തിരൂർ: എം.ടിയുടെ ഭാഷയുടെ ധ്വനി വരുംയുഗങ്ങളിലും മുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന് കവി വി. മധുസൂദനൻ നായർ. സാദരം എം.ടി ഉത്സവത്തിൽ നടന്ന ‘അറിയുന്ന എം.ടി, അറിയേണ്ട എം.ടി’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളോട് സംവദിക്കാനെത്തിയ എം.ടി ഒന്ന് ചിന്തിക്കാൻ പോലും സമയമെടുക്കാതെ ബോർഡിൽ എഴുതിയതും ആ വരികൾ സംസ്ഥാന സർക്കാർ ഔദ്യോഗിക ഭാഷ പ്രതിജ്ഞയായി പ്രഖ്യാപിച്ചതും വി. മധുസൂദനൻ നായർ വിവരിച്ചു.
‘‘മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര് വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍തന്നെയാണ്’’ -വി. മധുസൂദനൻ നായർ ഡയറക്ടറായ മലയാളം പള്ളിക്കൂടത്തിലെ കുട്ടികള്‍ക്കായി എം.ടി എഴുതി നല്‍കിയതാണ് ഈ പ്രതിജ്ഞ. ഇത് ഭാഷ പ്രതിജ്ഞയായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ താനുൾപ്പെടെയുള്ളവർ സമീപിക്കുകയും സർക്കാർ ഔദ്യോഗിക ഭാഷ പ്രതിജ്ഞയായി പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് മധുസൂദനൻ നായർ പറഞ്ഞു.
വള്ളത്തോൾ കലാമണ്ഡലം ഉണ്ടാക്കിയതു പോലെയാണ് എം.ടി തുഞ്ചൻപറമ്പ് വികസിപ്പിച്ചതെന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞു. എം.ടി നോവലിലെ യാഥാർഥ്യങ്ങൾ രാജ്യത്തിന്റെ യാഥാർഥ്യമാകുന്നുവെന്നും ഒരുപാട് കഥാകൃത്തുക്കളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചുവെന്നും കവിയും അഭിനേതാവുമായ ബാലചന്ദ്രന് ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. കൂടല്ലൂർ ഗ്രാമമാണ് എം.ടിയെ നിർമിച്ചെടുത്തത്. മലയാളത്തിന് ലഭിച്ച വിജയസ്തംഭമാണ് എം.ടിയെന്നും മലയാളിയെ ഭാഷയോടും സംസ്കാരത്തോടും അദ്ദേഹത്തിന് അടുപ്പിക്കാൻ കഴിഞ്ഞുവെന്നും നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന് പറഞ്ഞു. സെമിനാറിൽ ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു. വേണുഗോപാല്‍ കൊല്‍ക്കത്ത സ്വാഗതവും രാജേന്ദ്രന് വഴുതക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.