മുകുന്ദൻ പറയുന്നു


ഒറ്റപ്പെട്ട അവസ്ഥയിൽ അവനവനെ തിരിച്ചറിയാനാവാത്ത അറുപതുകളിലെ ‘അന്യതാബോധ’ കാലത്താണ് എം. മുകുന്ദൻ എഴുതിത്തുടങ്ങിയത്. ഇപ്പോൾ സാഹിത്യ ചർച്ചകൾ ‘ട്രാൻസ് റിയലിസത്തിലേക്ക്’ നീങ്ങിയ കാലത്ത് എല്ലാ സാഹിത്യ പ്രവണതകളെയും അതിശയിപ്പിക്കുന്ന സ്വന്തം ആഖ്യാനശൈലിയിലൂടെ തരംഗമായി മാറിയിരിക്കുകയാണ് എം. മുകുന്ദന്റെ ‘നിങ്ങൾ’ എന്ന നോവൽ. മാഹിയിൽ വെറും മുകുന്ദനായിരുന്ന താൻ ഡൽഹിയിൽ എത്തിയപ്പോഴാണ് മനുഷ്യനായതെന്ന് അദ്ദേഹം പറയാറുണ്ട്. ഇന്ന് കേരളത്തിലുള്ളത് ഹിന്ദുവും മുസ്‍ലിമും ക്രിസ്ത്യാനികളുമാണെന്നും കേരളത്തിന് വെളിയിൽ പ്രവാസലോകത്താണ് യഥാർഥ മലയാളികളെ കാണാൻ കഴിയുന്നതെന്നും പറയുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം. മുകുന്ദൻ സംസാരിക്കുന്നു...

ഒത്തുതീർപ്പിന്റെ വഴി

എഴുത്തുകാർ മുമ്പെന്നപോലെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാത്തതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. പ്രതികരിച്ചാൽ ഭീഷണിയായി, അവഹേളനങ്ങളായി. എഴുത്തുകാരെ അത് അസ്വസ്ഥരാക്കും. അവരുടെ സർഗാത്മക പ്രവർത്തനത്തെ സാരമായി ബാധിക്കും. ‘നിങ്ങൾ’ എന്ന എന്റെ പുതിയ നോവലിൽ ഇതേക്കുറിച്ച് പറയുന്നുണ്ട്.

പൊതുവെ ഒത്തുതീർപ്പിന്റെ ഒരു വഴിയാണ് ഇന്ന് ഭൂരിഭാഗം എഴുത്തുകാരും സ്വീകരിക്കുന്നത്. പുസ്തകങ്ങൾ ധാരാളമായി വിറ്റുപോകുന്നുണ്ട്. ഒരുപാട് വായനക്കാരുണ്ട്. ധാരാളം പുരസ്കാരങ്ങളുണ്ട്. അപ്പോൾ എന്തിന് വെറുതെ സാമൂഹിക വിമർശനം നടത്തി വയ്യാവേലി തലയിലേറ്റി വെക്കുന്നു. ഈയൊരു നിലപാടാണ് ഭൂരിഭാഗം എഴുത്തുകാരും സ്വീകരിക്കുന്നത്. ‘മീശ’ പോലുള്ള ഒരു നോവലെഴുതാൻ എസ്. ഹരീഷിനെപ്പോലുള്ള എഴുത്തുകാർ ഉണ്ട് എന്നത് പ്രത്യാശ നൽകുന്നു.

സ്ത്രീകൾതന്നെ അവരെക്കുറിച്ചെഴുതട്ടെ

ആ​െണന്തെഴുതിയാലും അതിൽ അശ്ലീലമില്ല. പെണ്ണ് വല്ലതും എഴുതിയാൽ അത് അശ്ലീലമാണെന്ന് മുറവിളികൂട്ടുന്നു. ഇതൊരു സ്ത്രീവിരുദ്ധ കാഴ്ചപ്പാടാണ്. ഇനിവരുന്നത് പെണ്ണിന്റെ കാലമാണ്. സമൂഹത്തിന്റെ സർവ മേഖലകളിലും ശക്തമായ സ്ത്രീസാന്നിധ്യം കാണാം. ഇനി സ്ത്രീശരീരത്തെക്കുറിച്ച് അവൾ തന്നെ എഴുതും. അതിനുവേണ്ടി ഏതറ്റംവരെയും അവൾ പോകും. മുന്നിൽ മാതൃകയായി ഈ വർഷത്തെ നൊ​േബൽ സമ്മാനിതയായ ആനി എർനോവുണ്ട്. ഗർഭച്ഛിദ്രത്തിനു നിയമപരമായി വിലക്കുള്ള കാലത്താണ് നിയമം ലംഘിച്ചുകൊണ്ട് അവരത് ചെയ്തത്. സ്ത്രീ അവളുടെ സ്വന്തം ഭരണഘടന എഴുതിക്കൊണ്ടിരിക്കുകയാണ്.

ഹിംസ വളർന്നുവരുന്നു

പൊതുവെ മലയാളികളുടെ ഉള്ളിന്റെയുള്ളിൽ നീതിബോധവും സഹാനുഭൂതിയുമുണ്ട്. അതുകൊണ്ടാണ് ലോകം ആദരിക്കുന്ന മാതൃകസമൂഹമായി നമ്മൾ വളർന്നത്. പക്ഷേ, എന്തുകൊണ്ടോ നമുക്കെല്ലാം നഷ്ടപ്പെടുകയാണ്. ഹിംസ വളരുന്നു. ആർക്കും മൂല്യങ്ങളിൽ വിശ്വാസമില്ല. ആസക്തികൾ മാത്രമേ നമുക്കിന്നുള്ളൂ. എഴുത്തുകാർ ഇത്തരം വിഷയങ്ങളെക്കുറിച്ച് എഴുതണം. എന്നാൽ, അതുമാത്രം പോരാ. മറ്റൊരു നവോത്ഥാനത്തിന് സമയമായിരിക്കുന്നു. പക്ഷേ, ആരുണ്ട് ഇനിയൊരു നവോത്ഥാനത്തെ നയിക്കാൻ ? മുന്നിൽ നടന്ന് വഴികാട്ടാനായി ഇന്നാരുമില്ല. നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തം അതാണ്.

എഴുത്തിൽ സമൂഹമുണ്ടാകണം

എഴുത്തിൽ സമൂഹത്തിന്റെ ആധികൾ പ്രതിഫലിക്കണം. അത്തരം പുസ്തകങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ. പക്ഷേ, ഇന്ന് എഴുത്ത് ഒരു മാർക്കറ്റ് ഉൽപന്നമായി മാറിത്തുടങ്ങി. തത്ത്വചിന്തകളോ പ്രത്യയശാസ്ത്രങ്ങളോ അല്ല വിപണിയാണ് എഴുത്തുകാരെ പ്രചോദിപ്പിക്കുന്നത്. വെർച്വൽ പ്ലാറ്റ്ഫോമുകളും സമൂഹമാധ്യമങ്ങളും ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. എഴുത്തുകാരൻ അവനവനുവേണ്ടി തന്നെയാണ് എഴുതുന്നത്. പക്ഷേ, അങ്ങനെ എഴുതുമ്പോഴും അവരുടെ രചനകളിൽ സമൂഹമുണ്ടാകണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതി അതിൽ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നവരായിരിക്കണം പുതിയ കാല എഴുത്തുകാർ.

രാഷ്ട്രീയവും സാഹിത്യവും സമന്വയിക്കുമ്പോഴാണ് സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. രാഷ്ട്രീയ വേദികൾക്കുപുറത്തുനിന്ന് എഴുത്തുകാർക്ക് സാമൂഹിക പുരോഗതി സ്വപ്നം കാണാൻ കഴിയുകയില്ല. എഴുത്തുകാർക്ക് രാഷ്ട്രീയപാർട്ടികൾ ആവശ്യമില്ലായിരിക്കാം. പക്ഷേ രാഷ്ട്രീയം വേണം.

എഴുത്തിൽ പോരാട്ടവീര്യം വേണം

അരുന്ധതി റോയിയെപ്പോലെ ഒരു എഴുത്തുകാരി നമ്മുടെ രാജ്യത്ത് വേറെയില്ല. കേരളത്തിൽ പോരാട്ടവീര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരേയൊരു എഴുത്തുകാരി സാറാ ജോസഫാണ്. പുതിയ എഴുത്തുകാർക്കിടയിൽ മാധവിക്കുട്ടിയെ പിന്തുടരാൻ ശ്രമിക്കുന്നവരുണ്ട്. പക്ഷേ, സാറാ ജോസഫിനെ പിന്തുടരുന്നവരെ കാണാനില്ല. അരുന്ധതിറോയിമാരും സാറാജോസഫുമാരും ഉണ്ടെങ്കിൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ. പ്രഫ. സുകുമാർ അഴീക്കോടിന്റെ അഭാവം വരുത്തിയ ശൂന്യത ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ട്. അവിടേക്ക് കടന്നുചെല്ലാൻ ആർക്കും കഴിയുന്നില്ല. അഴീക്കോടിന് പകരം വെക്കുവാൻ മറ്റൊരാളില്ലെന്നതാണ് വാസ്തവം.

ജനാധിപത്യപരമായി പ്രതിരോധിക്കണം

ലോകം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, ആഗോളതാപനവും മൂലധന സാമ്രാജ്യത്വത്തിന്റെ പിടിമുറുക്കലുമാണ്. ഇന്ത്യയിൽ നമുക്ക് ഇനിയും രണ്ട് ആധികൾ കൂടിയുണ്ട്. ജനാധിപത്യ വിധ്വംസനവും വൈവിധ്യ നിരാസവുമാണവ. ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം എന്നതാണ് ഇന്നത്തെ ഭരണാധികാരികളുടെ രാഷ്ട്രീയ സങ്കൽപം. ആന്തരികമായ വിയോജിപ്പുകൾ കാരണം നമുക്കിതിനെയൊന്നും ജനാധിപത്യപരമായി പ്രതിരോധിക്കാൻ കഴിയുന്നില്ല. ഇങ്ങനെ തുടർന്നാൽ ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതാകും.

നിങ്ങളെപ്പറ്റി

‘നിങ്ങളി’ൽ ദയാവധം എന്ന പുതിയൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. രാജ്യം ഇന്നഭിമുഖീകരിക്കുന്ന ചില രാഷ്ട്രീയ സമസ്യകളാണ് ഇതെഴുതുവാൻ പ്രേരിപ്പിച്ചത്. നോവൽ പുസ്തകരൂപത്തിൽ ഇറങ്ങട്ടെ. അപ്പോൾ നമുക്ക് കൂടുതൽ ചർച്ച ചെയ്യാം.

News Summary - Mukundan says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.