ആർ. രാജശ്രീ

'ആ കാറങ്ങ് മേടിച്ചു കൊടുത്താൽ പ്രശ്നം തീരുമായിരുന്നല്ലോ എന്നൊരു പരിഹാര നിർദ്ദേശം ഗ്രൂപ്പിൽക്കണ്ട ഞെട്ടൽ മാറിയിട്ടില്ല'

നിലവിലെ വ്യവസ്ഥിതിയുടെ ഇരയാണ് വിസ്മയയെന്ന് എഴുത്തുകാരി ആർ. രാജശ്രീ. തന്നെ ഇഷ്ടപ്പെട്ട് തനിക്കൊപ്പം ജീവിക്കാൻ വരുന്നവനല്ല, തന്‍റെ ചെലവിൽ ആഡംബര കാർ ഒപ്പിക്കാൻ വരുന്നവനാണ് ഇത് എന്ന് ആ ഫോൺ കോളിലൂടെ മനസ്സിലാക്കാൻ 2021ലെ ഒരു വൈദ്യ വിദ്യാർഥിനിക്ക് സാധിച്ചില്ല എന്നോർക്കുമ്പോൾ കടുത്ത നിരാശയാണ് തോന്നുന്നത്. ഏറെ ആഴത്തിൽ കിടക്കുന്ന വേരുകളാണ് പിഴുതു മാറ്റാനുള്ളത്. ഇതിന് ഉദാഹരണമായി എന്തുമാത്രം വിഷമാണ് സീരിയലുകളിലൂടെ ഇപ്പോഴും സ്വീകരണമുറികളിലൊഴുകുന്നത് എന്നു മാത്രം നോക്കിയാൽ മതിയെന്നും അവർ പറഞ്ഞു.

'ഇത്രയൊക്കെ കാശുള്ളവർക്ക് അവൻ പറഞ്ഞ ആ കാറങ്ങ് മേടിച്ചു കൊടുത്താൽ പ്രശ്നം തീരുമായിരുന്നല്ലോ, കൂടി വന്നാൽ ഇരുപത് പവനും കൂടി കൊടുത്തേക്കണം, എന്നാൽ ആ പെണ്ണ് ജീവിച്ചിരുന്നേനെ' എന്നൊരു പരിഹാര നിർദ്ദേശം അഭ്യസ്തവിദ്യകളായ സ്ത്രീകളുടെ ഒരു ഗ്രൂപ്പിൽക്കണ്ട ഞെട്ടൽ മാറിയിട്ടില്ലെന്നും ഫേസ്ബുക് കുറിപ്പിൽ ആർ. രാജശ്രീ പറഞ്ഞു.

ആർ. രാജശ്രീയുടെ ഫേസ്ബുക്ക് കുറിപ്പ്

''എംജി ഹൈക്ടർ കണ്ടപ്പോൾ വിളിച്ചോ, സ്കോഡ റാപ്പിഡ് കണ്ടപ്പോൾ വിളിച്ചോ, വെന്റോ കണ്ടപ്പോൾ വിളിച്ചോ..എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്...നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്ത് വെച്ചതല്ലേ...പിന്നെ എന്താണ് രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാൻ വന്നപ്പോഴാ ഈ സാധനം ഞാൻ കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി..

പക്ഷേ അന്ന് കുഴപ്പമില്ലായിരുന്നല്ലോ....(വിസ്മയ ചോദിക്കുന്നു)

അന്ന് കുഴപ്പമില്ലാഞ്ഞിട്ടില്ല...അല്ലെങ്കിൽ ആ കല്യാണം വേണ്ടെന്ന് വെക്കണം..എന്നെ എല്ലാവരുംകൂടി വഴക്ക് പറയും അതുകൊണ്ടാ...

ബാത്ത്റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട്....

വിസ്മയയും കിരണും തമ്മിൽ വിവാഹത്തിനു മുമ്പു നടന്ന സംഭാഷണമാണ്. തന്നെ ഇഷ്ടപ്പെട്ട് തനിക്കൊപ്പം ജീവിക്കാൻ വരുന്നവനല്ല, തൻ്റെ ചെലവിൽ ആഡംബരക്കാർ ഒപ്പിക്കാൻ വരുന്നവനാണ് ഇത് എന്ന് ആ ഫോൺ കോളിലൂടെ മനസ്സിലാക്കാൻ 2021 ലെ ഒരു വൈദ്യ വിദ്യാർത്ഥിനിക്ക് സാധിച്ചില്ല എന്നോർക്കുമ്പോൾ കടുത്ത നിരാശയാണ് തോന്നുന്നത്. എത്ര കടുത്ത കണ്ടീഷനിംഗിൻ്റെ ഇരയാണ് ആ കുട്ടി! കല്യാണത്തലേന്നായതു കൊണ്ട് വിവാഹത്തിൽ നിന്നു പിന്മാറുന്നില്ല, പിന്മാറിയാൽ എല്ലാവരും തന്നെ വഴക്കു പറയുമെന്ന് ആ ആൺകോലം പറയുന്നുണ്ട്. അതു കേട്ടിട്ടും അക്കാര്യം വിസ്മയ വീട്ടുകാരോട് ഷെയർ ചെയ്തില്ല എന്നു വരുമോ?

