ഗുരുസ്മരണ

മാർച്ച് 26ന് അന്തരിച്ച, മലയാളത്തിലെ എക്കാലത്തെയും മികച്ച വിവർത്തകരിൽ ഒരാളായ പ്രഫ. പി. മാധവൻപിള്ളയെ അനുസ്മരിക്കുകയാണ്. കഥാകൃത്തും സഹപ്രവർത്തകനുമായിരുന്ന ലേഖകൻ.ചങ്ങനാശ്ശേരി പെരുന്നയിൽ എം.സി റോഡിനോടു ചേർന്ന് എപ്പോഴും തണലായി പടർന്നുനിൽക്കുന്ന ഒരു നാട്ടുമാവും അതിന്റെ പിന്നിലായി പഴയമട്ടിലൊരു വീടും അതിൽ സൗമ്യനായ ഒരു മനുഷ്യനെയും അരനൂറ്റാണ്ടായി ഒരു മാറ്റവുമില്ലാതെ കണ്ടുകൊണ്ടിരുന്നവരിൽ ഞാനുമുണ്ട്. വെയിൽ ചാഞ്ഞ നാലുമണിനേരത്ത് ചെറുമകന്റെ കൈയിൽ പിടിച്ച് മാവിൻചുവട്ടിൽനിന്ന് വഴിയെ പോകുന്ന വാഹനനിരകളെ അവനു കാണിച്ചുകൊടുക്കുകയാണ് ആ മനുഷ്യൻ. ''അഞ്ചു ജെ.സി.ബികൾ കണ്ടിട്ടേ ഇവൻ വീട്ടിൽ കയറൂ....

മാർച്ച് 26ന് അന്തരിച്ച, മലയാളത്തിലെ എക്കാലത്തെയും മികച്ച വിവർത്തകരിൽ ഒരാളായ പ്രഫ. പി. മാധവൻപിള്ളയെ അനുസ്മരിക്കുകയാണ്.  കഥാകൃത്തും സഹപ്രവർത്തകനുമായിരുന്ന ലേഖകൻ.

ങ്ങനാശ്ശേരി പെരുന്നയിൽ എം.സി റോഡിനോടു ചേർന്ന് എപ്പോഴും തണലായി പടർന്നുനിൽക്കുന്ന ഒരു നാട്ടുമാവും അതിന്റെ പിന്നിലായി പഴയമട്ടിലൊരു വീടും അതിൽ സൗമ്യനായ ഒരു മനുഷ്യനെയും അരനൂറ്റാണ്ടായി ഒരു മാറ്റവുമില്ലാതെ കണ്ടുകൊണ്ടിരുന്നവരിൽ ഞാനുമുണ്ട്. വെയിൽ ചാഞ്ഞ നാലുമണിനേരത്ത് ചെറുമകന്റെ കൈയിൽ പിടിച്ച് മാവിൻചുവട്ടിൽനിന്ന് വഴിയെ പോകുന്ന വാഹനനിരകളെ അവനു കാണിച്ചുകൊടുക്കുകയാണ് ആ മനുഷ്യൻ. ''അഞ്ചു ജെ.സി.ബികൾ കണ്ടിട്ടേ ഇവൻ വീട്ടിൽ കയറൂ. മൂന്നെണ്ണം കണ്ടുകഴിഞ്ഞു. അടുത്തതിനു കാത്തുനിൽക്കുവാ... മൈനാഗപ്പള്ളിയിൽ പണ്ട് ലോറി വന്നപ്പോൾ ഒരുദിവസം സ്കൂളിൽ പോവാതെ ലോറീടെ പിന്നാലെ നടന്നവനാ ഞാൻ. കാലം കുറേ കടന്നുപോന്നെങ്കിലും മനസ്സിൽ ആഗ്രഹങ്ങൾ കയറിവരുന്നത് വലിയ വ്യത്യാസമൊന്നുമില്ലാതെയാ. ഇതൊക്കെ മനസ്സിലുള്ളതുകൊണ്ടല്ലേ നമ്മൾ ഇപ്പോഴും ജീവിതത്തെ ഇങ്ങനെ ചേർത്തുപിടിക്കുന്നത്.'' ആ മനുഷ്യൻ നാലരപ്പതിറ്റാണ്ടിനുമുമ്പ് മൊഴിമാറ്റം ചെയ്ത ഒരു വരിയാണ് അപ്പോൾ ഓർമയിൽ വന്നത്. ലോകത്തെ ജയിക്കുന്നതുപോലെ എളുപ്പമല്ല മനസ്സിനെ ജയിക്കുക എന്നത് (യയാതി). വിവർത്തനസാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങൾ നേടിയിട്ടുള്ള പി. മാധവൻപിള്ളയായിരുന്നു ആ മനുഷ്യൻ.

