റിയാദ്: പുസ്തകമാകാനാണ് ആധുനിക സാങ്കേതിക വിദ്യയും ശ്രമിക്കുന്നതെന്നും, ഓഡിയോ ബുക്കായും മറ്റും അത് അനുവാചകരിലേക്ക് പടരുകയാണെന്നും പ്രമുഖ പ്രസാധകഗ്രൂപ്പായ ഡി.സി ബുക്സിെൻറ മാനേജിങ് ഡയറക്ടർ രവി ഡി.സി. പുതിയ സാങ്കേതിക രൂപങ്ങളിൽ പുസ്തകവും വായനയും സജീവത നിലനിർത്തുകയാണ്. വായന മരിക്കുന്നില്ല. അടുത്ത രണ്ട് പതിറ്റാണ്ട് കൂടി പുസ്തക വായനക്ക് യാതൊരു ഇളക്കവും സംഭവിക്കില്ല. എന്നാൽ സാങ്കേതിക വിദ്യയോടൊപ്പം ജനിച്ചുവീഴുന്ന അടുത്ത തലമുറയിൽ എന്ത് മാറ്റം സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു. കോവിഡ് കാലത്തോടെയാണ് ഓൺലൈൻ വായനക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. കോവിഡാനന്തരം മലയാളികളുടെ വായന ശക്തമായി തിരിച്ചെത്തി. ഓൺലൈൻ വായന തുടരുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ കോവിഡ് കാലം വായനക്ക് വലിയ ഗുണമാണ് നൽകിയത്. രണ്ട് രീതിയിലും വായന സജീവമായി. മുമ്പ് വായിച്ചു മടക്കിയതൊക്കെ ഒന്നുകൂടി വായിക്കാൻ ലോക്ഡൗൺ അവസരം ഒരുക്കുകയാണ് ചെയ്തത്. ക്ലാസിക് എഴുത്തുകാരുടെ പുസ്തകങ്ങൾ വീണ്ടും വായിക്കാനാണ് പുസ്തക പ്രേമികൾ ആ അവസരം ഉപയോഗിച്ചത്. അതുകഴിഞ്ഞപ്പോൾ പുതിയ എഴുത്തുകളിലേക്കും വായനക്കാർ തിരിഞ്ഞു.
പ്രവാസി വായനയും എഴുത്തും നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. ബെന്യാമിനും ഷീല ടോമിയും പ്രവാസത്തിന്റെ സംഭാവനകളാണ്. ഇന്ത്യൻ വായനയിൽ മലയാളം മുന്നിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തുക സമ്മാനമായി നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്ന് തവണയും മലയാളത്തിൽനിന്ന് വിവർത്തനം ചെയ്യപ്പെട്ട കൃതികൾക്കായിരുന്നു. അത് ചെറിയ നേട്ടമല്ല.
കവിതയുടെ ആസ്വാദനം കുറഞ്ഞു വരികയാണ്. പെൻഗിൻ ബുക്സൊക്കെ ഒരു വർഷം രണ്ടോ മൂന്നോ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുേമ്പാൾ ഡി.സി ബുക്സ് മാത്രം വർഷത്തിൽ 20 കവിതാസമാഹാരങ്ങളെങ്കിലും പ്രസിദ്ധീകരിക്കുന്നുണ്ട്. നോവലുകളോടും കഥകളോടുമാണ് വായനക്കാർക്ക് ഇപ്പോൾ പ്രിയം. വൈജ്ഞാനിക സാഹിത്യത്തോടും യാത്ര വിവരണത്തോടും വായനക്കാർക്ക് താൽപര്യം കൂടി വരുന്നുണ്ട്. മലയാള പ്രസാധനരംഗം അത്ര ലാഭകരമെന്ന് പറയാനാവില്ല.
ഷാർജ പുസ്തകോത്സവത്തിന്റെ തലത്തിലേക്ക് റിയാദ് പുസ്തക മേളയിലെ ഇന്ത്യൻ സാന്നിദ്ധ്യം ശക്തിപ്പെടാൻ അൽപ സമയം വേണ്ടിവരും. സൗദിയിലെ പ്രവാസി മലയാളികൾക്കിടയിൽ ഒരു പുസ്തകോത്സവ സംസ്കാരം രൂപപ്പെട്ടുവരേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ എല്ലാ കോണുകളിൽനിന്നുമുണ്ടാവണം. പ്രസാധകർ മാത്രം വിചാരിച്ചാൽ നടക്കില്ല. പ്രവാസി സംഘടനകളുടെയും വായനാപ്രിയരുടെയും ഭാഗത്തുനിന്നുമെല്ലാം സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസിൽ റിംഫ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ട്രഷർ ജലീൽ ആലപ്പുഴ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.