യു.എ. ഖാദറിന്‍റെ വിയോഗം മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടം -മുഖ്യമന്ത്രി

കണ്ണൂർ: മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു.എ. ഖാദറിന്‍റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജ‍യൻ അനുസ്മരിച്ചു.

ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്‍റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു യു.എ. ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത.

തൃക്കോട്ടൂർ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്‍റെ അതിരുകൾ കടന്ന് ദേശീയതലത്തിലുള്ള ഇന്ത്യൻ എഴുത്തുകാരൻ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥകളിൽ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ചിത്രകാരൻ കൂടിയായ ഖാദർ, മനോഹരമായ ദൃശ്യങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് കഥകൾ പറഞ്ഞത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. മേശവിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.

മ്യാൻമാറിൽ ജനിച്ച യു.എ. ഖാദർ കേരളീയമായ ഭാഷാ സംസ്കൃതിയെ ഉൾക്കൊണ്ടുകൊണ്ട്, മലയാളത്തനിമ നിറഞ്ഞ കൃതികൾ രചിച്ചു കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.

ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാർഥ്യങ്ങളെയും വ്യക്തിഗതമായ അനുഭൂതികളെയും ഭാവനാത്മകമായി സമന്വയിപ്പിച്ച് എഴുതുന്ന അദ്ദേഹത്തിന്റെ ശൈലി മലയാള സാഹിത്യത്തിൽ വേറിട്ടു നിന്നു.

കേരളത്തിന്‍റെ സാഹിത്യമടക്കമുള്ള സാംസ്കാരിക മണ്ഡലങ്ങൾക്കാകെയും മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യമൂല്യങ്ങൾക്കാകെയും കനത്ത നഷ്ടമാണ് നിർണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹത്തിന്‍റെ വിടവാങ്ങലെന്നും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. 

Tags:    
News Summary - Pinarayi Vijayan condoled ua khaders demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.