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ, സത്യം പറയുന്ന പത്രപ്രവർത്തകർക്കെതിരായ, മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ, ഭരണഘടനക്കെതിരായ ആക്രമണങ്ങളെല്ലാം വന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സാഹിത്യത്തിനും കലക്കും സത്യങ്ങളെ കുറിച്ച് നിശ്ശബ്ദമാവാൻ കഴിയില്ലെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

കേരള സാഹിത്യ അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘം ബംഗളൂരു ഘടകവും സംയുക്തമായി സംഘടിപ്പിച്ച 'വാങ്മയം-2022' ഏകദിന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുത്തിന്റെ പ്രാഥമികമായ ധർമങ്ങളിലൊന്ന് നിലനിൽക്കുന്ന നിയമവ്യവസ്ഥക്കുമപ്പുറമുള്ള ഒരു ഉദാത്തമായ നീതിബോധത്തിലേക്ക് മനുഷ്യരെ ഉയർത്തുക എന്നതാണ്. ലോകം പൂർണമായി നമ്മെ നിരാശരാക്കുന്നില്ല. ലോകത്തിന്റെ ഓരോ കോണിലും മനുഷ്യർ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രതിരോധത്തിന്റെ ചരിത്രമാണ് കലയുടെയും സാഹിത്യത്തിന്റെയും ചരിത്രമെന്നും സച്ചിദാനന്ദൻ പറഞ്ഞു. വാക്കുകൾക്ക് വിപരീതാർഥം വരുന്ന കാലമാണിത്.

മനുഷ്യാവകാശ പ്രവർത്തകനെ സാമൂഹിക ദ്രോഹി എന്നു വിളിക്കുന്ന, ഭരണഘടനക്കുവേണ്ടി സംസാരിക്കുന്നവനെ ദേശദ്രോഹി എന്നു വിളിക്കുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിൽ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ സച്ചിദാനന്ദൻ അപലപിച്ചു. വിമർശനത്തിന്റെ പേരിലുള്ള മാരക ആക്രമണങ്ങൾ മനുഷ്യ സംസ്കാരത്തിന് ഭൂഷണമല്ലെന്ന് പിന്നീട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. ആരോപണവിധേയമായ പുസ്തകം സൽമാൻ റുഷ്ദി എഴുതിയിട്ട് 33 വർഷം കഴിഞ്ഞു.

സാധാരണ മട്ടിൽ ഒരു സമൂഹത്തിന് അത് മറക്കാനുള്ള സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. ഒരു എഴുത്തുകാരൻ നമുക്ക് യോജിക്കാൻ കഴിയാത്ത ഒരു കാര്യം എഴുതുമ്പോൾ നമ്മൾ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ചോദ്യം ഈ അക്രമങ്ങൾ, അത് ഹിന്ദുത്വയുടെ പേരിലുള്ള ആക്രമണങ്ങളായാലും ഉയർത്തുന്നുണ്ട്. പുസ്തകത്തെ വിമർശിക്കുന്നത് തെറ്റല്ല. വിമർശിക്കുന്നവർ വിമർശിക്കട്ടെ. സംവാദങ്ങൾ നടക്കേണ്ടതാണ്. എന്നാൽ, അതിന്റെ പേരിൽ മാരക ആക്രമണങ്ങൾ പൊതുവെ മനുഷ്യ സംസ്കാരത്തിന് ഭൂഷണമല്ല- അദ്ദേഹം പറഞ്ഞു.

വിമാനപുര എച്ച്.എ.എല്‍. കൈരളി കലാസമിതി സ്കൂളില്‍ നടന്ന സാഹിത്യ സമ്മേളനത്തിൽ പു.ക.സ ബംഗളൂരു പ്രസിഡന്റ് സുരേഷ് കോടൂർ അധ്യക്ഷത വഹിച്ചു. കാവ്യായനം പരിപാടിയിൽ ഇന്ദിര ബാലൻ, മധു രാഘവൻ, രമ പ്രസന്ന പിഷാരടി, അന്നു ജോർജ്, ഹസീന ഷിയാസ്, അർച്ചന സുനിൽ, ബിന്ദു സജീവിനുവേണ്ടി ഗീത പി. നാരായണൻ, വിന്നി ഗംഗാധരൻ , അനിൽ മിത്രാനന്ദപുരം, ഗ്രേസ് മാത്യു, എൻ.കെ. ശാന്ത, എസ്. സംഗീത, രൂപശ്രീ, ജയ എന്നിവർ കവിത അവതരിപ്പിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ കവിതകളെ വിലയിരുത്തി. കവി സച്ചിദാനന്ദനുമായി ഡോ. മിനിപ്രസാദ് മുഖാമുഖം നടത്തി.

കഥാകാലം പരിപാടിയിൽ സതീഷ് തോട്ടശ്ശേരി, ബ്രിജി, ആര്‍.എം. നയന, കെ.കെ. പ്രേംരാജ് , അര്‍ച്ചന സുനിൽ, ചന്ദ്രശേഖരൻ വല്ലപ്പുഴ , ടി.ഐ. ഭരതന്‍, എന്നിവരുടെ രചനകളെ ഡോ. മിനി പ്രസാദ് വിലയിരുത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കഥാകൃത്ത് എം.കെ. മനോഹരന്‍, എഴുത്തുകാരായ സുധാകരൻ രാമന്തളി, ഡെന്നീസ് പോൾ, മുൻ കര്‍ണാടക ഡി.ജി.പി.യുമായ എ.ആര്‍. ഇൻഫന്‍റ്, പൊന്നമ്മ ദാസ്, കെ.പി. ശശിധരന്‍, കെ.ആർ. കിഷോർ, സതീശ് തോട്ടശ്ശേരി, സി. കുഞ്ഞപ്പൻ, ബി.എസ്. ഉണ്ണികൃഷ്ണൻ, സുദേവൻ പുത്തൻചിറ, കണക്കൂർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തൃശൂർ ജനനയന അവതരിപ്പിക്കുന്ന നാടൻകലാ ദൃശ്യാവിഷ്കാരങ്ങൾ ഫോക്-ഈവ് 2022 അരങ്ങേറി.

Tags:    
News Summary - Literature and art cannot be silent about truths - Sachidanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.