ഒക്റ്റവിയോ പാസ് (1914-1998)
മെക്സിക്കൻ കവിയായ ഒക്റ്റവിയോപാസ് ആധുനികദശയിലെ ഏറ്റവും വലിയ കവികളിലൊരാളാണ്. 1990 ൽ അദ്ദേഹത്തിന് നോബേൽ സമ്മാനം ലഭിച്ചു. സർറിയലിസ്റ്റ് ശൈലി ഉപയോഗിച്ച് നിശബ്ദതയും അതിഭൗതികതയും തുളുമ്പുന്ന കവിതകൾ അദ്ദേഹം എഴുതി. ഇൻഡ്യയെ ഏറ്റവും അടുത്തറിഞ്ഞ വിദേശ കവിയാണ് പാസ്.
1962 മുതൽ 68 വരെ ഇൻഡ്യയിൽ മെക്സിക്കൻ അംബാസിഡർ ആയിരുന്നു. ഇൻഡ്യൻ സംസ്കാരത്തിന്റെ നാനാത്വവും വൈവിധ്യവും മതങ്ങളുടെ സമ്മേളനവും അദ്ദേഹത്തെ ആകർഷിച്ചു. ദൽഹിയെക്കുറിച്ചും ഇൻഡ്യയിലെ മുഗൾ കോട്ടകളെക്കുറിച്ചും അമീർ ഖുസ്രുവിനെക്കുറിച്ചും മധുരയെക്കുറിച്ചുമൊക്കെ അദ്ദേഹം അതിമനോഹരമായ് എഴുതി. ഇൻഡ്യയെപ്പറ്റി എഴുതിയ കവിതകളുടെ സമാഹാരത്തിൽ പെട്ടതാണ് കൊച്ചിൻ.
കൊച്ചിൻ
പോകുന്ന
ഞങ്ങളെ നോക്കുന്ന
ഉപ്പൂറ്റിയിൽ
വിരലൂന്നി
ഓലകൾക്കിടയിലെ
ചെറുതും വെളുത്തതുമായ
പോർച്ചുഗീസ് പള്ളി
കറുകപ്പട്ടയുടെ നിറമുള്ള
കപ്പൽ പായകൾ
കാറ്റ് ഉയിർപ്പിക്കുന്നു
ശ്വാസത്താൽ
മാറിടങ്ങളായ്
പൊന്തുന്ന ഷാളുകൾ
അവരുടെ മുടിയിൽ
മുല്ലപ്പൂക്കളും
സ്വർണ്ണകമ്മലുകളും
അവർ
ആറുമണിക്കുള്ള
കുർബാനക്ക്
ധൃതിയിൽ പോകുന്നു
ഇത് മെക്സിക്കോയിലോ
കാസിഡിയിലോ അല്ല
തിരുവിതാംകൂറിൽ
നോസ്റ്റോറിയൻ
പാത്രിയാർക്കസിനു മുന്നിൽ
എന്റെ നിരീശ്വര ഹൃദയം
ക്രുദ്ധമായ് മിടിക്കുന്നു
ക്രിസ്ത്യൻ സെമിത്തേരിയിൽ
മേയുന്ന
വരണ്ട
സാധ്യതയുള്ള
ശിവന്റെ പശുക്കൾ
ഈ കണ്ണുകൾ തന്നെ കാണുന്നു
ഈ അപരാഹ്നത്തിൽ തന്നെ
ഇളംചുവപ്പാർന്ന
കടലിനും
മഞ്ഞപിത്തം പിടിച്ച
ഓലകൾക്കുമിടയിൽ
ആയിരം കൈകളോടെ
ബോഗൻവില്ല
ചകിതമായ
കാലുകളോടുകൂടിയ
മന്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.