ദേശാടനക്കിളികൾ വിരുന്നു വരാതായി -കവിത

ആദിനാദമുണർന്നു.
ഓം
ഓങ്കാരധ്വനിയിൽ
എല്ലാ ജീവജാലങ്ങളുo
ഉണർന്നു.

മുളങ്കാടുകൾ

മുരളീ ഗാനം

ആലപിച്ചു.

ആ ഗാന നിർഝരിയിൽ

പൂക്കളും

പുഴകളും

അതേറ്റുപാടി.

കാടിന്റെ സംഗീതം

കാട്ടാറിലൂടെ

ഒഴുകിയെത്തി.

രാഗങ്ങൾ

പൂമഴയായ്

പെയ്തിറങ്ങി.

പുഴയോരത്തെ

എന്റെ

വീട്ടിന്റെ തൊടിയിൽ

കലികാ ജാലങ്ങൾ

മിഴി തുറന്ന്

പുഞ്ചിരിതൂകി.

എന്റെ

തൊടിയിലെ ആഞ്ഞിലിമരത്തിൽ

ദേശാടനക്കിളികൾ

വിരുന്നു വന്നു.

വ്യത്യസ്ത രാഗങ്ങളിൽ

കിളികൾ പാട്ടുപാടി.

ആ പാട്ടിന്റെ രാഗ സാന്ദ്രമാം രവ ത്തിൽ

പൂത്തുമ്പികൾ

വർണ്ണ പൂഞ്ചിറ കു വീശി പറന്നുയർന്നു.

എല്ലാ കിളികളും

പാടിയത്

ആഹ്ലാദ നിർഭരമായ ഗാനങ്ങൾ.

മോഹനവും

ആനന്ദഭൈരവിയും

നീലാംബരിയും

ഉദയ രവിചന്ദ്രികയും

രാഗമാലിക തീർത്തു.

ഞാനും എന്റെ ഭാര്യ രാധയും

മക്കളും

ആനന്ദ നൃത്തമാടി.

ഗാനം
സ്വരരാഗ ശ്രുതിലയ താള സാന്ദ്രം
എല്ലായിടത്തും
ജീവന്റെ എല്ലാ തുടിപ്പിലും
പ്രകൃതിയുടെ സംഗീതം
നിറഞ്ഞു.
കാലം മാറി
പ്രപഞ്ച ജീവിതത്തിന്റെ താളം തെറ്റി.

ദേശാടനക്കിളികൾ

വിരുന്നു വരാതായി.

എന്റെ

ആഞ്ഞിലിമരത്തിലെ എല്ലാ ഇലകളും

കൊഴിഞ്ഞു.

മരം കത്തിക്കരിഞ്ഞുണങ്ങി.

എന്റെ പുഴ

വറ്റിവരണ്ട്

വിലാപഗീതം പാടി.

ഇന്നിവിടെ
കാടില്ല, കാട്ടാറില്ല
മുള ങ്കാടിൻ മധുര മർമ്മരമില്ല.
പൂവില്ല, പൂവനത്തിൻ
സുഗന്ധമില്ല.
കിളിയില്ല, കിളിപ്പാട്ടില്ല.
പ്രണയമില്ല,
ഇരു ഹൃദയം
ഒന്നാകും
പ്രണയ ഗീത കമില്ല.

നല്ല എല്ലാ ഹൃദയ വികാരങ്ങളും

കാലം

ചുരണ്ടിയെടുത്തു.

നന്മ വറ്റിയ

എന്റെ ഗ്രാമത്തിന്റെ മുഖം

ആകെ മാറിയിരിക്കുന്നു.

സ്നേഹം, സൗഹൃദം, സത്യം

നീതി, ധർമ്മം

എല്ലാം ക്ഷയിച്ച്

മനുഷ്യൻ

മൃഗമായി മാറിക്കൊണ്ടിരിക്കുന്നു.

നാഗരികതയുടെ നീണ്ട നാക്ക്

ഗ്രാമത്തിന്റെ അവസാനത്തെ

വിശുദ്ധിയുടെ നീർത്തുള്ളിയും

നക്കിയെടുത്തിരിക്കുന്നു.

ഇവിടെ

പരിചിതരായി ഇന്നാരുമില്ല.

എല്ലാം

അപരിചിതർ മാത്രം.

സ്നേഹിതന്റെ

ചിരിക്കുന്ന മുഖത്തിനപ്പുറം

കത്തിയുണ്ടോയെന്ന്.

ഓരോ ആളും

ഒളിഞ്ഞു നോക്കുന്ന അവസ്ഥ.

എല്ലാവരും

മുഖപടം അണിഞ്ഞിരിക്കുന്നു.

ഞാൻ

കണ്ണാടിയിൽ നോക്കി

വിസ്മയപ്പെട്ടു.

എനിക്കെത്ര മുഖങ്ങൾ.

പെട്ടെന്ന്

വളരെ പെട്ടെന്ന്

പ്രകൃതിയുടെ നാടിന്റെ

കാലാവസ്ഥ മാറി.

കാലം
പ്രചണ്ഡതാണ്ഡവം
ആടുകയാണ്.
സർവ്വസ്വവും നശിക്കുകയാണ്.
ഇനിയൊരു തിരിച്ചു പോക്ക് സാധ്യമോ?
ഞാനൊരു
ഓപ്റ്റിമിസ്റ്റല്ല.
പെസി മിസ്റ്റാണ്.
എന്നിലെ പെസിമി സ്‌റ്റ്‌ പറയുന്നു.
ഇനിയൊരു
മടക്കയാത്ര അസാധ്യം.

Tags:    
News Summary - Poetry by Pramod Kuttiyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.