വ്യതിരിക്തമായ പ്രമേയങ്ങൾ കൊണ്ടും വിഷയങ്ങളുടെ വൈപുല്യം കൊണ്ടും ശ്രദ്ധേയമായ ചെറുകഥാ സമാഹാരമാണ് മലബാർ ഖിസ്സ. 33 കഥകളുടെ സമാഹാരമാണ്. കഥ സാമാന്യമായി രണ്ടു വിധത്തിൽ ഉണ്ടാകാം.ഒന്ന് : എഴുതാൻ വേണ്ടി എഴുതുതുന്ന കഥകൾ .
രണ്ട് : എഴുതിപ്പോവുകയല്ലാതെ മറ്റു വഴികളില്ലാതാവുക. രണ്ടാമത്തെ പ്രക്രിയ സ്വാഭാവിക പരിണതിയാണ്. അവക്ക് ചില പോരായ്മകൾ ഉണ്ടാവും പക്ഷേ നൈസർഗീകമായ ചോദനകളിൽ നിന്നാണ് അവ വരുന്നത്. ഇങ്ങനെ ആലോചിക്കാൻ കാരണമായത് കെ.യു. അയിഷ ബീഗത്തിന്റെ മലബാർ ഖിസ്സയിലെ ചില കഥകൾ വായിച്ചപ്പോഴാണ്.
മലബാർ ഖിസ്സ എന്ന പേര് കേൾക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ചില മുൻവിധികൾ ഉണ്ടാകാം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സാമൂഹിക ലോകത്തിൽ മാത്രം വ്യവഹരിക്കപ്പെടുന്ന കഥാലോകമാണോ എന്ന സംശയം. വാസ്തവത്തിൽ, എല്ലാ വിഭാഗം ആളുകളുടെയും അനുഭവലോകം കൃത്യമായി അടയാളപ്പെടുത്താനുള്ള സാമൂഹികവും രാഷ്ട്രീയവുമായ ഭാഷാവബോധം എഴുത്തുകാരിക്കുണ്ട്. മതം, ചരിത്രം, രാഷ്ട്രീയം, നൂതന സാങ്കേതികവിദ്യ തുടങ്ങിയ എല്ലാം വിഷയങ്ങളിലും എഴുത്തുകാരിയുടെ സർഗാത്മകവും സൃഷ്ടിന്മുഖവുമായ അവബോധം ശ്രദ്ധേയമാണ്. കഥ പറയുക മാത്രമല്ല തന്റെ ലക്ഷ്യം എന്നു ഓരോ കഥകളുടെ ഇടയിലും അന്തർലീനമായി എഴുത്തുകാരി പറയുന്നുണ്ട്. ഓരോ കഥകളിലും പ്രത്യക്ഷമായോ പരോക്ഷമായോ പറയുന്നുണ്ട്. അവ ചിലപ്പോൾ നിരുപദ്രവകരമെന്ന് തോന്നുന്ന പ്രസ്താവമായോ ചില ചോദ്യങ്ങൾ ആയോ പരിഹാസ രൂപേണയുള്ള പറച്ചിലോ ആയി വരുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇത്തരം മുഹൂർത്തങ്ങൾ ആണ് വാസ്തവത്തിൽ കഥയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്.
ഒരേസമയം ലളിതവും ഗൗരവമേറിയ വിഷയങ്ങൾ എല്ലാം കൈപ്പിടിയിലൊതുക്കാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. മലബാറിലെ മുസ്ലിംകൾക്കിടയിലെ പഴയകാലത്തെ പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും ചിത്രം പതിയുന്ന കഥയാണ് ശവ്വാൽ മാസപ്പിറവി, നോമ്പുതുറ തുടങ്ങിയ കഥകൾ.
ബിപാത്തുവിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ഫസ്ഖ് ശ്രദ്ധേയമായ ഒന്നാണ്. പൂര കൊടിയേറ്റം, ഈ വീടിന്റെ ഐശ്വര്യം റാഫേൽ, ഈസ്റ്റർ തിരുമുറിവുകൾ തുടങ്ങിയ കഥകളിലെ സാമൂഹികവും മതപരവുമായ പഞ്ചാത്തലവും ഭാഷയും വേറെയാണ്. സമകാലിക ജീവിത സഹചര്യങ്ങളുടെ കഥ പറയുന്ന കഥകൾ ജീവിതത്തോട് ചേർത്ത് പിടിക്കാൻ കഴിയുന്നതാണ്. ചക്കയില്ലാതെ എന്താഘോഷം എന്ന ചിന്തയാണ് എഴുത്തുകാരിക്കുള്ളത്. ചക്ക കേവലം ഒരു ഭക്ഷണം എന്നതിൽ നിന്നുമാറി ഒരു വികാരമാകുന്നു.
മറയില്ലാതെ എഴുതാൻ കഴിയുന്ന സത്യസന്ധത എഴുത്തിന്റെ നിഷ്കളങ്കതയായി മാറുന്നു. അങ്കണ നടുവിൽ എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്, ‘‘മാഷേ... ഓൻ പിന്നേം വളിയിടുന്ന്.. കൽപ്പിച്ചുട്ടി ചെയ്യാന്ന് തോന്നുന്നു...’’ നവലോക ക്രമത്തിൽ സോഷ്യൽ മീഡിയയുടെ പ്രാധാന്യവും അവയുടെ വഴികളും തിരിച്ചറിയാൻ എഴുത്തുകാരിക്ക് സാധിക്കുന്നുണ്ട്. ‘ഹൃദയരാഗം പാടുമ്പോൾ’ എന്ന കഥ ഉദാഹരണമായി എടുക്കാം.
സാമൂഹിക പ്രശ്നങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കഴിവ് എഴുത്തുകാരിക്കുണ്ട്. ശില്ലി നശിപ്പിച്ച അഖണ്ഡത എന്ന കഥ പ്രമേയപരമായും രചനപരമായ മേന്മയുള്ള ഒരു കഥയാണ്.
ഗസ്സയെ ചേർത്തുപ്പിടിക്കാതെ എന്ത് മാനവികത എന്ന് എഴുത്തുകാരി ഉദ്ഘോഷിക്കുന്നുണ്ട്.
താൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടിലെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളോട് പ്രതികരിച്ചും അനുകൂലിച്ചും എതിർത്തും മുന്നോട്ടു പ്പോകുന്ന എഴുത്തുകാരിയാണ് കെ.യു. അയിഷ ബീഗം.
അതുകൊണ്ടുതന്നെ മലബാർ ഖിസ്സ മനുഷ്യരുടെ ഖിസ്സയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.