‘ഞമ്മള് രണ്ടും കണ്ടു’ -മൂസാപ്ല പറഞ്ഞു. ‘തെയ്യം കെട്ട്യാ പണിക്കർ വല്ല്യാളായി. തീയരും നമ്പ്യാന്മാരും കാലിന് വീണ് വന്ദിക്കുന്നു. തെയ്യം കഴിഞ്ഞാ പിന്നെ പണിക്കർ താഴ്ന്നോനായി. ഇതെന്തൊരു മറിമായം’ മൂസാപ്ല ആശ്ചര്യപ്പെട്ടു. കേട്ടുനിന്നവർ പുഞ്ചിരിയമർത്തി, തലയാട്ടി സമ്മതിച്ചു. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഉത്തമൻ ബാവോഡിന്റെ രചന ‘പ്രണയ ദുഃഖങ്ങൾക്കൊരു സാക്ഷി’ ഉത്തര കേരളത്തിലെ തെയ്യം, തിറ, തോറ്റം, കലാകാരന്മാരുടെ സമുദായം, അവരുടെ കഷ്ടതകൾ, ’70കളിലെ രാഷ്ട്രീയം, ജാതിവ്യവസ്ഥ എന്നീ വിശദാംശങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോവാൻ പ്രണയത്തെയും നൈരാശ്യത്തെയും ഭംഗിയായി കൂട്ടുപിടിക്കുന്നു.
കിട്ടുന്നതുകൊണ്ട് നാൾ കഴിച്ചാൽ പിന്നെ വീണ്ടും പട്ടിണി താണ്ഡവമാടും. വിശപ്പുകൊണ്ട് പിള്ളേരുടെ നിലവിളി മുറവിളിയായ് ഉയരുമ്പോൾ നാണി നാടിറങ്ങി നടന്നു. കൊയ്ത്തു ദിനങ്ങളിൽ പാറ്റിച്ചേറുന്ന വന്നല നെല്ലിനായ് ഉടുകോന്തല നിവർത്തിക്കൊണ്ട് നാണി കെഞ്ചുന്നു, ‘വല്യമ്മേ രണ്ടു നാഴിയെങ്കിലും’... ‘എല്ലാവർക്കും പേറ്റിച്ചിയല്ലേ, അകമഴിഞ്ഞു കൊടുത്ത രണ്ടുനാഴി കൊണ്ട് അടുപ്പിൽ തീയെരിയുമ്പോൾ കണ്ടുനിൽക്കുന്ന പിള്ളേരുടെ ഉള്ളം നിറയും’. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കയ്പുനീർ രുചിപ്പിക്കാൻ ഗ്രന്ഥകർത്താവിന് നന്നായി കഴിഞ്ഞിട്ടുണ്ട്.
‘അപ്പോഴേക്കും പതുക്കെപ്പതുക്കെ തടവിക്കൊണ്ടിരിക്കെ പതുക്കെ പതുക്കെ ചക്കപ്പഴത്തിൽ നിന്ന് കുരു വഴുതിവരുന്നത് പോലെ ചെക്കൻ വന്ന് ഭൂമി കണ്ടു’ -ഒരു പ്രസവരംഗം ഇത്രയും ഭംഗിയായി അവതരിപ്പിച്ചത് വേറെയെവിടെയും ഇതുവരെ വായിച്ചിട്ടില്ല. ഭാഷയുടെ ലാളിത്യവും സത്യസന്ധതയും കഥയെ തെളിമയോട് കൂടിയുള്ള പുഴയൊഴുക്കുപോലെ അനുഭവിപ്പിക്കുന്നു. വിഫലമായ പ്രണയങ്ങൾ തന്നെയാണ് കഥയുടെ അടിയൊഴുക്കുകൾ. ‘പറശ്ശിനി പുഴ പിന്നെയും ഒഴുകി. പിന്നെയും പിന്നെയും കദനം പേറി നിറഞ്ഞൊഴുകി. കാലമെങ്ങോ കടന്നുപോയി...’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.