മലയാള കവിതയിലെ വേറിട്ട ശബ്ദമാണ് യുവകവി അനീഷ് ഹാറൂൺ റഷീദിന്റേത്. ‘ചാരുകസേരയും കോളാമ്പിയും’ എന്ന കവിതാ സമാഹാരശീർഷകം തന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ വസതിയിലെ മാങ്കോസ്റ്റിൻ ചുവട്ടിലെ ഇരിപ്പിനെ ഓർമപ്പെടുത്തുന്നു. ചരിത്ര രാഷ്ട്രീയ സംവാദം കവിതകളിലെ അന്തഃസന്നിവേശം സാധ്യമാക്കുന്നുണ്ട്. ഭാഷയിലും ഭാവുകത്വത്തിലും പൊളിച്ചെഴുത്ത് നടത്തുത്തുകയാണ് ഇവിടെ. കവിതകൾ കലാ പൊൻമുഖമാകുന്നു. ഓർമകളുടെ രാഷ്ട്രീയം, പ്രത്യയശാസ്ത്രം സംവാദവിധേയമാക്കുകകൂടി ചെയ്യുന്നുണ്ട് ഈ കവിതകൾ. കവിതകൾ വരികൾക്കിടയിൽ വായിക്കാൻ ഒരു മൂന്നാം കണ്ണ് അനുവാചകനിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. ഇരുപത്തിയൊമ്പത് കവിതകളുടെ സമാഹാരമാണിത്. മതേതര മാനവിക മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന കവിതകളാണേറെയും.
മുസ്‍ലിം സമുദായത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ സാധ്യതകൾ അവതീർണമാക്കുന്ന ചില കവിതകളെങ്കിലും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതാകട്ടെ ഒരുതരം സെക്കുലർ സംസ്കാരം വിളംബരം ചെയ്യുന്നുമുണ്ട്. മതത്തിന്റെ മാനവികത അനുസന്ധാരണം ചെയ്യുന്ന രചനകളുമുണ്ട്. ജീവിതത്തിന്റെയും മരണത്തിന്റെയും സാധ്യതകൾ കവിതകളിൽ നിർലീനമാണ്. ഇമേജറികളുടെ ധാരാളിത്തം കവിതകളുടെ സാധ്യതയാണ് തെളിയിക്കുന്നത്. കല്ലുകൾ, റാത്തീബ്, ഖബർ മുറ്റത്ത്, അസർബാങ്ക്, ചന്ദനക്കുടം, ഒസ്കത്ത് തുടങ്ങിയ കവിതകൾ മിത്തും ചരിത്രവും കുഴമറിയുന്ന കവിതകളാണ്.
കവി ജനിച്ചുവളർന്ന പശ്ചാത്തലത്തിൽനിന്ന് ഊർജമുൾക്കൊണ്ട രചനകളാണ് ഈ സമാഹാരത്തിലുള്ളത്. വിവിധ ആനുകാലികങ്ങളിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച കവിതകളാണ് ഏറെയും. മനുഷ്യജീവിത സമസ്യകൾ സംവാദവിധേയമാക്കുന്ന കവിതകളാണ് രണ്ട് നാനോ കാറുകളുടെ പ്രണയം, ചരമകോളം, കെളവി, അടുപ്പുകൾ, ഭീമരസപാനം, ഒറ്റഫ്രെയിമിൽ, ആൽപ്സിലെ ആത്മാക്കൾ, ചാരുകസേരയും കോളാമ്പിയും, നഴ്സ്, പഴേവീട് തുടങ്ങിയവ. ജീവിതഗന്ധിയായ സൃഷ്ടികളാണ് ഇവയെല്ലാം. നഷ്ടപ്പെടലിന്റെ വിലാപങ്ങളല്ല കിട്ടാനുള്ള പ്രഭാതസ്വപ്നങ്ങളാണ് കവിതകളുടെ അന്തഃസന്നിവേശം സാധ്യമാക്കുന്നത്. കവിതകൾ ഛന്ദസ്സിന്റെയും മുക്തഛന്ദസ്സിന്റെയും അനന്തസാധ്യതകൾ അന്വയിക്കുന്നു.
അവതാരികയിൽ ബക്കർ മേത്തല എഴുതിയതുപോലെ മൗനത്തിനും ധ്യാനത്തിനുമിടയിൽ രൂപപ്പെടുന്ന ഉൺമയുടെ തടാകങ്ങളിൽ വിരിയുന്ന ഒരുപാട് ഇതളുകളുള്ള പൂവാണ് അനീഷിന്റെ കവിത. ഈ നിരീക്ഷണം അർഥവത്താണ്. അതോടൊപ്പം കവി വിജില കുറിച്ചതുപോലെ, ഭാഷയുടെ മൗലികത ബിംബങ്ങളുടെ കിസ്മത്ത് ഒരേസമയം യാഥാർഥ്യത്തെയും കൽപനകളെയും വരികളിൽ കൊരുത്ത് സാമൂഹികബോധത്തോടെ സ്വപ്നം കാണുകയും ഉണർന്നിരിക്കുകയും ചെയ്യുന്ന സത്യസന്ധമായ എഴുത്തുകൊണ്ട് മനുഷ്യജീവിതത്തോട് സമരസപ്പെടുന്ന കവിയെ കണ്ടെടുക്കാമെന്ന പ്രസ്താവം അനീഷ് എന്ന കവിയെ സംബന്ധിച്ചും കവിതകളെ സംബന്ധിച്ചും സാരഗ്രാഹിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.