1. പി.എൻ. ഗോപീകൃഷ്ണൺ, 2. വര: സൂര്യ

ഇന്ത്യ ഈസ് എ സെക്യുലർ റിപ്പബ്ലിക്ക് -കവിത

മതിലകം പള്ളിയിൽ നിന്ന്
അറബിക്കടലിലേയ്ക്ക് കുതിക്കുന്നതിനിടയിൽ
വാങ്ക്
ആകാശത്തിൽ അല്പനേരം
തങ്ങി നിൽക്കുമായിരുന്നു.

ഞങ്ങളുടെ വീടിൻ്റെ
നേരെ മുകളിൽ.

അമ്മൂമ്മ അന്നേരം

നാമജപം നിർത്തും.

എന്താ ,
പടച്ചോനും രാമനും തമ്മിൽ
കൂട്ടിയിടിക്കുമോ?

പാതിവെന്ത യുക്തിവാദി എന്ന നിലയിൽ
ഞാൻ ചോദിക്കുമായിരുന്നു.

തർക്കിക്കാൻ മാത്രമല്ല,
അമ്മൂമ്മയ്ക്ക് മാത്രം തരാൻ കഴിയുന്ന
ഒരു ചിരിയുടെ സുഖം കിട്ടാൻ കൂടി .

ലോകം നെഞ്ചിൽ
വന്നിടിക്കുന്ന കാലത്ത്
ഓരോ ഞരമ്പും
പിഴുതെടുക്കുന്ന കാലത്ത്
എത്ര തുള്ളി ചോരകൊണ്ടാണ്
മനുഷ്യർ നിർമ്മിക്കപ്പെട്ടതെന്ന്
രോമകൂപങ്ങൾ കൊത്തിപ്പരിശോധിക്കുന്ന കാലത്ത്

അന്വേഷിക്കുന്നു.
എന്തായിരുന്നു
ആ ചിരിയുടെ പൊരുൾ?

തിരുവണ്ണാമലയിൽ
ഗുരുവിനേയും രമണമഹർഷിയേയും
അപ്പുറത്തും ഇപ്പുറത്തും പിടിച്ചിരുത്തിയ
അതേ ഗഹന നിശ്ശബ്ദതയെ
രാമനും റഹീമിനും ഇടയിൽ
ആവിഷ്ക്കരിക്കുകയോ?

രാമ രാമ രാമ രാമ
എന്ന് തിരയടിക്കുന്ന കടലിനെ
പാഹിമാം എന്നടച്ചു വെച്ച്
"നെടുനാൾ വിപിനത്തിൽ വാഴുവാൻ
ഇടയായ് ഞങ്ങൾ ,അതെൻ്റെ കുറ്റമോ?"
എന്ന് കുമാരനാശാനൊപ്പം ചേർന്ന്
രാമവിചാരണ തുടങ്ങുന്ന
കുസൃതിയുടെ വകഭേദമോ?

ഏതു ഭാഷയിലുമുള്ള പൊതുഭാഷ
മൗനമാണെന്ന തിരിച്ചറിവോ?

ചോദിക്കാൻ
അമ്മൂമ്മയില്ല .

പക്ഷെ
2024 ജനുവരി 26 ന്
ആ ചിരിഫോട്ടോ എടുത്ത്
വിടർത്തി നോക്കുമ്പോൾ

എന്തൊരത്ഭുതം.
അതിൽ
ഞങ്ങളുടെ പൂമുഖം
ഒരു ഇടത്തരം നഗരമായിരിക്കുന്നു.
പേ പിടിച്ച ആൾക്കൂട്ടം
അനന്തമായ് ബഹളം വെയ്ക്കുന്നു.
അതിന് നടുവിൽ
മതമസിലും അധികാരമസിലും
പെരുപ്പിക്കാനുള്ള
ഒരു വ്യായാമശാലയെ
ആരാധനാലയമെന്ന് തെറ്റിദ്ധരിച്ച്
പാവങ്ങൾ കൈകൂപ്പി നിൽക്കുന്നു.

വൃത്തിയില്ലാത്ത തെരുമൂലയിൽ
ഒരു വൃദ്ധൻ മാത്രം
ഒറ്റക്കമ്പി മൺവീണയിൽ
ഏകാഗ്രമായൊരു സംഗീതം
സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

ഈശ്വർ - അള്ളാ തേരേ നാം
എന്നയാൾ വായിച്ചപ്പോൾ
പെട്ടെന്ന്
രണ്ടിലയുള്ള ഒരു പുൽക്കൊടി
കഠിനനിലം പിളർന്ന് ഉയർന്നു വരുന്നു.

അമ്മൂമ്മ നാമജപം നിർത്തിയിരുന്നത്
അഥവാ
ചിരി പൊഴിച്ചിരുന്നത്
എന്തുകൊണ്ടെന്ന്
എനിക്ക് പെട്ടെന്നു മനസ്സിലായി.

ഒരു വിത്തിൽ നിന്ന്
മുളയെടുക്കുന്ന കതിരുകൾ
പരസ്പരം
കുത്തിക്കീറരുത്.

ഒരേ കാലിയുടെ
കൊമ്പുകൾ രണ്ടും
ഏറ്റുമുട്ടരുത് .

ഒരു കോശത്തെ അയൽക്കോശം
തിന്നുന്ന അർബുദത്തിന്
വഴി വെയ്ക്കരുത് .

ഇന്ത്യ ഈസ് എ സെക്യുലർ റിപ്പബ്ലിക്ക്

............................................................................

Tags:    
News Summary - Poet P.N. Gopikrishnan poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.