കവിതാസ്വാദകരുടെയും ചിത്രകലാപ്രേമികളുടെയും ഇടയിലേക്ക് പുതിയ ആവിഷ്കാര രീതിയുമായ് എത്തുകയാണ് കണ്ണൂർ ചാല സ്വദേശിയായ കേണൽ സുരേശൻ. ചിത്രവും കവിതയും ചേർന്ന പോസ്റ്റർ കവിതകൾ എന്ന രൂപമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കുറുകിയ കവിതകളുടെ മലയാള പാരമ്പര്യത്തിലേക്ക് മുതൽക്കുട്ടാകുകയാണ് ഈ പരീക്ഷണം.
ചിത്രങ്ങളും കവിതകളും പരസ്പരം സ്വാംശീകരിച്ച് ഒന്നാകുന്ന സർഗതത്മകതയുടെ ഒരു പുതിയ രീതിയാണ് താൻ ആസ്വാദകർക്കു മുമ്പിൽ അവതരിപ്പിക്കുന്നതെന്ന് കേണൽ സുരേശൻ പറയുന്നു. 'അറുപത് മുറിവുകൾ' എന്ന പേരിൽ കവിതാ പുസ്തകമായും ചിത്രപ്രദർശനമായുമാണ് സുരേശൻ പോസ്റ്റർ കവിതകൾ അവതരിപ്പിക്കുന്നത്. കണ്ണൂർ സിറ്റി സെന്‍ററിലെ 'സ്പെയ്സ് ഗ്യാലറി'യിലാണ് ഏപ്രിൽ 27 വരെ ചിത്രപ്രദർശനം നടക്കുന്നത്.
പുസ്തക പ്രകാശന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി വൈസ് ചെയർമാൻ എബി ജോസഫ് പ്രകാശനം നിർവഹിച്ചു. സച്ചിദാനന്ദൻ അവതാരികയും പി.എ. നാസിമുദ്ദീൻ പഠനവുമെഴുതിയ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കൊടുങ്ങല്ലൂരിലെ പുലിറ്റ്സർ ബുക്ക് ആണ്.
'ആത്മസഖിയെ അഭിസംബോധന ചെയ്താണ് ചിത്രം-കവിത മിശ്രണത്തിലൂടെ പോസ്റ്റർ കവിതകൾ നെയ്തെടുത്തിരിക്കുന്നത്. പ്രണയിനിയുടെ വേർപിരിയലിൽ നിന്നുണ്ടാകുന്ന തീവ്രമായ ഏകാന്തനോവാണ് ഈ സൃഷ്ടികളുടെ ആത്മാവ്' -സുരേശൻ പറയുന്നു.
ചിത്രകലയിലും കവിതാരചനയിലും കുട്ടിക്കാലം മുതലേ തൽപരനായ കേണൽ സുരേശൻ 2011ലാണ് മുപ്പത് വർഷം നീണ്ട പട്ടാള ജീവിതം അവസാനിപ്പിച്ചത്. 'തിമിരകാലം', 'കുട്ടികൾ അച്ഛനുമമ്മയും കളിക്കുമ്പോൾ' എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവി അയ്യപ്പന്‍റെ കവിതകൾ ആസ്പദമാക്കി വരച്ച 'ബലിക്കുറിപ്പുകൾ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.