എ. മോഹൻ കുമാർ

അപ്പോൾ ഞാൻ എന്തിന് പ്രചാർമന്ത്രിയുടെ പടം പതിച്ച ചീട്ടുമായി നടക്കണമെന്ന് എ. മോഹൻ കുമാർ

കോവിഡ് വാക്സിൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണ​മായേക്കാമെന്ന നിർമ്മാണ കമ്പനിയുടെ വെളിപ്പെടുത്തൽ ചർച്ചയായ സാഹചര്യത്തിൽ ആധുനിക വൈദ്യ ചികിത്സകരും കോവിഡ് പ്രതിരോധ കുത്തിവെപ്പും എന്ന തലവാചകത്തിൽ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ എ. മോഹൻ കുമാർ എഴുതിയ കുറിപ്പ് വൈറലാകുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹൻകു​മാർ തന്റെ ചിന്തകൾ പങ്കുവെച്ചത്.

കുറിപ്പ് പൂർണരൂപത്തിൽ:

ആധുനികവൈദ്യ ചികിത്സകരും കോവിഡ് പ്രതിരോധ കുത്തിവയ്പും

സത്യത്തിൽ മരണത്തെ ഭയന്നല്ല ഞാൻ വാക്സിൻ എടുക്കാതിരുന്നത്. കോവിഡ് സ്ഥിരീകരിക്കും മുമ്പുതന്നെ പുനെവാല , അമേരിക്കയിൽ നിന്നും കോടിക്കണക്കിന് വാക്സിൻ വയലുകൾ (vials ) ഇറക്കുമതി ചെയ്ത വാർത്ത വന്നിരുന്നു. പുരപ്പുറത്തു കയറി, പാത്രം മുട്ടി , 'go covid' മന്ത്രം ഉരുവിട്ട പ്രചാർ മന്ത്രി തന്നെ ആദ്യ ഡോസ് പരസ്യമായി ഏറ്റുവാങ്ങി, പ്രചരണ പരിപാടി ഉദ്ഘാടനം നടത്തി. ട്രയലുകളുടെ ഫലം വരും മുമ്പു തന്നെ ICMR അനുമതി കൊടുത്തു. രാജ്യത്ത് 'കർഫ്യൂ' നടപ്പിലാക്കി പാവങ്ങളെ കഷ്ടത്തിലാക്കി.

ആദ്യം ഭയപ്പാടോടെ, പി.പി. ഇ കിറ്റ് എന്ന പ്ലാസ്റ്റിക് സഞ്ചിയിൽ ഒളിച്ച്, രോഗികളിൽ നിന്നും അകലെ നിന്ന് ചികിൽസ നിർദ്ദേശിച്ച ഭിഷഗ്വരന്മാർ, തങ്ങൾ പഠിക്കാത്ത രോഗത്തിന്, തങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത രാസപദാർത്ഥങ്ങൾ, ശാസ്ത്രീയതയുടെ മേലങ്കിയിൽ വാരിയെറിഞ്ഞു തീറ്റിയത് ശരിയല്ല എന്നു തോന്നി.

