കോഴിക്കോട്: സിനിമയിൽ നിന്ന് ചിലരെല്ലാം ഇത്തവണയും നിയമസഭയിലെത്തും. എന്നാൽ, സാഹിത്യലോകത്തുനിന്നാരുമെത്താനിടയില്ല. മൂന്നു മുന്നണികളുടെയും സാധ്യത പട്ടികയിലൊന്നും സാഹിത്യകാരന്മാരുടെ പേരില്ല. ഇതര സംസ്ഥാനങ്ങളിലെല്ലാം നടീ നടന്മാർ രാഷ്ട്രീയത്തിലും അതികായരായപ്പോൾ കേരളം ഇത്തരക്കാർക്ക് വളരെ വൈകിയാണ് അവസരം ലഭിച്ചത്. അതേസമയം, സാഹിത്യരംഗത്തുള്ളവർക്ക് സംസ്ഥാനം ഒന്നാം നിയമസഭയിലേക്കു തന്നെ അവസരം നൽകിയിരുന്നു. എഴുത്തിെൻറ ലോകത്തുനിന്ന് പോരാട്ടത്തിനിറങ്ങിയവർക്കാർക്കും തുടർ വിജയങ്ങൾ ആവർത്തിക്കാനായില്ലെന്നതാണ് ചരിത്രം. ഇതോടെ പലരും പെട്ടെന്നുതന്നെ കളമൊഴിയുകയും ചെയ്തു.
1957 ൽ ഒന്നാം കേരള നിയമസഭയിലേക്ക് മണലൂർ മണ്ഡലത്തിൽ നിന്ന് സാഹിത്യകാരൻ ജോസഫ് മുണ്ടശ്ശേരി 1995 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് െതരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച ഇദ്ദേഹം കോൺഗ്രസിലെ സുകുമാരനെയായിരുന്നു പരാജയപ്പെടുത്തിയത്. ആദ്യമന്ത്രിസഭയിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടെങ്കിലും 1960ലെ െതരഞ്ഞെടുപ്പിൽ മണലൂരിൽ കോൺഗ്രസിലെ കുരുയി നീലകണ്ഠൻ നമ്പൂതിരിപ്പാടിനോടദ്ദേഹം തോറ്റു.
1987ൽ എറണാകളത്തുനിന്ന് സി.പി.എം സ്വതന്ത്രനായി സാഹിത്യകാരൻ എം.കെ. സാനു നിയമസഭയിലെത്തി. കോൺഗ്രസിലെ എ.എൽ. ജേക്കബിനെ പതിനായിരത്തിൽപ്പരം വോട്ടിനാണദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ, പിന്നീടിദ്ദേഹം മത്സര രംഗത്തുണ്ടായില്ല. കവി കടമ്മനിട്ട രാമകൃഷ്ണൻ 1996ൽ ആറന്മുളയിൽനിന്ന് നിയമസഭയിലെത്തി. എൽ.ഡി.എഫ് സ്വതന്ത്രനായ കടമ്മനിട്ട യു.ഡി.എഫിലെ എം.വി. രാഘവനെ 2687 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2001ൽ കടമ്മനിട്ട മണ്ഡലംമാറി കോന്നിയിലെത്തിയെങ്കിലും കോൺഗ്രസിലെ അടൂർ പ്രകാശിനോട് 15000ത്തോളം വോട്ടിന് തോറ്റു. 2001ൽ ബി.ജെ.പി ടിക്കറ്റിൽ എഴുത്തുകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ബേപ്പൂരിൽ മത്സരത്തിനിറങ്ങിയെങ്കിലും 10,934 വോട്ടോടെ മൂന്നാം സ്ഥാനത്തായി. എൽ.ഡി.എഫിലെ വി.കെ.സി. മമ്മദ്കോയക്കായിരുന്നു വിജയം.
കോഴിക്കോട്: കേരളത്തിെൻറ പ്രിയ എഴുത്തുകാർ ലോക്സഭയിലേക്ക് വിവിധ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും എസ്.കെ. പൊറ്റക്കാടാണ് ജയിച്ചുകയറിയത്. പൊറ്റെക്കാട് 1957ല്‍ തലശ്ശേരിയില്‍ ഇടതു സ്വതന്ത്രനായെങ്കിലും കോണ്‍ഗ്രസിലെ എം.കെ. ജിനചന്ദ്രനോടാദ്യം പരാജയപ്പെട്ടു.
പിന്നീട് 1962 ല്‍ ഇതേമണ്ഡലത്തിൽ സാഹിത്യകാരൻ സുകുമാര്‍ അഴീക്കോടിനെ തോൽപിച്ച് ലോക്സഭയിലെത്തി. സാഹിത്യകാരി ആനി തയ്യിൽ 1964ൽ രാജ്യസഭയിലേക്കും 1967 ൽ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1984ൽ തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാഥിയായ മാധവിക്കുട്ടിയും 1989ല്‍ തിരുവനന്തപുരത്ത് ഇടതുസ്വതന്ത്രനായ കവി ഒ.എന്‍.വി. കുറുപ്പും 2014ൽ തൃശൂരിൽ ആം ആദ്മി സ്ഥാനാർഥിയായ സാറാ ജോസഫും തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.