കൊച്ചി: ‘‘സാഹിത്യംകൊണ്ട് ആളുകളെ നേരെയാക്കാനൊന്നും ഞാൻ ആളല്ല. എന്റെ കൃതി വായിച്ച് ആരെങ്കിലും നന്നായാൽ അത്രയും സന്തോഷം. പക്ഷേ, ഈ കോലാഹലങ്ങളിലൊന്നും എനിക്ക് താൽപര്യമില്ല’’ -സാഹിത്യത്തെയും സമൂഹത്തെയുംകുറിച്ച് തന്റെ കാഴ്ചപ്പാട് കെ.ബി. ശ്രീദേവി എന്ന എഴുത്തുകാരി ഒരിക്കൽ പങ്കുവെച്ചത് ഇങ്ങനെയാണ്. എഴുത്തുകാരുടെ ലോകത്ത് ബഹളങ്ങളിൽ നിന്നെല്ലാം അകന്നുനിൽക്കാൻ എപ്പോഴും ഇഷ്ടപ്പെട്ട എഴുത്തുകാരിയായിരുന്നു ചൊവ്വാഴ്ച അന്തരിച്ച കെ.ബി. ശ്രീദേവി.
13ാം വയസ്സിലാണ് ‘യുഗാന്തരങ്ങളിലൂടെ’ എന്ന ആദ്യ കഥ; അതും മരണത്തെക്കുറിച്ച്. സ്വയം സൃഷ്ടിച്ചെടുത്ത വായനയുടെ ലോകത്തുനിന്നാണ് ശ്രീദേവി എഴുത്തിലേക്ക് കടന്നത്. പൗരസ്ത്യ, പാശ്ചാത്യ സാഹിത്യങ്ങളിലെ പ്രമുഖമായ പല രചനകളും ചെുപ്പത്തിൽതന്നെ തേടിപ്പിടിച്ച് വായിച്ചു. ഒരു പക്ഷിയുടെ മരണമുണ്ടാക്കിയ വ്യഥയാണ് ആദ്യ കഥക്ക് പ്രചോദനമായത്. തുഞ്ചത്താചാര്യൻ എന്ന മാസികയിൽ പ്രസിദ്ധീകരിച്ചുവന്ന ഈ കഥക്ക് പ്രതിഫലമായി ലഭിച്ചത് പത്തുരൂപ. തന്റെ മകനെയും അനുജനെയും സംസ്കൃതം പഠിപ്പിക്കാനെത്തിയ പണ്ഡിതൻ പി.എസ്. സുബ്ബരാമപട്ടരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ മരണംവരെ ശ്രീദേവി സംസ്കൃതം പഠിച്ചു. അത് എഴുത്തിനെ ഒട്ടൊക്കെ സഹായിക്കുകയുംചെയ്തു. വി.ടി. ഭട്ടതിരിപ്പാട്, ചെറുകാട് എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഒരു അന്തർജനം എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണമായി വി.ടി പലപ്പോഴും ശ്രീദേവിയെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹത്തിനുശേഷം വീട്ടിലൊതുങ്ങിക്കഴിയുമ്പോഴാണ് മഹിള സമാജം രൂപവത്കരിക്കണമെന്ന ചിന്ത ശ്രീദേവിയിൽ ഉടലെടുത്തത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് 1960ൽ രൂപവത്കരിച്ച സമാജത്തിന്റെ സെക്രട്ടറി ശ്രീദേവി ആയിരുന്നു. 1970ൽ കൂടല്ലൂരിൽനിന്ന് തൃശൂരിലേക്ക് താമസം മാറുന്നതുവരെ അവർ സമാജത്തിൽ സജീവമായിരുന്നു.
നമ്പൂതിരി സമുദായത്തിലെ സ്ത്രീജീവിതത്തിന്റെ ദുരിതമുഖങ്ങൾ അവർ അക്ഷരങ്ങളിലൂടെ തുറന്നുകാട്ടി. ഇതിന്റെ പേരിൽ സമൂഹത്തിൽനിന്ന് ഒന്നുപോലെ തല്ലും തലോടലും നേരിടേണ്ടിവന്നു. എഴുതാനുള്ള കഴിവ് ഈശ്വരാനുഗ്രഹമാണെന്നും എല്ലാറ്റിലും നന്മ വിചാരിക്കണമെന്നും ഒരിക്കൽ നേരിട്ട് പരിചയപ്പെട്ടപ്പോൾ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ വാക്കുകൾ എന്നും പ്രചോദനമായതായി ശ്രീദേവി അനുസ്മരിച്ചിട്ടുണ്ട്. ഭ്രഷ്ട് നിലനിന്ന നമ്പൂതിരി സമുദായത്തിന്റെ ജീവിതം പകർത്തിയ ‘യജ്ഞം’ എന്ന നോവൽ ഏറെ ചർച്ച ചെയ്യപ്പെടുകയും കുങ്കുമം അവാർഡ് നേടുകയും ചെയ്തു.
നമ്പൂതിരി സ്ത്രീകൾ ഉറക്കെ സംസാരിക്കാൻപോലും ഭയപ്പെട്ടിരുന്ന കാലത്താണ് ശ്രീദേവിയുടെ ഈ നോവൽ വിപ്ലവം. കാൽനൂറ്റാണ്ടിനുശേഷം എഴുത്തുകാരിയുടെ ചെറുമകൾ കെ. രഞ്ജന നോവൽ അതേ പേരിൽ സിനിമയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.