കോഴിക്കോട്: ആദിവാസികളുടെ ജീവിതവും ചരിത്രവും സാംസ്കാരിക സവിശേഷതകളും പോരാട്ടങ്ങളും ആവിഷ്കരിച്ച കഥാകാരിയാണ് ഓർമയാവുന്നത്. പി. വത്സലയുടെ വിഖ്യാതമായ നോവൽ ‘നെല്ല്’ ചരിത്രത്തിന്റെ ഇടനാഴിയിൽ തടഞ്ഞ് വീണുപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയായിരുന്നു. വയനാട്ടിലെ വയലുകളിലും സമൂഹങ്ങളിലും കണ്ട കഥാപാത്രങ്ങളാണ് തന്റെ കഥകളിലുള്ളതെന്ന് കഥാകാരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കഥാകാരിക്ക് വയനാട്ടിലെ തിരുനെല്ലി ഒരു സ്വപ്നഭൂമിയായിരുന്നു. സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ടും കഥകളുടെ പെരുന്തച്ചനായ എം.ടി. വാസുദേവൻ നായരുമായിരുന്നു പ്രചോദനം. 32ാമത്തെ വയസ്സിൽ ആറുമാസം മാത്രം പ്രായമായ മകളെയും കൊണ്ടാണ് അവർ ഭർത്താവുമൊന്നിച്ച് തിരുനെല്ലിയിലേക്ക് പുറപ്പെട്ടത്. കീഴാളവർഗത്തോടും പ്രകൃതിയോടുമുള്ള ചൂഷണത്തിന്റെയും വഞ്ചനയുടെയും കഥകൾ എഴുതാൻ മാത്രം കഥാകാരി തിരുനെല്ലിയിലെ കൂമൻകൊല്ലിയിൽ വീട് വാങ്ങിയിരുന്നു. അവിടെ, മണ്ണിനെയും മനുഷ്യരെയും കാടിനെയും പുഴയെയും ജീവജാലങ്ങളെയും കഥാകാരി പഠിച്ചു. ആദിവാസികളുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരുടെ ജീവിതം അതേപടി ഒപ്പിയെടുത്തു.
ബാഹ്യലോകത്തിന്റെ ഇടപെടലുകളില്ലാത്ത ദേശം. പാവപ്പെട്ട ആ മനുഷ്യർ പുറംലോകത്തെക്കുറിച്ച് അറിഞ്ഞത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രാൻസിസ്റ്റർ റേഡിയോകളിലൂടെയായിരുന്നു. 1972 ഫെബ്രുവരിയിലാണ് നെല്ലിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. ഹിന്ദി ഉൾപ്പെടെ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ടു. നോവൽ രാമു കാര്യാട്ട് സിനിമയുമാക്കി.
ആദ്യ തിരുനെല്ലി യാത്രയെക്കുറിച്ച് കഥാകാരി ഒരു അഭിമുഖത്തിൽ വിവരിച്ചത് ഇങ്ങനെയാണ്: ‘‘ആദ്യമായി തിരുനെല്ലിയിൽ പോയത് ഇപ്പോഴും മറക്കാനാവില്ല. അക്കാലത്ത് തിരുനെല്ലിയിലൊന്നും ആരും പോവില്ല. അഞ്ചു മാസം പ്രായമുള്ള കുട്ടിയുമായാണ് പോയത്. വാഹനങ്ങൾ അധികമില്ല. കഷ്ടി ഒരു റോഡുണ്ട്. പുഴക്കു കുറുകെ പാലമില്ല. മാനന്തവാടിയിലെത്തിയപ്പോൾ ജീപ്പിന് ഡ്രൈവറില്ല. പാനൂരുകാരനായ ഒരു ഹംസയെ തേടിപ്പിടിച്ചുകൊണ്ടുവന്നു. കാടിനുള്ളിലൂടെ അയാളാണ് ജീപ്പ് ഓടിച്ചുകൊണ്ടുപോയത്. കനത്ത മഴ പെയ്യുകയാണ്. കുത്തിയൊലിച്ച് വെള്ളം ഒഴുകുകയാണ്. തിരുനെല്ലി എത്തുമെന്നതിൽ ഹംസക്ക് സംശയമായിരുന്നു. താമസം ഏർപ്പാടുചെയ്യാമെന്നേറ്റയാൾ ഞങ്ങൾ ചെല്ലുമ്പോൾ അവിടെയില്ല. രണ്ടു ദിവസം അയാളുടെ വീട്ടിൽ താമസിച്ചു. മൂന്നാംദിവസമാണ് താമസിക്കാൻ ‘മനയമ്മ’യുടെ വീട് ശരിയാക്കിയത്. മനയമ്മയുടെ മകനു താമസിക്കാൻ വേണ്ടിയുണ്ടാക്കിയ കളപ്പുരയിലാണ് ഞങ്ങൾ താമസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.