മാവേലിക്കര: മൂന്നര പതിറ്റാണ്ടിലേറെയായി പ്രഫഷനല്‍ നാടക രംഗത്തെ നിറസാന്നിധ്യമായ ഫ്രാന്‍സിസ് ടി. മാവേലിക്കരയെ തേടി തുടര്‍ച്ചയായി മൂന്നാമതും പുരസ്കാരം.
മികച്ച നാടക കൃത്തിനുള്ള സംസ്ഥാന സര്‍ക്കാറിെൻറ പുരസ്കാരമാണ് ഇത്തവണ ലഭിച്ചത്. മക്കളുടെ ശ്രദ്ധക്ക്, അമ്മ എന്നീ നാടക രചനകളാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അർഹനാക്കിയത്. 'മക്കളുടെ ശ്രദ്ധക്ക്' തിരുവനന്തപുരം സംഘകേളിക്കും 'അമ്മ കൊല്ലം കാളിദാസ കലാകേന്ദ്രത്തിനും വേണ്ടി എഴുതിയതാണ്.
ഇദ്ദേഹത്തിെൻറ 350 ാമത് നാടകമാണ് അമ്മ. വിഖ്യാത ജർമൻ നാടകകൃത്ത് ബെർത്രോൾഡ് ബ്രെഹ്ത് രണ്ടാം ലോകമഹായുദ്ധകാലത്ത് എഴുതിയ ദി കൊക്കേഷ്യൻ ചോക്ക് സർക്കിൾ എന്ന നാടകത്തിെൻറ സ്വതന്ത്ര ആവിഷ്കാരമാണിത്. മാവേലിക്കരയുടെ പ്രിയ നാടകകൃത്തിനെ തേടി ഇത് എട്ടാം തവണയാണ് സംസ്ഥാന സര്‍ക്കാറിെൻറ അവാര്‍ഡ് എത്തുന്നത്. 2017 ല്‍ 'ഒരു നാഴി മണ്ണ്' എന്ന നാടകത്തിനും 2018ല്‍ അമ്പലപ്പുഴ അക്ഷര ജ്വാലക്കുവേണ്ടി എഴുതിയ വേറിട്ട കാഴ്ചകൾക്കും ആയിരുന്നു പുരസ്കാരം.
1984ല്‍ എഴുതിയ 'സൂര്യകാന്തം' ആണ് ആദ്യ നാടകം. കെ.പി.എ.സിക്ക് വേണ്ടി എഴുതിയ ആറ് നാടകങ്ങളില്‍ നാലിനും മികച്ച നാടകത്തിനുള്ള അവാര്‍ഡ് ലഭിച്ചു. കാളിദാസ കലാകേന്ദ്രം, കൊല്ലം അസീസി, കാഞ്ഞിരപ്പള്ളി അമല, സ്വദേശാഭിമാനി, അക്ഷര ജ്വാല, സാരഥി തുടങ്ങി കേരളത്തിലെ എല്ലാ പ്രമുഖ നാടകസംഘങ്ങള്‍ക്കുവേണ്ടിയും എഴുതിയിട്ടുണ്ട്. വെണ്ടര്‍ ഡാനിയേല്‍ സ്റ്റേറ്റ് ലൈസന്‍സി, പാച്ചുവും കോവാലനും എന്നീ സിനിമകള്‍ക്ക് തിരക്കഥയുമെഴുതി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം, അബൂദബി ശക്തിഅവാര്ഡ്, കാമ്പിശ്ശേരി കരുണാകരന് അവാര്‍ഡ്, കോഴിശ്ശേരി ബാലരാമന് അവാര്‍ഡ്, കെ.സി.ബി.സി സാഹിത്യ പുരസ്കാരം, ഒ.മാധവന് പുരസ്കാരം, കല്ലുമല കരുണാകരന് അവാര്‍ഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി.
ടെറന്‍സ് ഫെര്ണാണ്ടസിെൻറയും വിക്ടോറിയയുടെയും മകനായി 1960 മാര്‍ച്ച് 16ന് മാവേലിക്കരയില്‍ ജനനം. മാവേലിക്കര ബോയ്സ് ഹൈസ്കൂളിലും ചെങ്ങന്നൂര്‍ ഗവ: ഐ.ടി.ഐയിലുമായി പഠനം. നിരവധി തെരുവുനാടകങ്ങള്‍ ഇക്കാലത്ത് എഴുതി. പിന്നീട് പ്രഫഷനല്‍ നാടക രംഗത്ത് ചുവടുറപ്പിച്ച ഫ്രാന്‍സിസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഭാര്യ: മരിയ. മക്കൾ: ഫേബിയൻ, ഫ്യൂജിൻ, എയ്ഞ്ചൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.