കവിയും നോവലിസ്റ്റും വിവർത്തകനുമായ വേണു വി. ദേശത്തിൽനിന്ന് മറ്റൊരു പുസ്തകം, ‘നിത്യാനുരാഗി’. ഒരു ലഘു ജീവചരിത്രനോവൽ. മലയാള സാഹിത്യത്തെ അത്രമാത്രം സമ്പന്നമാക്കിയ ഖലീൽ ജിബ്രാന്റെ ജീവചരിത്രം സമ്പൂർണമായി നമുക്ക് ലഭിച്ചിട്ടില്ല എന്നാണ് അറിവ്. ഒരളവുവരെ ആ ഒഴിവ് നികത്താൻ സഹായിക്കുന്ന സർഗാത്മകസൃഷ്ടിയാണ് ഈ നോവൽ.
ഖലീൽ ജിബ്രാൻ എന്ന അതുല്യ പ്രതിഭയുടെ പല കൃതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വേണു വി. ദേശത്തിൽനിന്ന് അങ്ങനെ ഒരു കൃതി നമുക്ക് ലഭിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയെ സഫലീകരിക്കുന്ന രീതിയിൽ അത്രമാത്രം കാവ്യാത്മകമായാണ് ഈ രചന നടത്തിയിരിക്കുന്നത്.
ഖലീൽ ജിബ്രാന്റെ ജീവിതത്തെ പുൽകിനിന്നിരുന്ന വൈകാരികപ്രപഞ്ചത്തെ, പ്രത്യേകിച്ച് അദ്ദേഹം കടന്നുപോകേണ്ടി വന്ന സ്ത്രീസൗഹൃദങ്ങളെ അതിഭാവുകത്വമില്ലാതെ, എന്നാൽ ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്.
ഒറ്റയിരിപ്പിൽ വായിച്ചുതീരുന്ന പുസ്തകം. എന്നാൽ ആ വായന നമ്മുടെ നെഞ്ചിൽ നിറക്കുന്ന വിങ്ങൽ അത്ര പെട്ടെന്ന് വിട്ടൊഴിയില്ല. അത്ര സങ്കീർണമായ ജീവിതമായിരുന്നല്ലോ ജിബ്രാന്റേത്. ആ നോവും നിലാവും തന്റെ കാവ്യഭാഷയിലൂടെ ഹൃദ്യമായിതന്നെ വേണു വി. ദേശത്തിന് ആവിഷ്കരിക്കാനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.