ഉമ്മ പറഞ്ഞു തന്ന ആയിരത്തിയൊന്നു രാവിലെ കഥ കേട്ടാണ് കഥാകാരനായതെന്ന് സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ്. കുട്ടികൾക്കുവേണ്ടി എഴുതിയ ‘മാജിക് ബക്കറ്റ്’ എന്ന കഥാ സമാഹാരത്തിെന്റ രണ്ടാം പതിപ്പ് പരിചയപ്പെടുത്തിക്കൊണ്ട് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് എഴുത്തുവഴികളെ കുറിച്ച് പറയുന്നത്. കുട്ടികൾക്ക് വേണ്ടി എഴുതുന്നതിനോളം വെല്ലുവിളി മറ്റൊന്നിനുമില്ല.
മുതിർന്നവരുടെ എഴുത്തിലെ താളബോധം, ക്ലിഷ്ട പദാവലികൾ എന്നിവയെല്ലാം മാറ്റിവെക്കുന്ന ക്ലേശകരമായ ഒരു ജോലി അതിനകത്തുണ്ട്. കുട്ടികൾക്ക് വേണ്ടി എഴുതുക എന്നത് കൃത്രിമമായി കുട്ടികളുടെ ഭാഷയിലേക്കിറങ്ങി ചെയ്യുന്നതല്ല എന്നാണെൻ്റെ തോന്നൽ. കുട്ടികളെ കൊച്ചാക്കുക തന്നെയാണ് ഈ വിധം ചെയ്യുന്നവർ ചെയ്യുന്നതെന്ന് ശിഹാബുദ്ദീൻ പൊയ്ത്തും കടവ് എഴുതുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
കുട്ടികൾക്ക് വേണ്ടി എഴുതുന്നതിനോളം വെല്ലുവിളി മറ്റൊന്നിനുമില്ല. മുതിർന്നവരുടെ എഴുത്തിലെ താളബോധം, ക്ലിഷ്ട പദാവലികൾ എന്നിവയെല്ലാം മാറ്റിവെക്കുന്ന ക്ലേശകരമായ ഒരു ജോലി അതിനകത്തുണ്ട്. കുട്ടികൾക്ക് വേണ്ടി എഴുതുക എന്നത് കൃത്രിമമായി കുട്ടികളുടെ ഭാഷയിലേക്കിറങ്ങി ചെയ്യുന്നതല്ല എന്നാണെൻ്റെ തോന്നൽ. കുട്ടികളെ കൊച്ചാക്കുക തന്നെയാണ് ഈ വിധം ചെയ്യുന്നവർ ചെയ്യുന്നത്.
ഉമ്മ പറഞ്ഞു തന്ന ആയിരത്തിയൊന്നു രാവിലെ കഥ കേട്ടാണ് ഞാൻ കഥാകാരനായത്. കഥ പറയുമ്പോൾ കഥാകൃത്ത് വലിയ ആപ്പീസറും വായനക്കാരൻ താനെഴുതുന്നതൊക്കെ ഗംഭീരമാണെന്ന് കൊട്ടിഘോഷിക്കേണ്ടവനാണെന്നും വിചാരിക്കുന്ന 'ഡൊമസ്റ്റിക് ഫാസിസ്റ്റുകളാ'യ ഒരു പാട് കോമാളികളെ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ കണ്ടിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി എഴുതപ്പെട്ട കൃതികളിൽ പി.ടി. നരേന്ദ്രനാഥിൻ്റെ മനസ്സറിയും യന്ത്രമാണ് മലയാള ഭാഷയിൽ വായിച്ച എന്നെ സ്വാധീനിച്ച ഏറ്റവും വലിയ ബാലസാഹിത്യകൃതി.
കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ രണ്ടര വർഷം എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. ചില ഘട്ടങ്ങളിൽ കുട്ടികൾക്ക് വേണ്ടി മറ്റൊരു തൂലികാനാമത്തിൽ ധാരാളം എഴുതിയിരുന്നു . പക്ഷേ, പിൽക്കാലത്ത് അത് പുസ്തകമാക്കാൻ ചിലരെല്ലാം നിർബ്ബന്ധിച്ചെങ്കിലും രണ്ടാം വായനയിൽ അതിനൊന്നും വലിയ ഗുണം തോന്നാത്തതിനാൽ ഉപേക്ഷിക്കുകയാണ് ചെയ്തത്.
നന്നേ ചെറിയ കുട്ടികൾക്കും അല്പം മുതിർന്ന കുട്ടികൾക്കുള്ള ബാലസാഹിത്യവുമുണ്ട്. ഇതേക്കുറിച്ചെല്ലാം എൻ്റെ ആത്മമിത്രവും എഴുത്തുകാരനും ബാലസാഹിത്യ രചനയിലും ചരിത്രബോധത്തിലും അഗാധമായ പാണ്ഡിത്യവും നിരീക്ഷണ ശക്തിയുമുള്ള ഡോ. കെ. ശ്രീകുമാർ വളരെ ഗഹനമായ പുസ്തകങ്ങൾ ചെയ്തിട്ടുണ്ട്.
പ്രായത്തിൻ്റെ പരിധിയിൽ ഒരല്പം മുതിർന്ന കുട്ടികളെ ഉദ്ദേശിച്ചാണ് മാജിക് ബക്കറ്റ് എന്ന പുസ്തകത്തിലെ ബഹുഭൂരിഭാഗം കഥകളും. സ്വീകരിക്കപ്പെടും എന്ന് തോന്നിയതിനാലാണ് ബാലസാഹിത്യ വിഭാഗത്തിലെ ഈ കഥാപുസ്തകം. ബാലസാഹിത്യത്തിലെ എൻ്റെ ഒരേയൊരു പുസ്തകം. ഏറെ വൈകാതെ തന്നെ മാതൃഭൂമി ബുക്സിൽ നിന്ന് പുതിയ പതിപ്പ് വന്നപ്പോൾ ഒരാശ്വാസം. കൂടാതെ പുതിയ പുറം ചട്ടയും. വായനക്കാരായ ചില കുട്ടികൾ ഒന്നാം പതിപ്പിന് തന്ന പ്രോത്സാഹനവും മറക്കില്ല. ഈ പുസ്തകത്തിന് നിമിത്തമായിത്തീർന്ന എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.