ജെ.സി.ബി സാഹിത്യ പുരസ്കാരത്തിനുള്ള അന്തിമ ചുരുക്കപ്പട്ടികയിൽ എസ്. ഹരീഷിന്‍റെ 'മീശ'യും

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ എസ്. ഹരീഷിന്‍റെ 'മീശ' ഇടംനേടി. അഞ്ച് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയാണ് പുറത്തുവിട്ടത്. നവംബർ ഏഴിനാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.

ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. കോട്ടക്കൽ സ്വദേശിയായ ജയശ്രീ കളത്തിൽ ആണ് 'മീശ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. കോട്ടക്കൽ പാണ്ടമംഗലത്ത് പരേതനായ മേലാത്ര ജനാർദ്ദനപ്പണിക്കരുടെയും കളത്തിൽ ശ്രീകുമാരിയുടെയും മകളാണ്.

ദീപ ആനപ്പാറയുടെ ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍, ആനീ സെയ്ദിയുടെ പ്രെല്യൂഡ് ടു എ റയട്, മഞ്ജുള്‍ ബജാജിന്‍റെ ഇന്‍ സെര്‍ച്ച് ഫോര്‍ ഹീര്‍, ജാനവി ബറുവയുടെ അണ്ടര്‍ടൗ എന്നിവയാണ് അവസാന ചുരുക്കപ്പട്ടികയിലെ മറ്റ് പുസ്തകങ്ങൾ.

ജയശ്രീ കളത്തിൽ


25 ലക്ഷം രൂപയാണ് സമ്മാനത്തുക. ബെന്യാമിന്‍റെ 'മുല്ലപ്പൂനിറമുള്ള പകലുകള്‍' എന്ന നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷയായ 'ജാസ്മിന്‍ ഡേയ്സി'ന് 2018ലെ പ്രഥമ ജെ.സി.ബി പുരസ്കാരം ലഭിച്ചിരുന്നു. 2019ൽ മാധുരി വിജയുടെ 'ദ ഫാർ ഫീൽഡ്' എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. ജെ.സി.ബി ലിറ്റററി ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.