വി.എസ്. ഖാണ്ഡേക്കറുടെ യയാതിയുടെ വിവർത്തനം എഴുപതുകളുടെ അവസാനമാണ് പി. മാധവൻപിള്ള നിർവഹിക്കുന്നത്. ഒരു പതിറ്റാണ്ടുകാലംകൊണ്ട് വായനയുടെ ലോകത്ത് 'ഖസാക്കിന്റെ ഇതിഹാസം' പരുവപ്പെടുത്തിയ സംവേദനക്ഷമതയുടെ പുതിയ കാലമായിരുന്നു അത്. മൂലകൃതിയുടെ തോതുകളൊന്നുംതന്നെ കുറയാതെ ഇവിടേക്കു വന്ന യയാതിയെ മലയാളനോവലായി അന്നു മുതൽ സ്വീകരിച്ചുവരുന്നത് പരിഭാഷകനുണ്ടായിരുന്ന സർഗാത്മകതയുടെ അനുഗ്രഹംകൊണ്ടു മാത്രമാണ്. ഭാരതീയഭാഷകളിൽ വിശേഷിച്ചും ഔപചാരികമായി പഠിച്ചെടുത്ത ഹിന്ദിയിൽ ഉണ്ടായിരുന്ന ധാരണയെക്കാൾ ജന്മസിദ്ധമായി ലഭിച്ച സർഗവൈഭവമാണ് ഇരുപതിലധികം അന്യഭാഷാകൃതികളെ മലയാളസാഹിത്യത്തിന്റെ ഭാഗമാക്കാൻ കാരണമായത്. വായനയുടെയും അധ്യാപനത്തിന്റെയും ഇടങ്ങളിൽ എണ്ണമില്ലാത്തവണ്ണം കൃതികളെ അടുത്തറിഞ്ഞെങ്കിലും തന്നിലെ സഹൃദയൻ മൊഴിമാറ്റണമെന്ന് തോന്നിപ്പിച്ചവയെ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. ആ സഹൃദയത്വമാവട്ടെ നന്മയിൽ അധിഷ്ഠിതമായ മൂല്യബോധത്തിലും സാഹിത്യരചനയിലൂടെ നിലനിർത്താവുന്ന സാംസ്കാരികതയിലും സത്യസന്ധതയിലും എഴുത്തെന്ന കലയിലും വിട്ടുവീഴ്ചയില്ലാത്തതായിരുന്നു.

