സാഹിത്യകാരി പി. വത്സല അന്തരിച്ചു

മലയാളത്തി​െൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തി​െൻറ ലോകത്ത്  ശ്രദ്ധേയയായത്. 

ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി, തകർച്ച എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരക്കിൽ അൽപം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാദ്ധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു കൃതികൾ.

‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ് (1975)ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും 2019ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. തപസ്യ കലാ സാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരം (2017), 2021 ൽ എഴുത്തച്ഛൻ പുരസ്കാരം, കുങ്കുമം അവാർ‍ഡ്, സി.എച്ച്. മുഹമ്മദ് കോയ അവാർഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ലളിതാംബികാ അന്തർജനം അവാർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘത്തി​െൻറ അക്ഷരം അവാർഡ്, മയിൽപീലി അവാർഡ് തുടങ്ങിയവ ലഭിച്ചു.

1938 ഏപ്രിൽ നാലിന് കോഴിക്കോട് മാലാപറമ്പിൽ കാനങ്ങോട്ടു ചന്തുവി​െൻറയും പത്മാവതിയുടെയും മകളായാണ് ജനനം. കോഴിക്കോട് ഗവ. ട്രെയിനിങ് സ്കൂളിൽ പ്രധാന അധ്യാപികയായിരുന്നു. 1993-ൽ വിരമിച്ചു. ഭർത്താവ്: അപ്പുക്കുട്ടി. മകൾ: ഡോ. മിനി. 

Tags:    
News Summary - Malayalam writer P Valsala dies at 85

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.