പോയകാലത്തെ ഓണത്തെക്കുറിച്ച് വാചാലമാകുന്നവരാണ് എല്ലാവരും. ആഘോഷങ്ങൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. കോവിഡ് മഹാമാരി ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണം വരുത്തിയപ്പോഴാണ് ഓണം ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളെയും നാം എത്രമാത്രം കൂടെ കൂട്ടിയിരുന്നു എന്ന് ഓർത്തുപോവുക. ഇക്കുറി ഏറക്കുറെ ഭയാശങ്കകൾ അകന്നുപോകുന്നുവെങ്കിലും ഓണം കോവിഡിനു മുമ്പുള്ള ഓണവുമായി പലരും താരതമ്യം ചെയ്യുക സ്വാഭാവികമാണ്.
പട്ടണങ്ങളിലെ ആഘോഷങ്ങളിൽനിന്ന് വിഭിന്നമായ ആഘോഷങ്ങളാണ് ഗ്രാമങ്ങളിൽ. ഗ്രാമപഞ്ചായത്തുകളും ക്ലബുകളുമാണ് ആഘോഷത്തിന്റെ പ്രധാന ചുക്കാൻ പിടിക്കാറ്. നാട്ടുവഴികളിൽ ഓരോന്നും സജീവമായ ഓണക്കളികൾകൊണ്ട് തിരിച്ചുവരവ് നടത്തുന്നുണ്ട്. കൗതുകകരമായ നിരവധി മത്സരങ്ങളാണ് ഓണത്തിന് മാത്രമായി കാണാനാവുക. ഊഞ്ഞാലാട്ടം, തുമ്പിതുള്ളൽ, പുലികളി, കൈകൊട്ടിക്കളി, കസേരകളി, തലപ്പന്തുകളി, ആട്ടക്കളം കുത്തൽ, കുമ്മാട്ടിക്കളി, കഴ കയറ്റം, മാണിക്യച്ചെമ്പഴുക്ക കളി, റൊട്ടി കടി, മിഠായി പെറുക്കൽ, കണ്ണുപൊത്തിക്കളി, ഉറിയടി, ഓണത്തല്ല്, കമ്പിത്തായം കളി, നായയും പുലിയും വരയ്ക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ, വടംവലി തുടങ്ങി നൂറിലധികം നാടൻ കളികളാണ് ഉണ്ടാകാറുള്ളത്.
ക്ലബുകളുടെയും കായിക കലാസമിതികളുടെയും പുനരുജ്ജീവനത്തിന് ഓണാഘോഷം പ്രധാന പങ്കാണ് വഹിക്കുന്നത്. ഇക്കുറി വ്യാപാര സ്ഥാപനങ്ങൾക്കും ഓണം വലിയ ഉണർവാണ് പകർന്നത്. ആശങ്കകൾ മാറ്റിവെച്ചുകൊണ്ട് പ്രവാസികളും ഇക്കുറി ഓണം നന്നായിത്തെന്ന ആഘോഷിച്ചുകഴിഞ്ഞു. ആഘോഷം തിരുവോണം കൊണ്ട് അവസാനിക്കില്ല എന്നതാണ് പ്രവാസലോകത്തെ പ്രത്യേകത. കന്നിമാസം വരെയും ആഘോഷം തുടരും. അതിനായി വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളും പ്രവാസി കൂട്ടായ്മകളും സജീവമായിത്തന്നെ രംഗത്തുണ്ട്. ഗൾഫ് മേഖലകളിലെല്ലാം മലയാളി സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ ഓണം അതിന്റെ പഴയ ഗരിമയിൽതന്നെ കൊണ്ടാടപ്പെടുകയാണ്. പലയിടങ്ങളിലും വാരാന്ത്യ അവധി ദിനങ്ങൾക്കനുസരിച്ചാണ് ആഘോഷങ്ങൾ.
പ്രവാസലോകത്തെ വ്യാപാര സ്ഥാപനങ്ങളും നാട്ടിലേതു പോലെ ഓണത്തിന് വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ചില വ്യാപാരസ്ഥാപനങ്ങളിലെ അകക്കാഴ്ചകളിൽ ആനയും തിരുവോണ തോണിയും നാട്ടുചന്തയും ഉൾപ്പെടെ നാട്ടിൻപുറത്തെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളെ തിരികെ എത്തിക്കുന്ന ആർട്ട് വർക്കുകളും കൊണ്ട് നാട്ടുപ്രതീതി തന്നെ ജനിപ്പിക്കുന്നു. പാചക മേഖലയിലെ പ്രമുഖരും കലാസാംസ്കാരിക നേതാക്കളും ഗൾഫിലെ ഓണാഘോഷ പരിപാടികൾക്ക് നിറം പകരാനെത്തുന്നുണ്ട്. നീണ്ട ഒരു ഇടവേളക്കുശേഷമാണ് പ്രമുഖരുടെ സാന്നിധ്യം ഉണ്ടാകുന്നത്. മുതിർന്നവർക്ക് ഒപ്പം കുട്ടികളും ഉത്സാഹത്തിലാണ്. നാട്ടിലെപോലെ ഓണത്തിനുമുമ്പ് ഉള്ള 'പിള്ളേരോണം' അത്രകണ്ട് ഇവിടെ ഉണ്ടാകാറില്ല.
സമയവും സന്ദർഭവും ഒത്തു വരാത്തതുകൊണ്ടുതന്നെ. എങ്കിലും ബാല്യ കാലത്തിന്റെ അവകാശവും ഉത്സവവുമൊക്കെയായി കണ്ടുകൊണ്ട് പിള്ളേർക്കൊപ്പം അതുകൂടി ചേർന്ന് ഒറ്റ ഓണമാണ് പ്രവാസികളുടെ ഓണാഘോഷം. തിരുവാതിരപ്പാട്ടും പുലികളിയും ഓണക്കളികളും സദ്യവട്ടവും വഞ്ചിപ്പാട്ടും മറുനാട്ടിൽ നിന്നുകൊണ്ട് നാടിനൊപ്പം ചേർന്നുനിൽക്കും. മിത്തും ചരിത്രവും ഒക്കെ പറഞ്ഞുവെക്കുന്ന ചില നന്മകളുടെ ചിന്തുകൾ കൂടി ഓർമപ്പെടുത്തുന്നതിനും ഈ ഒത്തുചേരൽ കാരണമാകുന്നുണ്ട്.
വര: ഇസ്ഹാഖ് നിലമ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.