കായംകുളം: നാടകപ്രേമികളുടെ ഉള്ളകങ്ങളിൽ പതിഞ്ഞിരുന്ന കെ.പി.എ.സിക്ക് മുന്നിലെ അടയാളചിത്രങ്ങൾ ഓർമയായി. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് നാലുപതിറ്റാണ്ടായി നാടക സമിതിയുടെ അടയാളമായി ദേശീയപാതയോരത്തുനിന്ന സ്തൂപം നീക്കിയത്. വിപ്ലവ പ്രസ്ഥാനത്തിന് അടിത്തറ പാകിയ നാടകങ്ങളിലൂടെ ശ്രദ്ധേയമായ കേരള പീപിൾസ് ആർട്സ് ക്ലബിന്റെ മുന്നിൽ അടയാളചിഹ്നം വേണമെന്ന ചിന്ത 1980കളിലാണ് ഉയരുന്നത്. മലയാറ്റൂർ രാമകൃഷ്ണൻ രൂപപ്പെടുത്തിയ ആശയത്തെ ശിൽപി കേശവൻകുട്ടിയാണ് കോൺക്രീറ്റ് രൂപത്തിൽ മുദ്രയാക്കി സ്ഥാപിച്ചത്. പുന്നപ്ര-വയലാർ സമരമടക്കമുള്ള വിപ്ലവ പ്രവർത്തനങ്ങളുടെ ആശയ സത്തയായ മുദ്ര ഏറെ ശ്രദ്ധ കവർന്നിരുന്നു. ദേശീയപാതയിലൂടെ സഞ്ചരിച്ചവരുടെ മനസ്സുകളിൽ കെ.പി.എ.സിക്ക് ഒപ്പം ഇടംപിടിച്ച അടയാള ചിത്രമാണ് ഇല്ലാതാകുന്നത്.
അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തിവാഴുന്ന കാലത്ത് മാനവികബോധം വളർത്തുന്ന സന്ദേശങ്ങളുള്ള നാടകങ്ങളുമായിട്ടായിരുന്നു കെ.പി.എ.സിയുടെ പിറവി. രാഷ്ട്രീയ-സാമൂഹിക മാനങ്ങളുള്ള നാടകങ്ങളിലൂടെ നാടകകലയിൽ പൊളിച്ചെഴുത്താണ് ഇവർ സൃഷ്ടിച്ചത്. ഏഴ് പതിറ്റാണ്ടുമുമ്പ് ഏറ്റെടുത്ത ദൗത്യം അകക്കാമ്പ് ചോരാതെ മുന്നോട്ടുകൊണ്ടുപോകാൻ ഇന്നും കഴിയുന്നുവെന്നതാണ് നേട്ടം. നാടിന്റെ രാഷ്ട്രീയ ചരിത്രത്തെ ത്രസിപ്പിച്ച നാടകമായിരുന്നു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'.
തുടർന്ന് അറുപതോളം നാടകങ്ങൾ അവതരിപ്പിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, അശ്വമേധം, മുടിയനായ പുത്രൻ തുടങ്ങിയ പല നാടകങ്ങളും സിനിമകളായി. രണ്ട് സിനിമകളും കെ.പി.എ.സി നിർമിച്ചു. ഇതിൽ 'ഏണിപ്പടികൾ' തോപ്പിൽ ഭാസിയും 'നീലക്കണ്ണുകൾ' നടൻ മധുവും സംവിധാനം ചെയ്തു. പുതിയ കാലത്തും കുട്ടികളുടെ നാടകക്കളരി, നൃത്തവിദ്യാലയം, സംഗീത സ്കൂൾ, കൾചറൽ ഫോറം, ഫിലിം സൊസൈറ്റി എന്നിവയിലൂടെ സജീവ സാംസ്കാരിക സാന്നിധ്യമാണ്. ചിൽഡ്രൻസ് തിയറ്ററിലൂടെ ഏഴ് നാടകങ്ങളും പുറത്തുവന്നു. മുടങ്ങാതെയുള്ള 'പഞ്ചരാത്രം' ശ്രദ്ധേയമാണ്. ചലച്ചിത്രമേളയും പ്രതിമാസ സാംസ്കാരിക പരിപാടികളും നടത്തുന്നുണ്ട്. ഈ പരിപാടികൾക്ക് അരങ്ങ് ഒരുങ്ങിയിരുന്ന ഓഡിറ്റോറിയവും വികസനത്തിൽ ഇല്ലാതാകുകയാണ്.
ദേശീയപാത വികസനത്തിൽ 10 സെന്റ് സ്ഥലമാണ് കെ.പി.എ.സിക്ക് നഷ്ടമാകുന്നത്. കലയുടെ ചിലമ്പൊലി മുഴങ്ങിയിരുന്ന ഓഡിറ്റോറിയം കൂടാതെ പ്രധാന കെട്ടിടവും പുതിയ കെട്ടിടവും അടക്കമുള്ളവയും പൊളിച്ചുമാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.