വിൽപനക്ക് വച്ച വീട്ടിലെ
കനത്ത ഉറക്കത്തിലേക്ക്
ഒരു അലാറം ഇരുട്ട് തുരന്ന്
ഇഴഞ്ഞുപോവുന്നു.
ശൂന്യതയിലേക്കുള്ള
നീളൻ കൂവലിനൊപ്പം
എങ്ങോട്ടേക്കും
ടിക്കറ്റ് എടുക്കാനില്ലാത്ത ഒരാൾ
ഒറ്റക്ക് ഭാണ്ഡം മുറുക്കുന്നു.
മണം പിടിക്കാനോ
തേൻ നുകരാനോ മറന്ന്
രണ്ട് ചിത്രശലഭങ്ങൾ
പ്ലാസ്റ്റിക് ബൊക്കയിൽ
ഇമ ചിമ്മുന്നു.
അസാധുവായ താളുകൾ
ഓരോന്നോരോന്നായി
ഊർന്നുപോയ പുറംചട്ടകൾ
ചിത്രശലഭമായി ഞെട്ടിയുണരുന്നു.
വീടൊഴിയുമ്പോൾ
അകത്തുനിന്ന്
ആ ശലഭം ഒറ്റക്ക് ആകാശത്തേക്ക്
പറന്നുയരുന്നു.
ദൂരെ മഴവില്ലിന്റെ
എണ്ണമറ്റ ചില്ലകൾ വിട്ട്
ഒരുപറ്റം നനഞ്ഞ ചിറകൊച്ചകൾ
അതിനെ പിന്തുടരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.