കണ്ണൂർ: ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായി പ്രതിസന്ധികളോട് പോരടിച്ച് കഥകൾ രചിച്ച് വിടവാങ്ങിയ കുഞ്ഞു എഴുത്തുകാരൻ മുഹമ്മദ് ഡാനിഷ് ബാക്കിവെച്ച നോവൽ ‘പറവകൾ’ വായനക്കാരിലേക്ക്. കാഞ്ഞിരോട് അൽഹുദ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ നോവൽ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു. മുഹമ്മദ് ഡാനിഷ് ആഗ്രഹിച്ചപോലെ കുട്ടികൾ പുസ്തക വായനയുടെ ലോകത്തിലൂടെ വളർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. ഡാനിഷിന്റെ മാതാപിതാക്കൾക്ക് ഉപഹാരം നൽകി അദ്ദേഹം ആദരിച്ചു.
കേരള സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ആസിം വെളിമണ്ണ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഡാനിഷ് മരിക്കുമ്പോൾ പാതി പൂർത്തിയായ നോവൽ മാതാപിതാക്കളുടെ സഹായത്തോടെ ചെറുകഥാകൃത്ത് നജീബ് കാഞ്ഞിരോടാണ് പൂർത്തിയാക്കിയത്. പായൽ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചടങ്ങിൽ കാഞ്ഞിരോട് ഇസ് ലാമിയ ട്രസ്റ്റ് ചെയർമാൻ അഹ്മദ് പാറക്കൽ അധ്യക്ഷത വഹിച്ചു. ബാവ മാസ്റ്റർ സംവിധാനം ചെയ്ത ‘ദാനിഷ് ഒരു ഓർമ പുസ്തകം’ ഡോക്യുമെന്ററി മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനീഷ സ്വിച്ച് ഓൺ ചെയ്തു. കണ്ണൂർ നോർത്ത് ഉപജില്ല കലോത്സവങ്ങളിൽ ഉന്നത വിജയം നേടിയ അൽഹുദ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗോപിനാഥ് മുതുകാട് മെമന്റോ നൽകി.
അൽ ഹുദ സ്കൂൾ മാനേജർ സി. അഹ്മദ്, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി മുഷ്താഖ് അഹ്മദ്, കാഞ്ഞിരോട് ഇസ് ലാമിയ ട്രസ്റ്റ് രക്ഷാധികാരി വി.പി. അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ ടി. അഹ്മദ്, സി.കെ. ബഷീർ ഹാജി, അബ്ദുറഹ്മാൻ മുൻഷി എന്നിവർ മെമന്റോ കൈമാറി.
പഞ്ചായത്ത് അംഗങ്ങളായ പി. അഷ്റഫ്, ഇ.കെ. ചാന്ദിനി, എച്ച്.എം ഫോറം സെക്രട്ടറി മഹേഷ് ചെറിയാണ്ടി, കാഞ്ഞിരോട് മഹല്ല് പ്രസിഡന്റ് കെ. നസീർ ഹാജി, പടന്നോട്ട് മഹല്ല് പ്രസിഡന്റ് പി.സി. അബ്ദുൽ ലത്തീഫ്, ആർ.ജെ. മുസാഫിർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇസ്മായിൽ പൈങ്ങോട്ടായി സ്വാഗതവും പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ് ലാമി ചക്കരക്കല്ല് ഏരിയ പ്രസിഡന്റ് സലാം, വനിത ഏരിയ കൺവീനർ പി. ശാക്കിറ, ബെസ്റ്റ് ഇംഗ്ലീഷ് സ്കൂൾ പ്രധാനാധ്യാപിക ഗീത, കാഞ്ഞിരോട് ഇസ് ലാമിയ ട്രസ്റ്റ് വൈസ് ചെയർമാൻ പി.പി. അബ്ദുൽ സത്താർ, സിജി കണ്ണൂർ ചാപ്റ്റർ പ്രസിഡന്റ് നസീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.