ചിതലരിച്ചു തുടങ്ങിയ ചാരുകസേരയിൽ ‘ദൈവമേ കാത്തോളണേ’യെന്നുറക്കെ വിളിച്ച് അമർത്തിയിരുന്നു. ചെറുതായി മുരടനക്കി. ഇന്നത്തെ സന്ധ്യാ പ്രാർഥന ആരംഭിക്കാം.
‘എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ല ഉള്ളിലഗ്നി...’
‘‘അമ്മാമേ... ഗൃഹപാഠം കഴിഞ്ഞു. ഇന്നലത്തെ കഥേന്റെ ബാക്കി.’’
‘‘ഈ ചെറുക്കൻ, മുഴുമിപ്പിക്കാൻ സമ്മയ്ക്കില്യ. നീയീ തിണ്ണേലോട്ട് കേറിയിരി, പറയാം. എവിടാ നിർത്തിയേ? സിംഹത്തിനെ അതിർത്തി കടത്താൻ എല്ലാരും ഒറ്റക്കെട്ടായി എത്തിയോ?’’
‘‘അയ്യോ... ഇല്ല അമ്മാമേ. കഥേന്റെ രസം കളയല്ലേ. പഴയ സിംഹരാജാവും മന്ത്രിക്കടുവയും വീണ്ടും ആളില്ലാ കുന്നിന്റെ നെറുകെ കേറിനിന്നു. അവിടെത്തീട്ടുള്ളൂ.’’
‘‘ഹാ... എന്നിട്ട് സിംഹരാജൻ അവിടെ കൂടിയ ജന്തുക്കളോട് പറഞ്ഞു: ‘കാടിന്റെ മക്കളുടെ എല്ലാ പ്രശ്നങ്ങളും മാറാൻ പോകുന്നു’ എന്ന്!’’
‘‘അടുത്ത കാട്ടീന്ന് കായ്കനികളും വെള്ളവും എപ്പോഴാണ് എത്തുക?’’ കരടി ആകാംക്ഷയോടെ സിംഹരാജാവിനെ ഉറ്റുനോക്കി.
‘‘പേമാരിയിൽ ഒലിച്ചുപോയ ഞങ്ങളുടെ മാളങ്ങൾ പുതുക്കിപ്പണിയാൻ തുടങ്ങുമോ?’’ മുയലുകൾ പരസ്പരം നോക്കി ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു.
‘‘കാടിനകത്തേക്ക് ഒളിച്ചുവരുന്ന വേട്ടക്കാരെ തടയാൻ എന്തോ പദ്ധതി കണ്ടെത്തീട്ടുണ്ട്, തീർച്ച.’’ വരയൻപുലി കാട്ടുകഴുതയോട് സ്വകാര്യം പറഞ്ഞു.
‘‘ഉൾക്കാട്ടിലേക്ക് കരിമ്പ് തേടിപ്പോയ എന്റെ ആനക്കുട്ടനെ കണ്ടെത്താൻ അദ്ദേഹം സഹായിക്കും.’’ കൊമ്പനാന കണ്ണീർ തുടച്ചു.
‘‘ചുമ്മാ വട്ടമിട്ട് കൊത്തിപ്പറിക്കുന്ന കഴുകന്മാരെ എറിഞ്ഞിടാൻ അനുമതി നൽകും.’’ അപ്പുറത്തെ കൊമ്പിലേക്ക് ആരും കാണാതെ ചാടുന്നതിനിടയിൽ കരിങ്കുരങ്ങ് പറഞ്ഞു.
കുറച്ചുനേരത്തെ നിശ്ശബ്ദതക്കുശേഷം സിംഹരാജൻ മൊഴിഞ്ഞു:
‘‘പഴയ പാറമടയിൽ പൂർവികർ കോറിയിട്ടത് ഇന്നലെയാണ് കണ്ടത്. പണ്ട്, നമ്മുടെയീ മരതകക്കാട് എപ്പോഴും മഞ്ഞ് പുതച്ച് കിടക്കുമായിരുന്നത്രെ. ഇവിടം മുഴുവൻ കുളിരും തണുപ്പുമായിരുന്നു. അതിനാൽ മരതകക്കാടിനെ നാം ഇന്നു മുതൽ ‘ശ്രീശൈല ഹിമാരണ്യകം’ എന്ന് നാമകരണം ചെയ്യുന്നു. ഇനി ഞാനും എന്റെ കാടും അജയ്യരാകും.’’
‘‘ങേ... ഇതെന്തോന്ന്?’’
കുറുക്കൻ മാത്രം കണ്ണ് തുറിച്ച് ചുറ്റുമുള്ളോരെ നോക്കി. എല്ലാവരും അന്ധാളിച്ചുനിൽക്കുന്നു. മയിൽക്കൂട്ടം മാത്രം നിറഞ്ഞ അഭിമാനത്തോടെ കൈയടിച്ച് പാസാക്കി.
‘‘ഞങ്ങൾക്കും ചിലത് പറയാനുണ്ട്...’’
‘‘ആരാണത്?’’
‘‘പ്രാക്കൾ’’
‘‘അയ്യോ... ഇവിടെ വാ തുറക്കാൻ ഞങ്ങൾക്ക് മാത്രമേ പറ്റത്തുള്ളൂ. നിന്റെ വലതു ഭാഗത്തെ തൂവലിനിത്തിരി ചാരനിറം കൂടുതലാ. നീയിവിടുള്ളതല്ല. അപ്പുറത്തെ കാട്ടിൽ പോയി സങ്കടം പറ.’’
മറുപടി കൊടുത്ത് മയിലുകൾ കടുവകളുടെ തോളിൽ കൈയിട്ട് പീലിവിടർത്തിയാടി.
ഇത്രയും പറഞ്ഞ് അമ്മാമ എണീറ്റു.
‘‘എന്നിട്ട്... എന്തുണ്ടായി?’’
‘‘ഇനി നാളെ. എന്റെ പ്രാർഥന പൂർത്തിയാക്കീല്യ.’’
അമ്മാമ കണ്ണടച്ച് വീണ്ടും ഉറക്കെ ചൊല്ലാൻ തുടങ്ങി.
‘‘ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർഥിയിൽ വർണവും വിത്തവും തപ്പുന്നു.’’
*കവിത -നാറാണത്ത് ഭ്രാന്തൻ അർഥി -യാചകൻ
വിത്തം -സമ്പത്ത്, ഐശ്വര്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.