കർഷക രാജ്യമായ ഭാരതത്തിന്റെ നട്ടെല്ലാണ് കർഷകരും കൃഷിശാസ്ത്രജ്ഞരും. ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ പാടത്തും വ്യവസായ സംരംഭകരിലും എത്തിയാൽ മാത്രമേ അവരുടെ ധർമം സഫലമാകൂ, കർമം പൂർണമാകൂ. അർപ്പണബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു ശാസ്ത്രജ്ഞന്റെ അനുഭവങ്ങളാണ് ‘തിരിയും ചുമടും -കാർഷിക ശാസ്ത്രജ്ഞന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകം.
ഗ്രന്ഥകാരനായ ഡോ. ബി. ശശികുമാർ തന്റെ മൂന്നു ദശകം നീണ്ട പ്രവർത്തനകാലത്തെ അനുഭവങ്ങൾ മുത്തുകൾപോലെ കോർത്തിണക്കിയിരിക്കുകയാണ് ഈ പുസ്തകത്തിൽ. അതിൽ തിരിച്ചറിവുണ്ട് (കസ്തൂരി മഞ്ഞൾ, കരിമഞ്ഞൾ), യാത്രാവിവരണമുണ്ട്, വിജയകഥകളുണ്ട്, ചരിത്രമുണ്ട്, ശുദ്ധ ശാസ്ത്രമുണ്ട്, കാടറിവുണ്ട്, അടിയുറച്ച ബോധ്യങ്ങളുടെ സൗന്ദര്യമുണ്ട്, ചെറുത്തുനിൽപിന്റെ ബോധ്യമുള്ള സൗന്ദര്യമുണ്ട്, കരുത്തിന്റെ വീര്യമുണ്ട്, നേട്ടങ്ങളുടെ പിന്നാമ്പുറ കഥയുണ്ട്, കൂടാതെ നീതിക്കുവേണ്ടിയുള്ള പോരാട്ടമുണ്ട്.
മറ്റ് അനുഭവങ്ങൾക്കുപരി സമൂഹത്തിലെ മിത്തുകളും അന്ധവിശ്വാസങ്ങളും അകറ്റാൻ ശാസ്ത്രബോധം ഉപകരണമാക്കിയ കേസ് സ്റ്റഡിയും പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്, രസകരമായി. കുറിക്കുകൊള്ളുന്ന ഉദ്ധരണികളുമായി വശ്യമായ ശീർഷകങ്ങൾ നൽകി വ്യത്യസ്തമായ ചെറു അധ്യായങ്ങളിലൂടെ അനാവൃതമാകുന്ന അനുഭവങ്ങളിൽനിന്ന് കൃഷിയെ സ്നേഹിക്കുന്നവർക്കും ഗവേഷകർക്കും സാധാരണക്കാർക്കും എല്ലാം എന്തെങ്കിലും പഠിക്കാനുണ്ട്.
രസകരമായ ശൈലിയും വ്യാഖ്യാനത്തിന്റെ രീതിയും നിലപാടുകളിലെ ആർജവവും വേറിട്ട, മൗലികമായ നിരീക്ഷണങ്ങളും പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഗവേഷകരെ ഉദ്ദേശിച്ച് തന്റെ ശാസ്ത്രലേഖനങ്ങളുടെ ഒരു ലിസ്റ്റും അനുബന്ധമായി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. സ്വതന്ത്രവും സുന്ദരവുമായ അരിപ്പ ഉൽപാദിപ്പിക്കാൻ, തല ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാനുള്ള സൗഹൃദ സാഹചര്യം പ്രധാന ഘടകമാണ്. ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരുടെ സമീപനം ഇവിടെ നിർണായ ഘടകമാണ്.
വ്യത്യസ്ത മേലധികാരികളുടെ പ്രീതിയും അപ്രീതിയും വിതച്ച സുഖ-ദുഃഖങ്ങളുടെ മിന്നലൊളിയും ശാസ്ത്രസ്ഥാപനങ്ങളിലെ അറിയപ്പെടാത്ത അന്തർനാടകങ്ങളും ബ്യൂറോക്രസിയുടെ കടുംപിടിത്തവും ഒക്കെ ഓർമക്കുറിപ്പിൽ വായിച്ചെടുക്കാനാകും. ഈ പുസ്തകം കർഷകർക്കും ശാസ്ത്രജ്ഞർ അടക്കം എല്ലാ കൃഷി വിദഗ്ധർക്കും ഗവേഷകർക്കും സാധാരണക്കാർക്കും നല്ലൊരു വായനാനുഭവമായിരിക്കും. കർഷകരുടെയും കാർഷിക സംരംഭകരുടെയും യഥാർഥ സുഹൃത്തായ ഒരു കൃഷി ശാസ്ത്രജ്ഞനെ കാണാനാകും ഈ പുസ്തകത്തിൽ.
അന്യ ജീവനുതകുമ്പോഴാണ് സ്വജീവിതം ധന്യമാകുന്നത് എന്ന ബോധം പൊരുളാണെങ്കിൽ, ഈ ഓർമക്കുറിപ്പ് അതിന് ഒരു ഉദാഹരണമാണ്. ഡോ. ബി. ശശികുമാർ കൊല്ലം ശൂരനാട് സ്വദേശിയാണ്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി വിഭാഗം മേധാവിയായി വിരമിച്ച ശശികുമാർ, മഞ്ഞൾ, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവിളകളുടെ 12 ജനപ്രീതി ആർജിച്ച ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ, സുഗന്ധവ്യഞ്ജനങ്ങളിലെ ജൈവമായങ്ങൾ കണ്ടെത്തുന്നതിന് വഴികാട്ടിയായി.
ജനിതക രീതികളും കണ്ടെത്തി. കേന്ദ്ര ഗവൺമെന്റിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ ശാസ്ത്ര എഴുത്തുകാർക്കുള്ള ദേശീയ പുരസ്കാരം 2017, സംസ്ഥാന കൃഷി വകുപ്പിന്റെ ഫാം ജേണലിസത്തിനുള്ള ‘കർഷക ഭാരതി’ അവാർഡ്, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഹോർട്ടി കൾചർ ടീം അവാർഡ്, ഇന്ത്യൻ സൊസൈറ്റി ഫോർ സ്പൈസസിന്റെ നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. ജെ.എസ്. പ്രുതി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് കമ്യൂണിക്കേഷനിൽ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.