കോഴിക്കോട്: ശ്രീകുമാരൻ തമ്പി തുടങ്ങി വെച്ച കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ വെട്ടിലായിരിക്കുകയാണ്. ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളാണുള്ളത്. ഇതിൽ, തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്ന് പറഞ്ഞ സച്ചിദാനന്ദൻ ബി.കെ. ഹരിനാരായണെൻറ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചതെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കേരള ഗാനം ആരുടെതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയിലെ പ്രശ്നങ്ങൾ ചർച്ച നടത്തി പരിഹരിക്കും. ഗാനത്തിനായി പലരോട് ആവശ്യപ്പെട്ടിട്ടുണ്ടാവും. തമ്പി സാറിനോട് അക്കാദമി ആവശ്യപ്പെട്ടുവെന്ന് പറയുന്നു. അതാണ്, ഞാൻ തമ്പി സാറുമായി സംസാരിക്കുക. തമ്പി സാറിനെ സർക്കാർ ചേർത്ത് പിടിക്കുന്നു. ലോകം കണ്ട വലിയ ഗാന രചയിതാവാണ് അദ്ദേഹം. മറുപടി പറയേണ്ട ബാധ്യത മന്ത്രിക്കാണെന്ന് തമ്പി സാർ പറയുന്നു. ആ ബാധ്യതയിൽ നിന്ന് ഒഴിയുന്നില്ല. ഞാൻ, അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കും. പ്രയാസത്തിന് പരിഹാരം കാണും.
ഇത്, വിവാദമായി കാണേണ്ട. സാംസ്കാരിക വകുപ്പ് മികച്ച പ്രവർത്തനമാണ് നടക്കുന്നത്. അക്കാദമി സെക്രട്ടറിയും പ്രസിഡൻറും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തികം സാംസ്കാരിക സ്ഥാപനങ്ങളുടെ കാര്യത്തിൽ വലിയ വെല്ലുവിളിയല്ല. സാംസ്കാരിക സ്ഥാപനങ്ങൾ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്യണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കലാമണ്ഡലത്തിൽ ഇപ്പോൾ, കുട്ടികളുടെ ട്രൂപ്പുണ്ടാക്കി പരിപാടികൾ അവതരിപ്പിക്കുകയാണ്. ഈ രീതിയിൽ എല്ലാ മേഖലകളും മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
കേരള ഗാന വിവാദം: ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ, ഹരിനാരായണെൻറ ഗാനം അംഗീകരിച്ചതായി കെ.സച്ചിദാനന്ദൻ
കോഴിക്കോട്: ശ്രീകുമാരൻ തമ്പി തുടങ്ങി വെച്ച കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളാണുള്ളത്. ഇതിൽ, തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ബി.കെ. ഹരിനാരായണെൻറ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ഹരിനാരായണൻ തന്നെയാണ് ബിജിപാലിെൻറ പേര് നിര്‍ദ്ദേശിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല, ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു.
ഇതിനിടെ, ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പറഞ്ഞു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിെൻറ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അബൂബക്കർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.