മറ്റു വിഭാഗങ്ങൾ ചികിത്സിക്കുന്നതു് തങ്ങൾക്ക് അപമാനമുണ്ടാക്കുമെന്ന് സ്വയം കരുതി ,ഇതര ചികിത്സാസമ്പ്രദായങ്ങൾക്കെതിരായി , 'ശാസ്ത്രകാരന്മാർ 'ഒന്നിച്ച് , ശക്തമായി ആക്രമണം അഴിച്ചു വിട്ടു. ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പഠിച്ച് , ഫലപ്രദം എന്നു കണ്ടു ചികിത്സിച്ച ഡോ.ബിജുവിനെ ജീവനോടെ പൊരിക്കാനുള്ള ഊർജ്ജ ശേഖരണത്തിലായി ആധുനികർ.! മാത്രവുമല്ല; ബിജു കൊടുക്കുന്ന ആർസനിക്ക് ആൽബ് 30 m ഉം 200 m ഉം എന്നതിൽ മരുന്നിന്റെ അംശമേ കണ്ടെത്താൻ മെഡിക്കൽ ലാബറട്ടറിയിലെ പരിശോധനയിൽ കഴിഞ്ഞില്ല എന്നും അഥവാ രോഗം ഭേദമായെങ്കിൽ തന്നെ അതു് പ്ലാസിബോ ഇഫക്ട് ആണ് എന്നും തട്ടിവിട്ടു. ജനങ്ങളും മറ്റു ഭിഷഗ്വര കുടുംബാംഗങ്ങൾ തന്നെയും ഹോമിയോ ഡോക്ടറുടെ മുന്നിൽ ക്യൂ നിൽക്കുന്നതു കണ്ട് വിറളി പിടിച്ചവർ, അപ്പോൾ വിളിച്ചു കൂവി, 'ആർസനിക്ക് ആൽബ് ' ഉഗ്രവിഷമാണെന്നും ഘനാഘന ലോഹമാണെന്നും കഴിച്ചാൽ കിഡ്നിയും കരളും അടിച്ചു പോകും എന്നും !.

കോവിഡ്കാലത്ത് ആധുനികർ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയതു് കോവിഡിനെ എങ്ങിനെ പ്രതിരോധിക്കാം എന്നല്ല ; മറ്റു ചികിത്സകളെ എങ്ങനെ തരം താഴ്ത്തി കാണിക്കാം എന്നതിലായിരുന്നു. " നായ്ക്കൾ തിന്നുകയുമില്ല; പശുവിനെ തിന്നാൻ അനുവദിക്കുകയുമില്ല" എന്ന രീതി ആധുനികരുടെ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിലെങ്കിലും ഭംഗിയായി നടപ്പിലാക്കി. !

ആയുർവ്വേദ വിശാരദന്മാരായ ബി.എ.എം.എസുകാരും തങ്ങളുടെ വീര്യം ഇടക്കിടെ പ്രകടിപ്പിക്കാതിരുന്നില്ല. നാട്ടുവൈദ്യർ, പാരമ്പര്യക്കാർ, മുത്തശ്ശി വൈദ്യക്കാർ, സിദ്ധ വൈദ്യന്മാർ, യുനാനിക്കാർ തുടങ്ങിയവരുടെ ചുക്കു വെള്ളം ജീരകവെള്ളം എന്നിവ പോയിട്ട് ചൂടുവെള്ളം പോലും കുടിച്ചു പോകരുതു് എന്ന് പരാതി എഴുതി ഒപ്പു ചാർത്തി ബഹു: ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും അയപ്പിച്ചു.

ആരോഗ്യ മന്ത്രി കുറച്ചു കാലത്തേക്ക് ആഭ്യന്തരന്റെ വേഷമണിയുകയും 'ശാസ്ത്രീയത നീണാൾ വാഴ്ക' എന്ന മുഖ്യമന്ത്രം ഏറ്റുപറയാത്തവരുടെ ചന്തിക്ക് ചുട്ട ചൂരൽ പ്രയോഗത്തിന് ആജ്ഞാപിക്കുകയും അതു നടപ്പിലാക്കുന്ന കമന്റോകളുടെ പ്രകടനംകണ്ടു രസിക്കുകയും ഉണ്ടായി. അപ്പോഴേക്കും പ്രചാരമന്തിയുടെ ചാർത്തിന്റെ പിൻബലത്തിൽ അച്ചു കുത്ത് ശുരൂ ഹോഗയാ ! ആർപ്പോ .....ഹൂർ ! എന്ന് ശാസ്ത്രീയക്കാർ, തനി യുക്തിവാദിയന്മാർ !

