ഉച്ചവെയിലിൽ
തിളച്ചുപൊങ്ങിയ
പൊടിപടലങ്ങൾക്ക്
മഞ്ഞിന്റെ നിറവും
മരുഭൂമിയുടെ ചൂടും.
ചേരികളിൽ
ഈച്ചകളും
മനുഷ്യരും
മാലിന്യങ്ങളിൽ
ജീവിതം
തിരഞ്ഞുകൊണ്ടേയിരുന്നു...
ഈച്ചകൾക്കെന്ന പോലെ
മനുഷ്യർക്കും
കണക്കുണ്ടായിരുന്നില്ല.
ദാരിദ്ര്യത്തിന്റെ
ഉഷ്ണം നിറഞ്ഞ
രാവുകൾ
നരച്ച പകലുകളിലേക്ക്
പലായനം ചെയ്തു...
പേരിൽ മാത്രം
മനുഷ്യരായിരുന്നവർ
ഒന്നിനുമല്ലാതെ ജീവിച്ചു.
ഒന്നുമാകാതെ
മരിച്ചു.
കഴുകൻ കണ്ണുള്ള
മനുഷ്യർ
റാഞ്ചുമെന്ന് പേടിച്ച്
മകളെ ബാല്യത്തിേല
കെട്ടിച്ചു...
അവൾ
നിറവയറിലും
നിയമം പേടിച്ച്
ആതുരാലയത്തിന്റെ
പടി കയറാതെ
ചേരിയിൽതന്നെ പെറ്റു...
ചോരവറ്റിയ
ഉടലുകളിൽ
വീണ്ടും വീണ്ടും
ജീവകണം നിറഞ്ഞു...
ചിലപ്പോൾ പെറ്റു...
ചിലപ്പോൾ മരിച്ചു...
രുചിതേടിയലഞ്ഞ്
വിശക്കാതെ തിന്ന്,
വീർക്കാതിരിക്കാൻ
നടക്കുമ്പോഴൊക്കെയും
കാണാം
നഗരത്തിലിപ്പോഴും
ജീവിതം 'മണക്കുന്ന'
ചേരികൾ...
ജീവിതത്തിനും
മരണത്തിനുമിടയിൽ
രൂപപ്പെടുകയും
പരുവപ്പെടുകയും ചെയ്ത
ജീവിതം പോലെ
എന്തോ ഒന്ന്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.