പ്രഫ. പി. മാധവൻപിള്ള കുടുംബത്തോടൊപ്പം

മൂലകൃതിയിലുള്ള ഒരു വാക്കുപോലും വിട്ടുകളയാതെയും അതിലേക്ക് ഒന്നും കൂട്ടിച്ചേർക്കാതെയും മൊഴിമാറ്റം ചെയ്യുമ്പോൾ പ്രസ്തുത കൃതി ചർച്ചചെയ്യുന്ന സംസ്കാരവും ചരിത്രപശ്ചാത്തലവും നഷ്ടമാവാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അപ്പോഴും ഭാരതീയഭാഷകളിലെ സാംസ്കാരിക വൈവിധ്യം മലയാളിയുടെ ഭാവുകത്വത്തിനോട് ഇണക്കിനിർത്താൻ പി. മാധവൻപിള്ളയുടെ സർഗാത്മകതക്ക് അനായാസം സാധിച്ചു. മറാത്തി നോവൽ യയാതി ഏതു കാലഘട്ടത്തിലെയും സുഖാന്വേഷിയായ മനുഷ്യൻ എത്തിച്ചേരുന്ന ദുരന്തപൂർണമായ അവസ്ഥയെ ചിത്രീകരിക്കുകയാണ്. മഹാഭാരതകഥയെ വി.എസ്. ഖാണ്ഡേക്കർ പുനഃസൃഷ്ടിക്കുകയായിരുന്നു. എഴുപത്തിയാറിൽ ജ്ഞാനപീഠം ലഭിച്ച യയാതിക്ക് മറാത്തി സാഹിത്യത്തിൽ ലഭിച്ചതിനെക്കാൾ സ്വീകാര്യത മലയാളത്തിൽ ഉണ്ടായി. 1980ൽ ആദ്യപതിപ്പായി അയ്യായിരം കോപ്പികൾ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചു. വർഷത്തിൽ രണ്ടും മൂന്നും പതിപ്പുകൾ ഇപ്പോഴും പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിൽ ഇത്രയധികം പതിപ്പുകൾ വന്നിട്ടുള്ള മറ്റൊരു വിവർത്തനഗ്രന്ഥം ഇല്ല. യയാതി മാത്രമല്ല വി.എസ്. ഖാണ്ഡേക്കർ എന്ന എഴുത്തുകാരനെയും മലയാളത്തിനു സ്വന്തമാക്കിയത് പി. മാധവൻപിള്ളയാണ്.

മൂലകൃതികളെക്കാൾ ഹിന്ദി പരിഭാഷകളെയാണ് അദ്ദേഹം ആശ്രയിച്ചിരുന്നത്. ബംഗാളി നോവലിസ്റ്റായ ആശാപൂർണാദേവിയുടെ മൂന്ന് നോവലുകൾ പിന്നീട് പരിഭാഷപ്പെടുത്തുന്നു. യുക്തിരഹിതമായ അനാചാരങ്ങളാൽ അസഹനീയമാംവണ്ണം ക്രൂരതകൾ ഏറ്റുവാങ്ങേണ്ടിവന്ന ബംഗാളിലെ സ്ത്രീകളെ പുതിയൊരു സാമൂഹികവ്യവസ്ഥ സ്ഥാപിച്ച് മോചനത്തിനുള്ള വഴിതുറക്കുന്നതിന് ശക്തിസ്വരൂപിണിയാക്കാനുള്ള ശ്രമം പ്രഥമപ്രതിശ്രുതിയിൽ കാണാം. സ്ത്രീശാക്തീകരണത്തിന്റെ ആദ്യപ്രതീകമായിട്ടാണ് സത്യവതി എന്ന കഥാപാത്രത്തെ നോവലിൽ ആവിഷ്കരിച്ചിട്ടുള്ളത്. സത്യവതിയുടെ മകൾ സുവർണയും അവരുടെ ഇളയമകൾ ബകുളുമാണ് യഥാക്രമം നോവൽത്രയത്തിൽപെട്ട സുവർണലതയിലെയും ബകുളിന്റെ കഥയിലെയും നായികമാർ. സമൂഹത്തിൽ സ്ത്രീക്ക് അർഹതയും അംഗീകാരവും നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങളുടെ കഥകൾ ഏതുദേശത്തും ഏതുകാലത്തും പ്രാധാന്യമുള്ളതാകയാൽ ഈ മൂന്നു നോവലുകളെയും പരിഭാഷപ്പെടുത്താൻ തിരഞ്ഞെടുത്തു. പിന്നീട് നിരവധി കൃതികളെ വിവർത്തനം ചെയ്തു.