അച്ചുകുത്തു തുടങ്ങി , കുഴഞ്ഞുവീണുമരിക്കൽ സാധാരണ സംഭവം. പരിയാരത്തെ ദന്തവൈദ്യവിദ്യാർത്ഥിനി, ഷിമോഗയിലെ സർക്കാർ ഡോക്ടർ .... നിരവധി പാരാമെഡിക്കുകൾ തുടങ്ങി നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരും മദ്ധ്യ വസ്ക്കരും കുഴഞ്ഞുവീണു മരിച്ചു കൊണ്ടേ ഇരുന്നു. പലർക്കും പക്ഷാഘാതമുണ്ടായി. മരുന്നിന്റെ പേരിൽ കുത്തിവച്ച രോഗബീജാംശം ശരീരത്തിൽ ഏതെല്ലാം തരത്തിൽ പ്രവർത്തിക്കും എന്ന് കുത്തിവയ്പിനുവേണ്ടി ഓശാന പാടിയവർക്ക് പിടിയുണ്ടായിരുന്നില്ല.അച്ചുകുത്തു മരുന്നിന്റെ ഫലത്തിൽ സംശയം കലർന്നപ്പോൾ കുത്തിവച്ചവരുടെ എല്ലാം കയ്യിൽ വാക്സിൻ ഐഡന്റിറ്റി ഉണ്ടാവണം എന്ന തിട്ടൂരം . മറ്റെല്ലാ ഐ.ഡി. പ്രൂഫുകളും വ്യാജമല്ലാതിരിക്കുന്നത് , അത് കൊണ്ടു നടക്കുന്നവരുടെ സ്വന്തം മുഖത്തല പതിഞ്ഞിരിക്കുന്നതിനാലാണ്. എന്നാൽ അച്ചുകുത്ത് സർട്ടിഫിക്കേറ്റിൽ മി.സത്യശീലന്റെ തലയേ ഉണ്ടാകാവു.! മറ്റു പൗരാവലിയെല്ലാം വ്യാജ മുഖത്തലയന്മാരും തലച്ചികളും ! ച് പോ എന്ന് ഒരു മുറുമുറുപ്പു പോലും ഇല്ലാതെ ഇന്നും ആ കാർഡും ചുമന്ന് ആബാലവൃദ്ധം ഇന്ത്യാക്കാരും നടക്കുന്നു.

കൂട്ടിയിട്ടു കത്തിച്ച ശവങ്ങളുടെ കൂട്ടത്തിൽ ജീവൻ തുടിക്കുന്നവ ഉണ്ടായിരുന്നോ എന്ന് ആരറിയുന്നു ? മനുഷ്യവംശത്തെ പുതിയ രണ്ടു വർഗ്ഗങ്ങൾ മാത്രമായി വിഭജിക്കുന്നു - കോവിഡ് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് . പക്ഷെ രണ്ടായാലും വാക്സിൻ നിർബ്ബന്ധം.! ആരോഗ്യമുള്ളവർ വാക്സിനെടുത്ത് പുറത്തിറങ്ങുമ്പോഴേക്കും കുഴഞ്ഞു വീഴുന്നു. അത് വാക്സിൻ പ്രശ്നമല്ല.;കോ മോർ ബിഡിറ്റി കാരണമാണ് ! ശാസ്ത്രമാത്രപക്ഷക്കാർ വാദിച്ചു. ഒരു പോസ്റ്റുമോർട്ടം പോലും ചെയ്യാതെ എത്ര വേഗമാണ് വാക്സിൻ പ്രശ്നമുണ്ടാക്കില്ല എന്ന വാദഗതികളുമായി ആധുനികർ ചാടി വീഴുന്നതു്!

ആദ്യ വാക്സിൻ ഇറക്കുമ്പോൾ തന്നെ നാലായിരത്തിലധികം വൈറസ് വേരിയന്റുകൾ ഇറങ്ങി കഴിഞ്ഞിരുന്നു.! ആഗോളതാപനം എന്ന യാഥാർത്ഥ്യം 40-50 വർഷം മുമ്പുതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നു വായിച്ച ഒരു പഠനത്തിൽ കണ്ടത്., ഒരു ഡിഗ്രി സെൽഷ്യ ഴ്സ് ശരാശരി താപവർദ്ധനവുണ്ടാകുമ്പോൾ അന്തരീക്ഷത്തിലെ സൂക്ഷ്മ ജീവികളുടെ പത്തു ശതമാനം നശിക്കും എന്നായിരുന്നു. അവയിൽ ഒന്ന് സസ്യങ്ങൾക്ക് നൈട്രജൻ പ്രദാനം ചെയ്യാൻ സഹായിക്കുന്ന ബാക്ടീരിയ ആയാലോ? അതുപോലെ മറ്റു മൂലകങ്ങൾ നൽകുവാനുതകുന്നവ ആയാലോ?

