വര: സൂര്യ ജി.കെ, കവി പി.എൻ. ഗോപികൃഷ്ണൻ

തകർന്ന പള്ളിയാണ് വലിയ പള്ളി - കവിത

തകർന്ന പള്ളിയാണ്
വലിയ പള്ളി.
കാരണം
അത് സ്ഥാവരമല്ല ,
ചലിക്കുന്നത്.
അതുകൊണ്ടാണ്
ബുദ്ധൻ അവിടെ
അഞ്ചു നേരം നിസ്ക്കരിക്കുന്നത് .
നാരായണ ഗുരു
അതിനുള്ളിലിരുന്ന്
അനുകമ്പാ ദശകം എഴുതുന്നത്.
അക്കയുടെ പാട്ടു കേൾക്കാൻ
അതിൻ്റെ ജാലകപ്പഴുതിൽ
ചെന്ന മല്ലികാർജ്ജുനൻ
ചെവി പതിപ്പിക്കുന്നത്.
അതിൻ്റെ അങ്കണത്തിൽ
ഗാന്ധി പ്രാർത്ഥനാ സമ്മേളനം നടത്തുന്നത്.
അതിൻ്റെ തൂണുകളുടെ ചരിത്രത്തിൽ
മുഗ്ദമാകാൻ
ജവഹർലാൽ വന്നെത്തുന്നത്.
ഭരണഘടനാ മനുഷ്യരെപ്പറ്റിയും
ഭരണഘടനാതീതരെപ്പറ്റിയും
മാനാതീതരെക്കുറിച്ചും
ലോഹ്യയും അംബേദ്ക്കറും സംസാരിക്കുന്നത്
ഒരു സ്വപ്നത്തിൽ നിന്നും
മറ്റൊരു സ്വപ്നത്തിലേയ്ക്ക്
എം എൻ റോയ് എത്തിപ്പിടിക്കുന്നത്.

ഞാൻ വീണ്ടും പറയുന്നു.
തകർന്ന പള്ളിയാണ് വലിയപള്ളി .

കാരണം അതിൻ്റെ മൂന്ന് കുംഭങ്ങൾ
മനുഷ്യരുടെ
മനസ്സുകളിലേയ്ക്ക് മറഞ്ഞ്
മുന്നൂറ് കോടിയായി.
അതിൻ്റെ
പായൽച്ചുമരുകൾ
അവർ കണ്ണീരു കൊണ്ട്
കഴുകി വെടുപ്പാക്കി.
ചളിനിലം നറുനിലമാക്കി .
ഹൃദയം വെട്ടിത്തിളക്കി .
പോലീസിൻ്റേയും പട്ടാളത്തിൻ്റേയും
കാവലിൽ നിന്ന്
അത് വിമോചിതമായി.
ഏതോ ഒരു പള്ളിയിൽ നിന്നും
വേർപിരിഞ്ഞ് അത്
ശരിക്കും ഒരു പള്ളിയായി.

അതിനാലാണ് ഞാൻ പറയുന്നത്
തകർത്തവരെ മറവി തിന്നും.
തകർന്നത്
ഓർമ്മയിൽ വളരും.

ഇതറിയണമെങ്കിൽ
പോയി രാമായണമെടുക്കൂ.
ഭക്തിയോടെ പകുത്തു വായിക്കൂ.
അടച്ചു വെയ്ക്കൂ.
കണ്ണുകളടച്ചു
മനസ്സിലേയ്ക്ക്
കാതോർക്കൂ

ഒരു വാങ്കുവിളി കേൾക്കുന്നില്ലേ?

അതാണ് ഈ എളിയ ഞാൻ പറയുന്നത്

തകർന്ന പള്ളിയാണ് വലിയ പള്ളി
.......................
2024 ജനുവരി 22

സ്ഥാവരമായത് മണ്ണടിയും ചലിക്കുന്നത് നിലനിൽക്കും എന്ന് പന്ത്രണ്ടാം നൂറ്റാണ്ടിലെ വചനകവി ബസവണ്ണ .

അക്കാ മഹാദേവിയും പന്ത്രണ്ടാം നൂറ്റാണ്ടിലെ വചന കവി. ചെന്നമല്ലികാർജ്ജുനന് സമർപ്പിച്ചവയാണ് അക്കയുടെ കവിതകൾ.

വര: Soorya Gk

Tags:    
News Summary - PN Gopikrishan's poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.