സംഭാഷണം മുഴുവൻ റെക്കോർഡ് ചെയ്തെടുത്ത് പോലീസിൽ പരാതി നല്കി വാഹനപ്രേമിയെ അന്നു തന്നെ കുടുക്കുകയായിരുന്നു ചെയ്യേണ്ടത്.സ്ത്രീധനത്തിനു വിലപേശുന്ന ഗവ. ഉദ്യോഗസ്ഥനെ ആ സ്ഥാനത്തിരുത്തി തീറ്റിപ്പോറ്റാൻ ജനങ്ങൾക്ക് ഉത്തരവാദിത്തമില്ല. ഇക്കാര്യം വിസ്മയയുടെ വീട്ടുകാർ അറിഞ്ഞിട്ടും വിവാഹവുമായി മുന്നോട്ടു പോയെങ്കിൽ അവരും ആ കുറ്റത്തിൽ പങ്കാളികളാണ്. മകളെ അവർ പണം കൊടുത്ത് ഒഴിവാക്കിയതു തന്നെയാണ്. വെറുതെയല്ല അച്ഛനുമായുള്ള ഫോൺ സംഭാഷണത്തിൽ നീയിങ്ങു വന്നോന്ന് ഉപ്പില്ലാത്ത മട്ടിൽ അവൾക്ക് ക്ഷണം കിട്ടിയത്.

എന്തു ചെയ്യാനാണ് ! എത്ര ആഴത്തിൽ കിടക്കുന്ന വേരുകളാണ് പിഴുതു മാറ്റേണ്ടത്! ചെറിയൊരുദാഹരണത്തിന്, എന്തുമാതിരി വിഷമാണ് സീരിയലുകളിലൂടെ ഇപ്പോഴും സ്വീകരണമുറികളിലൊഴുകുന്നത് എന്നു മാത്രം നോക്കിയാൽ മതി. പത്തു വയസ്സുള്ള കുട്ടിക്കു പോലും യുക്തിഹീനമെന്നു തിരിച്ചറിയാനാവുന്നത് പതിവായി കണ്ടിരിക്കാൻ മലയാളിക്ക് മടിയില്ല. ടോക്സിക് ബന്ധങ്ങളെയും വ്യക്തികളെയും ഇത്തരത്തിൽ വെള്ളപൂശി അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരം. ഇതൊക്കെക്കൂടി നിരന്തരം കാണിച്ചാൽ എന്തു വൃത്തികേടും അനീതിയും നോർമലൈസ് ചെയ്യാവുന്നതേയുള്ളൂ .

വിനോദത്തിനു വേണ്ടിയാണെങ്കിലും വിഷം തിന്നണോ?

ഇത്രയൊക്കെ കാശുള്ളവർക്ക് അവൻ പറഞ്ഞ ആ കാറങ്ങ് മേടിച്ചു കൊടുത്താൽ പ്രശ്നം തീരുമായിരുന്നല്ലോ, കൂടി വന്നാൽ ഇരുപത് പവനും കൂടി കൊടുത്തേക്കണം, എന്നാൽ ആ പെണ്ണ് ജീവിച്ചിരുന്നേനെ എന്നൊരു പരിഹാര നിർദ്ദേശം അഭ്യസ്തവിദ്യകളായ സ്ത്രീകളുടെ ഒരു ഗ്രൂപ്പിൽക്കണ്ട ഞെട്ടൽ മാറിയിട്ടില്ല.

ആരെയാണ് നാം മാറ്റാൻ ശ്രമിക്കുന്നത്!

വിസ്മയയെ രക്ഷിക്കാൻ തങ്ങൾ പല തവണ ശ്രമിച്ചുവെന്ന് സ്വന്തം വീട്ടുകാർ അവകാശപ്പെടുമ്പോൾ ,ശരി ചെല്ല് എന്ന് പറയാനാണു തോന്നുന്നത്. കഷ്ടം.


Full View


Tags:    
News Summary - R Rajasree facebook post on vismaya death verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT