ബുക്കർ ജേതാവായ സൽമാൻ റുഷ്ദിക്ക് ഇനിയും നൊബേൽ പുരസ്കാരം വൈകരുതെന്ന് ശശി തരൂർ എം.പി. റുഷ്ദിയുടെ ഏറ്റവും പുതിയ നോവലായ ‘വിക്ടറി സിറ്റി’ വായിച്ച ആസ്വാദനക്കുറിപ്പെന്നോണമാണ് സമൂഹ മാധ്യമത്തിൽ തരൂരിന്റെ കുറിപ്പ്. വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹംപിയെ ഉപജീവിച്ച് എഴുതിയതാണ് ‘വിക്ടറി സിറ്റി’ എന്ന നോവൽ. ‘സൽമാൻ റുഷ്ദിയുടെ പ്രൗഢവും മായികവുമായി ‘വിക്ടറി സിറ്റി’ ഞാൻ വായന പൂർത്തിയാക്കി. തന്റെതായ മായിക- റിയലിസ്റ്റ് കാഴ്ച പകരുന്ന, എന്നുമെന്ന പോലെ ഗംഭീരമായി രചിക്കപ്പെട്ട, കഴിവിന്റെ പരകോടിയിൽ നിൽക്കുന്ന ഒരു എഴുത്തുകാരന്റെ ഓജസ്സും ആവേശവും തുളുമ്പിത്തുടിക്കുന്ന രചന. ‘‘വാക്കുകൾ മാത്രമാണ് വിജയികൾ’’- എന്ന വാക്യവുമായാണ് പുസ്തകം അവസാനിക്കുന്നത്. എന്നാൽ, ഈ വാക്കുകൾ വിരലിൽ ആവാഹിച്ചവനും വിജിഗീഷുവാണ്. ‘‘വിക്ടറി സിറ്റി’യും ഒരു വൻവിജയം’’. ജീവിച്ചിരിപ്പുള്ള ഏറ്റവും മഹാനായ ഇന്ത്യൻ എഴുത്തുകാരന് വൈകിപ്പോയ നൊബേൽ ഇനിയും തടഞ്ഞുവെക്കരുത്’’- എന്നായിരുന്നു ട്വീറ്റ്.
ഏഴുവട്ടം ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട സൽമാൻ റുഷ്ദി 1981ലാണ് മിഡ്നൈറ്റ് ചിൽഡ്രൻ എന്ന പുസ്തകത്തിന് അത് നേടുന്നത്. ഗ്രിമസ്, ഷെയിം, സാറ്റാനിക് വേഴ്സസ്, മൂഴ്സ് ലാസ്റ്റ് സൈ അടക്കം 14 നോവലുകൾ രചിച്ചിട്ടുണ്ട്.
സാറ്റാനിക് വേഴ്സസ് എന്ന കൃതിയുടെ പേരിൽ വധഭീഷണി നേരിട്ടിരുന്നു. ഇന്ത്യയിൽ കടുത്ത എതിർപിനെ തുടർന്ന് ഈ കൃതി നിരോധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.