കഥാപാത്രം കോടതികയറ്റിയ എഴുത്തുകാരി

കോഴിക്കോട്: 32 കൊല്ലത്തെ അധ്യാപകജീവിതത്തിൽനിന്ന് പി. വത്സല പകർത്തിയ ‘പാളയം’ എന്ന നോവൽ അവരെ കോടതി കയറ്റിയ ചരിത്രമുണ്ട്. അധ്യാപക ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ് പാളയം എന്ന നോവൽ. പാളയത്തിലെ ഒരു കഥാപാത്രമാണ് എഴുത്തുകാരിയെ കോടതി കയറ്റാൻ ശ്രമിച്ചത്. പാളയത്തിലെ കഥാപാത്രം താനാണെന്ന് പറഞ്ഞായിരുന്നു അത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും കഥാപാത്രത്തിന് ഒപ്പംനിന്നു. വത്സല മാപ്പുപറയണമെന്ന് ആവശ്യമുയർന്നു. 1981ലാണ് സംഭവം. ഈ ഘട്ടത്തിൽ വി.കെ.എൻ ഇടപെട്ടു. ‘ഹൂ ഈസ് ദാറ്റ് ഇല്ലിറ്ററേറ്റ് ഡി.ഡി?’ എന്നെല്ലാം ചോദിച്ച് വി.കെ.എൻ പ്രശ്നമാക്കി. അതോടെ വിഷയം അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചെവിയിലുമെത്തി. നോവലിസ്റ്റിനെതിരെ ഒരു നടപടിയും ഉണ്ടാവാതെ പ്രശ്‌നം പരിഹരിച്ചുവെന്ന് അവരുടെ ജീവിതം ‘പി. വത്സല: ജീവിതത്തിന്റെ എഴുത്തുപാഠങ്ങൾ’ എന്ന പേരിൽ പുസ്തകമാക്കിയ വാസുദേവൻ കുപ്പാട്ട് ഓർക്കുന്നു. ഇങ്ങനെ സംഭവബഹുലമായിരുന്നു എഴുത്തുകാരിയെന്ന നിലയിൽ അവരുടെ അധ്യാപക ജീവിതം.

വിദ്യാലയവുമായി ബന്ധപ്പെട്ട സുവനീർ കമ്മിറ്റിയുടെ അഴിമതിയും കരിയറിനെ ബാധിച്ചേക്കാവുന്ന സാഹചര്യമുണ്ടായി. സുവനീർ കമ്മിറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. ചെയർപേഴ്‌സൻ എന്ന നിലയിൽ വത്സല കുറ്റക്കാരിയാണെന്ന് വാദമുണ്ടായി. വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ പല കമ്മിറ്റികളുടെയും അധ്യക്ഷയാവും. എന്നാൽ, കാര്യങ്ങളൊക്കെ ചെയ്യുന്നത് സെക്രട്ടറിയായിരിക്കും എന്ന വാദം അംഗീകരിക്കപ്പെട്ടു. അന്ന് കെ. ജയകുമാറാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ, അഡ്വ. മഞ്ചേരി സുന്ദർരാജ് വാദിക്കാനുണ്ടായിരുന്നു. ഏതായാലും കേസ് ഏറെ മുന്നോട്ടുപോയില്ല. പണമടച്ച് കേസ് തീർക്കാൻ ജയകുമാർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിർദേശിച്ചു. വിദ്യാർഥികളുമായി അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് അധ്യാപക ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നതെന്ന് അവർ പറയാറുണ്ടായിരുന്നു.

പാളയം എന്ന നോവൽ തങ്ങളുടെ സ്‌കൂളിന്റെ കഥയാണെന്ന അവകാശവാദവുമായി നിരവധി സ്‌കൂളുകാർ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ ഒരിക്കൽ പോയപ്പോൾ അവിടത്തെ അധ്യാപകർ പാളയം തങ്ങളുടെ കഥയാണെന്ന് പറഞ്ഞതായി എഴുത്തുകാരി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - P Valsala: The novel Palayam and the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.