പയ്യന്നൂർ: പുരോഗമനത്തിെൻറ വിത്തിട്ട് പാകപ്പെടുത്തിയ ആദ്യ മലയാളകഥ കൈരളിക്ക് സമ്മാനിച്ച കഥയുടെ കാരണവരുടെ ഓർമകൾക്ക് ഞായറാഴ്ച 107 വയസ്സ്. മലയാള സാഹിത്യം അത്രയൊന്നും പരിഗണിക്കാത്ത കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന ആദ്യ ചെറുകഥാകൃത്തിെൻറ ഒരു ഓർമദിനം കൂടി അധികമാരുമറിയാതെയാണ് കടന്നുപോയത്.
മുൻ എം.എൽ.എ ടി.വി. രാജേഷിെൻറ ഇടപെടലിൽ ബജറ്റിൽ പാണപ്പുഴയിൽ സ്മാരകം നിർമിക്കുന്നതിന് 10 ലക്ഷം രൂപ ആദ്യഘട്ടമായി വകയിരുത്തിയിരുന്നു. എന്നാൽ, സ്മാരകം നിർമാണം മാത്രം നടന്നില്ല. സ്ഥലം കിട്ടാത്തതാണേത്ര കാരണം.
എഴുതുമ്പോൾ നായനാരെപ്പോലെ എഴുതാൻ സാധിക്കണമെന്ന ഒ. ചന്തുമേനോെൻറ വാക്കുകൾ മതി കേസരി കുഞ്ഞിരാമൻ നായനാരുടെ ഭാഷാവാസനയുടെ ആഴമറിയാൻ. തികച്ചും യാഥാസ്ഥിതിക ജന്മി നാടുവാഴി കുടുംബത്തിൽ ജനിച്ചിട്ടും എഴുത്തിലും വാക്കിലും പ്രവൃത്തിയിലും പുരോഗമനത്തിെൻറ വിത്തിട്ടതാണ് കേസരിയെ വേറിട്ടു നിർത്തുന്നത്. സ്വന്തം സമുദായത്തെ തന്നെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.
മൂന്നുവർഷം മുമ്പാണ് മാതമംഗലം പാണപ്പുഴയിലെ ആദ്യകഥ പിറന്നുവിളഞ്ഞ വീട് ഓർമയായത്. സ്മാരകമായി നിലനിർത്തണമെന്ന ആവശ്യം അവഗണിച്ചായിരുന്നു പൊളിച്ചുമാറ്റൽ. അങ്ങനെ വാസനാ വികൃതിയെന്ന സാമൂഹിക വിമർശന കഥ സമ്മാനിച്ച സർഗധനനായ എഴുത്തുകാരെൻറ ഓർമകൾ പോലും മൺകൂനയായി. അനാചാരങ്ങൾക്കെതിരെ തൂലിക ചലിപ്പിച്ച സാമൂഹിക പരിഷ്കർത്താവിെൻറ ഓർമ അവിടെ ഒരുസ്തൂപത്തിൽ മാത്രം ഒതുങ്ങി. ഇവിടെ സ്മാരകം സ്ഥാപിക്കാനുദ്ദേശിച്ചാണ് ബജറ്റിൽ തുക വകയിരുത്തിയത്. പ്രഖ്യാപനം കടലാസിലൊതുങ്ങി.
ഉദ്യോസ്ഥതലത്തിലെ അഴിമതിക്കെതിരെയും ഭരണതലത്തിലെ വിവേചനത്തിനെതിരെയും ശക്തമായി പ്രതികരിക്കുന്നതായിരുന്നു ഓരോ കഥകളും. കഥകളിലൂടെ സാമൂഹിക പക്ഷത്ത് നിലയുറപ്പിച്ച കേസരി നാട്ടിൽ സ്ത്രീവിദ്യാഭ്യാസത്തിനായി വാദിച്ചു. ജന്മിമാരുടെ പ്രതിനിധിയായാണ് മദിരാശി നിയമസഭയിലെത്തിയതെങ്കിലും സങ്കീർണമായ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടു. കണ്ണൂരിലേക്ക് റെയിൽ വേണമെന്ന് ആദ്യം പറഞ്ഞതും കണ്ണൂർക്കാരനായ ഈ ജനപ്രതിനിധിയാണ്.
വില്യം ലോഗനുമായ പരിചയമാണ് കൃഷി ശാസ്ത്രജ്ഞനാക്കിയത്. നാട്ടിൽ ആദ്യമായി ശാസ്ത്രീയ കൃഷി പരീക്ഷിച്ച് വിജയിച്ചതും കേസരിയായിരുന്നു. ആദ്യ ശാസ്ത്ര കഥയായ ദ്വാരകയെഴുതിയതും ഇദ്ദേഹമാണ്.
വാസനാവികൃതി, ദ്വാരക, പരമാർഥം മേനോക്കിയെ കൊന്നതാര്?, ഞാൻ ആദ്യം മദിരാശിക്ക് പോയത്, ഒരു പൊട്ട ഭാഗ്യം തുടങ്ങി നിരവധി കഥകൾ രചിച്ച അദ്ദേഹം വിമർശക സാഹിത്യത്തിലും കൈവെച്ചു. കേരള ചന്ദ്രിക, വിദ്യാവിനോദിനി കേരളപത്രിക, കേരള സഞ്ചാരി, സരസ്വതി, മിതവാദി, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായിരുന്നു വ്യത്യസ്ത പേരുകളിൽ എഴുതിയത്. ഒടുവിൽ കഥയുടെ ക്ലൈമാക്സ് പോലെ തന്നെയായിരുന്നു അന്ത്യവും. 1914 നവംബർ 14ന് മദിരാശി നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു.
ഓർമയായിട്ട് നൂറു വർഷം പിന്നിടുമ്പോഴാണ് പാണപ്പുഴയിലും മാതമംഗലത്തും സ്തൂപങ്ങൾ ഉയർന്നത്. 2014 മുതൽ ഫേസ് മാതമംഗലം കേസരി നായനാർ പുരസ്കാരം നൽകി വരുന്നു.
വർഷാവർഷം നൽകുന്ന ഈ അവാർഡാണ് മറ്റൊരു ഓർമചിത്രം. എന്നാൽ, സർക്കാർ കഥയുടെ കാരണവരെ അവഗണിക്കുന്നത് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.