പെരുമ്പാവൂര്‍: 62ാം വയസ്സില്‍ തന്റെ ചിരകാലാഭിലാഷമായ നവരാത്രി ഗാനത്തിന് സംഗീതം നിര്‍വഹിച്ച് റെക്കോഡിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് പെരുമ്പാവൂരിന്റെ സ്വന്തം ഗായിക യമുന ഗണേഷ്. തിങ്കളാഴ്ച രാവിലെ 10ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയിലെ സ്വരമണ്ഡപത്തില്‍ ഗാനം പാടി സമര്‍പ്പിക്കും. 'കലകള്‍ സംഗമിക്കും ശരന്നവരാത്രിയില്' എന്ന ഗാനം എഴുതിയത് കൂവപ്പടി ജി. ഹരികുമാറാണ്. കുറുപ്പംപടി തുരുത്തി പുഴുക്കാട് ഗവ. എല്‍.പി സ്കൂൾ ഹെഡ്മാസ്റ്റര് കൂടിയായ ലിന്സണ് ദേവസി ഇഞ്ചക്കലാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചത്.
സരസ്വതി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം യമുനയും സുഹൃത്തായ ഗണേഷ് ശങ്കര്‍ നെടുമ്പിള്ളിയും ചേര്‍ന്നാണ് ആലപിച്ചത്. 1978കളില്‍ മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സ് ഗാനമേള സംഘത്തിലൂടെയാണ് അറിയപ്പെടുന്ന ഗായികയായി യമുന മാറിയത്. ഷഷ്ട്യബ്ദപൂര്‍ത്തിയില്‍ നടക്കാതിരുന്ന ആഗ്രഹസാഫല്യമാണ് 'കച്ഛപി' എന്ന തന്റെ പ്രഥമ സംഗീത വിഡിയോ ആല്‍ബത്തിലൂടെ നിറവേറുന്നതെന്ന് സംഗീത സംവിധായകന് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ പ്രഥമ ശിഷ്യകൂടിയായ യമുന പറയുന്നു.
ആറു വയസ്സുള്ളപ്പോഴാണ് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതമഭ്യസിക്കാന്‍ തുടങ്ങിയത്. ഇപ്പോൾ വീടിനടുത്ത് സംഗീതവിദ്യാലയം നടത്തുന്നുണ്ട്. ഗായകന് കൂടിയായ ഏക മകന് അരുണ്‍ ഗണേഷ് മുംബൈയിലെ ഷിപ്പിങ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. അമ്മയും മകനുമൊരുമിച്ച് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ നിരവധിതവണ പാടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.