കന്നട മുതൽ അസമീസ് വരെയുള്ള പ്രാദേശികഭാഷകളിലെ കൃതികളെയും സാഹിത്യകാരന്മാരെയും മലയാളത്തിലേക്ക് കൊണ്ടുവന്നതിന്റെ ധന്യത ഇങ്ങനെ ചുരുക്കാം. താരാശങ്കർ ബാനർജിയുടെ പരാതി (ബംഗാളി), ഭീഷ്മസാഹ്നിയുടെ തമസ്സ്, മയ്യാദാസിന്റെ മാളിക (ഹിന്ദി), പ്രതിഭാറായിയുടെ ശിലാപത്മം, ഉത്തരമാർഗം, ദ്രൗപദി (ഒറിയ), മനോഹർ ശ്യാം ജോഷിയുടെ കുരകുരുസ്വാഹ (ഹിന്ദി), രവീന്ദ്രനാഥ ടാഗോറിന്റെ യോഗായോഗ് (ബംഗാളി), ബേബി ഹൽദാറിന്റെ നിഴലും വെളിച്ചവും (ബംഗാളി), ഇന്ദിരാ ഗോസ്വാമിയുടെ ദക്ഷിണകാമരൂപിന്റെ ഗാഥ (അസമീസ്), ബീരേന്ദ്രകുമാർ ഭട്ടാചാര്യയുടെ മൃത്യുഞ്ജയം (അസമീസ്), ജൈനേന്ദ്രകുമാറിന്റെ രാജിക്കത്ത് (ഹിന്ദി), വിശ്വാസ് പാട്ടീലിന്റെ മഹാനായകൻ (മറാത്തി), ഗിരിരാജ് കിഷോറിന്റെ കരുനീക്കങ്ങൾ (ഹിന്ദി) എന്നീ നോവലുകളെ കൂടാതെ യു.ആർ. അനന്തമൂർത്തിയുടെ കഥകളായ മൗനിയും, യശ്പാലിന്റെയും ജൈനേന്ദ്രകുമാറിന്റെയും േപ്രംചന്ദിന്റെയും തിരഞ്ഞെടുത്ത കഥകളും മൊഴിമാറ്റം ചെയ്തു. മയ്യാദാസിന്റെ മാളികക്ക് കേന്ദ്ര സാഹിത്യ അക്കാദമിയും ശിലാപത്മത്തിന് കേരള സാഹിത്യ അക്കാദമിയും പുരസ്കാരം നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസകാലത്ത് കഥകളും കവിതകളും എഴുതിയിട്ടുണ്ടെങ്കിലും വിവർത്തനത്തിലേക്ക് വഴിമാറിയതോടെ അതെല്ലാം ഉപേക്ഷിച്ചു. ഒ.എൻ.വി, സുഗതകുമാരി, വിഷ്ണുനാരായണൻ നമ്പൂതിരി, ഡി. വിനയചന്ദ്രൻ എന്നിവരുടെ കവിതകളും ജി. ശങ്കരപ്പിള്ളയുടെ ഭരതവാക്യം എന്ന നാടകവും ഒട്ടേറെ ചെറുകഥകളും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി.