അന്നത്തെ പഠനങ്ങളിൽ സൂക്ഷ്മ ജീവികളുടെ നിമിഷാർദ്ധത്തിലുള്ള വംശവർദ്ധനക്ഷമതയെ കുറിച്ചോ അവയുടെ മ്യൂട്ടേഷനെയോ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. ഏതെങ്കിലും ഒരു സൂക്ഷ്മ ജീവിയുടെ ക്രമാതീതമായ പെരുകലും അവയുടെ സ്വഭാവത്തിന്റെ മാറ്റവും എങ്ങനെ ആയിരിക്കുമെന്നോ ഉള്ള കാര്യത്തിൽ നമുക്കിനിയും വേണ്ടത്ര അറിവ് കൈവന്നിട്ടില്ല. അന്തരീക്ഷതാപമാനം കൂടി കൂടി വരുമ്പോൾ ഇനിയും പുതിയ സൂക്ഷ്മാണുക്കൾ ഉണ്ടായേക്കും. അവ ഭൂമുഖത്തെ

ജന്തു-സസ്യജാലങ്ങളെ രോഗഗ്രസ്ഥമാക്കിയേക്കാം. പുതിയ കച്ചവടക്കാർ , പുതു ചരക്കുകൾ വിറ്റഴിക്കാൻ , പുതിയ ഭരണകൂടങ്ങളുമായി ചങ്ങാത്തം കൂടിയേക്കാം. മഹാമാരിയും വരൾച്ചയും പ്രളയവും യുദ്ധവുമെല്ലാം ഇവർക്ക് ലാഭം കുന്നു കൂട്ടാൻ ഉള്ള സന്ദർഭങ്ങളായി ഉപയോഗപ്പെടുത്താനറിയാം. സഞ്ചാരസ്വാതന്ത്ര്യം , വിയോജിപ്പുകൾ പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം , എന്തു കഴിക്കണം കുടിക്കണം, ഏതു ചികിത്സ നടത്തണം (അഥവാ ചികിത്സ തന്നെ നടത്താതിരിക്കുവാനുള്ള വ്യക്തിയുടെ അവകാശം ) ഇവയ്ക്കെല്ലാം കൂച്ചുവിലങ്ങിട്ട് ഭരണാധികാരികൾ കച്ചവട ഭീമന്മാർക്ക് ഒത്താശ ചെയ്തു കൊണ്ടിരിക്കും. വിനീത വിധേയരായവർ എന്തിനും വഴങ്ങും. നുണകളുടെ പെരുമഴയിൽ തീരുമാനം എടുക്കാനുള്ള വ്യക്തിയുടെ ശേഷി കൈമോശം വരുന്നതാണ് ഇവരുടെ വിജയ രഹസ്യം. പരാന്നഭോജികളുടെ ഐക്യമുന്നണിയിൽ ചേരാതിരിക്കാനെങ്കിലും സമൂഹത്തിൽ കുറച്ചുപേർ ഉണ്ടായില്ലെങ്കിൽ, ഇരുൾ എല്ലായിടവും വ്യാപിക്കും. ഒരു തീപ്പെട്ടിക്കൊള്ളിയെങ്കിലും സൂക്ഷിച്ചുവയ്ക്കാം. നുണകളുടെ പുകമറയിൽ ഭാവിലോകം മൂടാതിരിക്കട്ടെ . അപ്പോൾ ഞാൻ എന്തിന് പ്രചാർമന്ത്രിയുടെ പടം പതിച്ച ചീട്ടു മായി നടക്കണം ?

മെയ് ദിനാശംസകളോടെ, എ. മോഹൻ കുമാർ . 2024.

Tags:    
News Summary - Mohan Kumar Article against Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.