വൈരമുത്തുവിന് ഒ.എൻ.വി. പുരസ്കാരം: അടൂരിനെതിരെ വിമർശനവുമായി എൻ.എസ് മാധവനും കെ.ആർ മീരയും

തിരുവനന്തപുരം: മി ടൂ ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒ.എൻ.വി സാഹിത്യ പുരസ്കാരം നൽകുന്നതിനെതിരെ പ്രതിഷേധമുയർത്തി എഴുത്തുകാരായ എൻ.എസ് മാധവനും കെ.ആർ. മീരയും. സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന പുരസ്കാരമല്ല ഒ.എൻ.വി സാഹിത്യ പുരസ്കാരമെന്നും, എഴുത്തിലെ മികവാണ് മാനദണ്ഡമെന്നുമുള്ള ഒ.എൻ.വി കൾച്ചറൽ അക്കാദമി ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻെറ പ്രസ്താവനയെ ഇരുവരും വിമർശിച്ചു.

അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് തെറ്റാണെന്നും, കലയുമായി ഇടപെടുമ്പോൾ കുറച്ചൂകൂടി ബോധവാനാകണമെന്നും എൻ.എസ് മാധവൻ പറഞ്ഞു. ട്വിറ്ററിലായിരുന്നു എൻ.എസ് മാധവൻെറ വിമർശനം.

സ്വഭാവം വിലയിരുത്തിയല്ല, എഴുത്തിനാണ് വൈരമുത്തുവിന് ഒ‌.എൻ‌.വി അവാർഡ് നൽകിയതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് വളരെ തെറ്റാണ്. ഓർക്കുക, ജൂറി അംഗത്തിൻെറ ഭർത്താവിനെതിരെ മീടൂ ആരോപണം ഉണ്ടായിരുന്നതിൻെറ പേരിൽ 2018 സാഹിത്യ നൊേബൽ റദ്ദാക്കുകയുണ്ടായി. ദയവ് ചെയ്ത് കലയുമായി ഇടപെടുമ്പോൾ കുറച്ചൂകൂടി ബോധവാനാകുക -എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.

പതിനേഴോളം സ്ത്രീകളുടെ മീ ടൂ ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് പുരസ്കാരം നല്‍കിയതിലെ വിമര്‍ശനങ്ങളോടുള്ള അടൂര്‍ ഗോപാലകൃഷ്ണൻെറ പ്രതികരണത്തോട് കഠിനമായി പ്രതിഷേധിക്കുന്നു എന്ന് കെ.ആർ മീര ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ 'സ്വഭാവഗുണമില്ലായ്മ' അല്ല, മനുഷ്യത്വമില്ലായ്മയാണെന്നും കെ.ആർ മീര വ്യക്തമാക്കി.

കെ.ആർ. മീരയുടെ ഫേസ്ബുക്ക് കുറിപ്പ്:

പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ '' ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം' എന്ന പ്രതികരണത്തോടു‍ ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.

കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.

ഒ.എന്‍.വി. സാറിന്‍റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍.

''അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം.'' എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്.
ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ ഞാന്‍ ആരുമല്ല.
പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ 'സ്വഭാവഗുണമില്ലായ്മ' അല്ല.
മനുഷ്യത്വമില്ലായ്മയാണ്.

കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍‍ അപേക്ഷ‍.

Full View


Tags:    
News Summary - NS madhavan and KR meera against Adoor Gopalakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.