അക്കാദമികരംഗത്ത് പ്രഫ. പി. മാധവൻപിള്ളക്ക് മറ്റൊരു മുഖമായിരുന്നു. എഴുത്തുകാരന് തുല്യമായ പദവി പരിഭാഷകനും നേടിക്കൊടുത്ത പ്രതിഭാശാലിയുടെ തിരക്കൊന്നും ഒരിക്കലും എന്റെയും അധ്യാപകനായിരുന്ന മാധവൻപിള്ള സാറിൽ കണ്ടിട്ടില്ല. പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരു മുഴുവൻസമയ അധ്യാപകൻ. വിഷയം ഹിന്ദിയായിരുന്നെങ്കിലും മലയാളസാഹിത്യം മുതൽ ലോകസാഹിത്യംവരെ പരിഗണിക്കുന്ന ക്ലാസുകളായിരുന്നു സാർ നയിച്ചിരുന്നത്. ക്ലാസിനുപുറത്ത് സുഹൃത്തും രക്ഷിതാവുമായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജിലെ സ്റ്റുഡന്റ്സ് യൂനിയൻ ഉദ്ഘാടനം ചെയ്യാൻ െപ്രാ വൈസ് ചാൻസലറായിരുന്ന ഡോ. എൻ.എ. കരീം എത്തി. കരീം സാറിനെ പ്രതിപക്ഷവിദ്യാർഥികൾ ചീമുട്ട എറിഞ്ഞതുകാരണം സമ്മേളനം അലസിപ്പിരിഞ്ഞു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. മാനേജ്മെന്റും കേരള യൂനിവേഴ്സിറ്റിയും ശിക്ഷണനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. പ്രഫ. പി. മാധവൻപിള്ള, പ്രഫ. എം.കെ. ശ്രീധരൻപിള്ള, പ്രഫ. വി. മുരളീധരൻപിള്ള എന്നിവരെ പരാതി അന്വേഷിക്കാൻ കമീഷനെ വെച്ചു. പിള്ളക്കമീഷനെന്നു കുട്ടികൾ കൂവി. തെളിവെടുപ്പും വിശകലനവും എല്ലാം കഴിഞ്ഞപ്പോൾ മാധവൻപിള്ള സാർ എന്നോടുപറഞ്ഞു, എടോ പിള്ളക്കമീഷൻ പിള്ളാരുകളിയല്ല. അവസാന എട്ടുപേരിൽ താനുമുണ്ട്. അന്നത്തെ കാമ്പസിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃനിരയിൽ ഉണ്ടായിരുന്നതിനാൽ എന്റെ പേരും കമീഷൻ മുമ്പാകെ കുറെ കുട്ടികൾ എഴുതിക്കൊടുത്തു. കമീഷനംഗങ്ങളെ കൂടാതെ പ്രിൻസിപ്പലുംകൂടിയുള്ള സമിതിക്കുമുമ്പിൽ ഓരോരുത്തരെയായി വിചാരണചെയ്തു. തനിക്ക് എന്തെങ്കിലും പറയാനുണ്ടോ..? പ്രിൻസിപ്പൽ പ്രഫ. പി.എം. കൃഷ്ണൻ നായർ സാർ ചോദിച്ചു. ഞാൻ കുറ്റം നിഷേധിച്ചു. സദസ്സിന്റെ മുൻനിരയിൽ ഇരിക്കുകയായിരുന്നെന്നും പറഞ്ഞു. മാധവൻപിള്ളസാർ ആ സമയത്ത് രക്ഷകനായി അവതരിച്ച നിമിഷം അന്നത്തെപ്പോലെ ഇന്നും മനസ്സിലുണ്ട്. ഇയാൾ പറയുന്നത് ശരിയാണുസാർ. എന്റെ അടുത്ത കസേരയിൽ ഇയാളുണ്ടായിരുന്നു. സാറുപറഞ്ഞത് നൂറു ശതമാനം സത്യവുമായിരുന്നു. അദ്ദേഹം മിണ്ടാതിരുന്നെങ്കിൽ ഇന്നത്തെ ഞാൻ ഉണ്ടാവുമായിരുന്നില്ല. സാറിന്റെ സഹപ്രവർത്തകനായി ഏറെക്കാലം കഴിയാനും സാധിക്കുമായിരുന്നില്ല. ശിക്ഷിക്കപ്പെട്ടു പുറത്തുപോയ നാലു സുഹൃത്തുക്കളോടൊപ്പം മറ്റൊരു വഴിയിൽ മറ്റൊരാളായിത്തീർന്നേനെ.

അക്കാദമിക ജീവിതത്തിൽനിന്ന് പ്രഫ. പി. മാധവൻ പിള്ള വിരമിക്കുന്നത് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റിയിൽനിന്നാണ്. ഈ കാലയളവിൽ നാലു നിഘണ്ടുക്കളും അദ്ദേഹം തയാറാക്കി.

Tags:    
News Summary - prof madhavan pillai Mémoire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT