ഇന്ത്യൻ സമൂഹത്തിന് മുമ്പിൽ കാലം തീർത്ത ഭീമാകാരമായൊരു മതിൽക്കെട്ടുണ്ട്. തീവ്രതയുടെയും ഭീകരതയുടെയും കൂർത്ത ദംഷ്ടകളുമായി അതിന് പിറകിൽ ഒരു സാത്താൻ ഒളിച്ചിരിപ്പുണ്ട്. ‘പൂതപ്പാട്ടി’ലെ ‘നങ്ങേലി’യെപ്പോലെ നമ്മുടെ മുന്നിൽ ഏത് നിമിഷവും ചാടിവീഴുമെന്ന് നാം ആശങ്കപ്പെടുന്നു. ഒറ്റ രാത്രികൊണ്ട് രണ്ടായി മാറിയ നമ്മുടെ ഭാഗമായിരുന്ന പാകിസ്താൻ എന്ന രാജ്യത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ചിന്തയിലും സമീപനത്തിലും രാഷ്ട്രീയത്തിലുമെല്ലാം വെറുപ്പും അകലവും സൂക്ഷിക്കുന്ന രണ്ട് ഭൂഖണ്ഡങ്ങളായി നാം മാറി. പെഷവാറും ലാഹോറും കറാച്ചിയും മുസഫറാബാദുമൊക്കെ നമ്മുടെ മനസ്സിൽ വരക്കുന്ന ചിത്രങ്ങൾ അത്ര സുഖകരമല്ല.
മുൻവിധികളുടെയും സങ്കുചിത ബോധങ്ങളുടെയും തടവുകാരായി മാറിയോ നമ്മൾ? മനുഷ്യെൻറ സാർവലൗകികമായ ആശയങ്ങളെയും മൂല്യങ്ങളെയും നിരാകരിക്കുകയും വിഭജനത്തിെൻറ മതിലുകൾ കനപ്പിക്കുകയും ചെയ്യുകയാണോ നാം? ഇത്തരം ചോദ്യങ്ങൾ ഉയർത്തുകയും രാഷ്ട്രീയവും സാമൂഹികവുമായ സമസ്യകൾക്ക് ഉത്തരം കാണാൻ ശ്രമിക്കുകയാണ് ‘അതിർത്തിയിലെ മുൻതഹാ മരങ്ങൾ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിലൂടെ മുതിർന്ന പത്രപ്രവർത്തകനായ എ. റശീദുദ്ദീൻ.
അതിർത്തിക്കപ്പുറത്തുള്ളവർക്കുമുണ്ട് കടുത്ത ചിന്തകളും അസഹിഷ്ണുതകളും. ഇന്ത്യയെ ഒരിക്കലും മനസ്സിലുൾക്കൊള്ളാൻ കഴിയാത്തവർ തൊട്ട് കലകൾക്കും സംഗീതത്തിനും അൽപം ഇടം കൊടുക്കുന്നവർ വരെയുണ്ട് പാക് സമൂഹത്തിൽ. ഇന്ത്യൻ ക്രിക്കറ്റിനെയും സിനിമയെയും ഏറെ ഇഷ്ടപ്പെടുന്നവരാണവർ. ‘ചേരി തിരിഞ്ഞ് കഴിയുന്ന ഇരു രാജ്യങ്ങളിലെയും ജനതക്ക് അജ്ഞാതമായ, അറിഞ്ഞാലും അംഗീകരിക്കാൻ തയാറല്ലാത്ത പലതരം ഭൗതിക സത്യങ്ങളുടെയും ബന്ധനസ്ഥരാണെ’ന്ന ഗ്രന്ഥകാരെൻറ നിരീക്ഷണം കൃത്യമാണ്. ബ്രിട്ടീഷ് അധിനിവേശത്തിെൻറ ഫലമായി സംഭവിച്ച ചരിത്രപരമായ ഈ അകൽച്ചകളെ വിളക്കിച്ചേർക്കാനല്ല, രാഷ്ട്രീയമായി ‘ഉപയോഗ’പ്പെടുത്താനായിരുന്നു ഭരണാധികാരികൾ ശ്രമിച്ചത്.
ഉഭയകക്ഷി ശാത്രവത്തെ പെരുപ്പിച്ച് അതിനെതിരെ നിഴൽയുദ്ധം നടത്തുന്ന പലതും തെരഞ്ഞെടുപ്പ് കാലങ്ങളിൽ പ്രത്യേകിച്ചും നാം കാണാറുള്ളതാണ്. ‘ഡൽഹിയിലും ഇസ്ലാമാബാദിലും പ്രതിസന്ധികൾ വരുമ്പോൾ കശ്മീരിലും അതിർത്തികളിലുമത് പ്രതിഫലിക്കു’മെന്ന് കുൽദീപ് നയാർ എഴുതിയത് ഓർക്കുക. ഇരു ജനതക്കും പ്രിയങ്കരമായ പലതും രണ്ട് രാജ്യങ്ങളിലുമുണ്ട്. എന്നാൽ രാജ്യം വിഭജിച്ചപ്പോൾ ഹൃദയം കൂടി മുറിച്ചുമാറ്റേണ്ടി വന്നു. അതിനാൽ പുണ്യഭൂമികളും ചരിത്രപുരുഷന്മാരുടെ ജന്മനാടുമൊക്ക അക്കരെയും ഇക്കരെയുമായി മാറി. ഭഗത് സിങ് തൊട്ട് പരമശിവൻ വരെ.
അദ്വാനിയും പർവേശ് മുശർറഫും തഥൈവ. വിഭജനത്തിൽ ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടി വന്ന പ്രദേശങ്ങളായിരുന്നു പഞ്ചാബും കശ്മീരും. സ്വാതന്ത്ര്യാനന്തരവും പതിറ്റാണ്ടുകൾ നിലക്കാത്ത വെടിയൊച്ചകളും രാഷ്ട്രീയ കുതൂഹലങ്ങളും ഒരു സ്വതന്ത്ര പത്രപ്രവർത്തകെൻറ സത്യസന്ധതയോടെയും അന്വേഷണ മികവോടെയും റശീദുദ്ദീൻ വിശകലനം ചെയ്യുന്നുണ്ട്. സാംസ്കാരികമായും ഭാഷാപരമായും സമാനതകൾ ഏറെയുള്ള രണ്ട് രാജ്യങ്ങളിലും സംഘർഷ സ്ഥലികളും കൂടുതലാണ്.
ചോരച്ചാലുകൾ, സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, പട്ടാള ഭരണത്തിെൻറ സ്വേഛാധിപത്യ പ്രവണതകൾ, ബേനസീർ വധമടക്കം പാകിസ്താൻ അനുഭവിച്ച എല്ലാ പ്രശ്ന സങ്കീർണതകളിലേക്കും മുൻവിധികളില്ലാതെ കടന്നുചെല്ലുകയാണ് ലേഖകൻ. ലാഹോറിലും കറാച്ചിയിലും പെഷവാറിലും മുസഫറാബാദിലും സഞ്ചരിച്ചു നേടിയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട വരികളാണ് ഓരോന്നും. ഗോത്രവർഗ സംസ്കാരത്തിെൻറയും ഫ്യൂഡൽ ജന്മിത്ത്വത്തിെൻറയും അമേരിക്കൻ രാഷ്ട്രീയ വിധേയത്വത്തിെൻറയും പിടിയിലമർന്ന പാക് രാഷ്ട്രീയ സാമൂഹിക മേഖലകൾ തിരികെ വരാൻ പറ്റാത്ത പതനത്തിലേക്ക് നീങ്ങുകയായിരുന്നു.
എന്നാൽ ആ നാടിെൻറ വലിയൊരു ഭാഗമായ സാധാരണ ജനങ്ങൾ വലിയ പ്രതീക്ഷയായി അദ്ദേഹം രേഖപ്പെടുത്തുന്നു. അധ്വാനശീലരും സ്നേഹാദരവുകൾ നൽകാൻ മത്സരിക്കുന്നവരും അതിഥികളെ നന്നായി സൽക്കരിക്കുന്നവരുമാണ്. ‘പോയവർക്ക് മാത്രം തിരിച്ചറിയുന്ന രാജ്യമാണ് പാകിസ്താൻ. മനോഹരമായ രാജ്യം. നമ്മുടെ രാജ്യത്തുള്ള എല്ലാ നല്ലതും ചീത്തയും അവിടെയുമുണ്ട്. ഭക്ഷണമായാലും ജനതയായാലും പെരുമാറ്റ രീതികളായാലും അത് ഇന്ത്യ തന്നെയാണ്. സാധാരണക്കാരായ ജനങ്ങൾ വലിയൊരു അളവോളം നിഷ്കളങ്കരുമാണ്.
പുരാനി ഡൽഹിയുടെ ഗല്ലികളിൽ കണ്ടുപരിചയിച്ച മനുഷ്യപ്പറ്റില്ലാത്ത യാന്ത്രികതയുടെ മറുവശമായിരുന്നു അത്. അകലങ്ങളിലെ മണ്ണും മനുഷ്യരും പൊടുന്നനെ ഉണ്ടായ ഒരു ബന്ധം കാര്യകാരണങ്ങളില്ലാതെ അവസാനിക്കുന്നതിെൻറ ഈർഷ്യ അവിടെ നിന്നും മടങ്ങുന്ന ആരുടെ ഉള്ളിലും ഉണ്ടാവും. ആ അതിർത്തി ഉണ്ടായാലുമില്ലെങ്കിലും വിശാലമായ അർത്ഥത്തിൽ ഇന്ത്യക്കാർ തന്നെയല്ലേ നമ്മൾ? ആ അതിർത്തി ഉണ്ടായതല്ലല്ലോ, നമ്മൾ ഉണ്ടാക്കിയതല്ലേ?’ (പേജ്:298).പുസ്തകം അവസാനിക്കുന്നത് ഇങ്ങനെയാണ്. ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ കൃതി നമ്മുടെ ചരിത്ര സാമൂഹിക പഠനത്തിന് വേറിട്ടൊരു അനുബന്ധമാണ്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.