നീലംപേരൂർ പൂരം പടയണി അവസാനഘട്ടത്തിലേക്ക്

ചങ്ങനാശ്ശേരി: നീലാംപേരൂർ പൂരം പടയണിയുടെ നിർണായകമായ അവസാനഘട്ടത്തിന് തുടക്കമായി. പടയണിയിലെ പ്രധാനതാരമായ ഭീമസേനൻ കല്യാണസൗഗന്ധികം തേടിയുള്ള യാത്രയിൽ ഗന്ധർവനഗരത്തിലെത്തി നഗരത്തിന്‍റെ അടയാളമായ കൊടിക്കൂറ ദർശിക്കുന്നതാണ് നാലാംഘട്ടത്തിലെ ആദ്യദിനത്തിൽ. ചൂട്ടിന്റെ അകമ്പടിയോടെ കൊടിക്കൂറ എത്തിയതോടെയാണ് നാലാം ഘട്ടമായ പിണ്ടിയിലും കുരുത്തോലയിലും തീർത്ത കൊടിക്കൂറ എത്തിയത്. പതിവുചടങ്ങുകൾ പ്രകാരം ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.

കല്യാണസൗഗന്ധികം തേടിയുള്ള യാത്രയിൽ ഗന്ധർവനഗരത്തിൽ എത്തിയ ഭീമസേനൻ നഗരദ്വാരത്തിലൂടെ നഗരത്തിന്‍റെ അടയാളമായ കൊടിക്കൂറ ദർശിക്കുന്നു എന്ന വിശ്വാസത്തിന് ചുവടുപിടിച്ചാണ് അടിയന്തര കോലമായി ബുധനാഴ്ച പടയണിക്കളത്തിൽ കൊടിക്കൂറ എത്തിയത്. വാഴപ്പോള കീറിയാണ് കൊടിക്കൂറയുടെ നിർമാണം. തുടർന്നുള്ള ദിവസങ്ങളിൽ കാവൽപിശാച്, അംബല കോട്ട, സിംഹം എന്നിവ പടയണിക്കളത്തിലെത്തും. 23നാണ് മകം പടയണി. ഉച്ചക്ക് ഒന്നിന് ചിറമ്പുകുത്ത് ആരംഭം, രാത്രി 7.30ന് ചിറമ്പുകുത്ത് തുടർച്ച, രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി തുടർന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്,

24നാണ് പൂരംപടയണി, രാവിലെ ആറിന് പടയണിക്കളത്തിൽ ചെറിയന്നങ്ങളുടെയും വല്യന്നങ്ങളുടെയും നിറപണി തുടങ്ങും. 12ന് ഉച്ചപൂജയും കൊട്ടിപ്പാടിസേവയും ഉച്ചക്ക് ശേഷം പ്രസാദമൂട്ട്. വൈകീട്ട് എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങമുറിക്കൽ രാത്രി പത്തിന് കുടംപൂജകളി, 10.30ന് മേൽശാന്തി ശങ്കരൻനമ്പൂതിരി സർവപ്രായശ്ചിത്വം നടത്തും. തുടർന്ന് കരനാഥനും ദേവസ്വം പ്രസിഡന്റുമായ സി. കരുണാകരണ കൈമൾ ചേരമാൻ പെരുമാൾ നടയിലെത്തി അനുജ്ഞ വാങ്ങും. പിന്നീട് തോത്താക്കളി, രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം, 12.30ന് പടയണി ഗ്രാമത്തിന്റെ ഹൃദയസമർപ്പണമായ വല്യന്നത്തിന്റെ എഴുന്നള്ളത്ത്, അന്നങ്ങൾ, കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളത്ത്. ഇതോടെ ഒരുഗ്രാമത്തിന്റെ കരവിരുതിന്റെ സമർപ്പണത്തിന് സമാപനമാകും.

Tags:    
News Summary - Neelamperoor Pooram Padayani to the final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.