ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന പഴയ മലയാളശൈലി ആഘോഷിക്കുന്നത് നാഗരികതയും പ്രകൃതിയും തമ്മിലുള്ള ഒന്നിനും വേണ്ടിയല്ലാതുള്ള, ഒരു കാര്യവുമില്ലാത്ത ഒരൊത്തുചേരലിനെയാണ്! നാഗരികസംസ്കൃതിയുടെ ഭാഗമായ തേയിലതോട്ടങ്ങളും കോപ്പനിർമാണവും ഏതെങ്കിലും കാരണവശാൽ ഇല്ലാതായാലും, പ്രകൃതിയിലെ കൊടുങ്കാറ്റ് ആരടച്ച് പൂട്ടിയാലും തുടർന്നേക്കാം!
എന്നാൽ, ‘ചായക്കോപ്പയിലും കൊടുങ്കാറ്റ്’ എന്ന പുതിയ മലയാളശൈലി നാഗരികതയുടെയും പ്രകൃതിയുടെയും നാശത്തെയാണ്, ഒരാശങ്കയോടെ അടയാളപ്പെടുത്തുന്നത്. 2023 ജൂലൈ മാസാവസാനം തമിഴ്നാട്ടിലെ തിരുപ്പതിയിലെ പ്രത്യേകിച്ച് ഒരു സ്പെഷൽ പേരുപോലുമില്ലാത്ത സാദാ ചായപ്പീടികയിലാണ്, ചായ ഒഴിക്കുന്ന കപ്പിന്റെ പുറത്ത് ഇംഗ്ലീഷിൽ ചായക്കപ്പ് എന്ന അർഥത്തിൽ Tea Cup എന്നെഴുതിയതിലെ ആദ്യക്ഷരമായ ആ ടി(T)ക്ക് കുരിശിന്റെ ആകൃതിയാണുള്ളതെന്ന് അധികൃതർ കണ്ടെത്തിയത്! ക്രിസ്തുമതത്തിലേക്ക് ആളെ വീഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണതെന്നും തുടർന്ന് നിരീക്ഷിക്കപ്പെട്ടു! പിന്നെ ഒട്ടും താമസമുണ്ടായില്ല, നിയമസമാധാനക്രമം പാലിക്കാൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ ആ ചായപ്പീടിക അടച്ചുപൂട്ടി സീൽവെച്ചു! ചായക്കപ്പിനു മുകളിൽ വല്ല താമരയിതളിന്റെ ആകൃതിയിലോ മറ്റോ ആയിരുന്നു ആ തുലഞ്ഞ ‘ടി’ വരച്ചിരുന്നതെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരപകടമാണ് ആ കുരിശുണ്ടാക്കിയത്! എന്നാൽ, അപ്രസക്തം എന്ന അർഥത്തിൽ നിലനിന്നുപോന്ന ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന പഴയ ശൈലി നവഫാഷിസ്റ്റ് പശ്ചാത്തതലത്തിൽ, ഡിക്ഷ്ണറികൾ എത്ര ഉറക്കം തൂങ്ങിയാലും അതോടെ ചായക്കോപ്പയിലും വെറുപ്പ് ഉണ്ടാക്കുംവിധമുള്ള അപകടകരമായ പുതിയ അർഥത്തിലേക്ക് ഒരു കരച്ചിലോടെ പിറന്ന് കഴിഞ്ഞിരിക്കുന്നു. പറഞ്ഞുവരുന്നത് ഫാഷിസ്റ്റ് അധികാരത്തിന് ഈച്ചയെ പൂച്ചയാക്കാനും പൂച്ചയെ പിന്നെ പുലിയാക്കാനും കഴിയുമെന്ന് തന്നെയാണ്.
താൽക്കാലികമായെങ്കിലും ‘സത്യം’ എന്തായിരിക്കണമെന്ന് ‘അധികാരം’ തീരുമാനിക്കും. കവികൾ സ്വപ്നം കണ്ടതിൽനിന്ന് വ്യത്യസ്തമായി നക്ഷത്രങ്ങളെപ്പോലും അത് തീപ്പെട്ടിക്കൂട്ടിലടക്കും. ആകാശത്തെ ചങ്ങല കൊണ്ടളക്കും. നിരപരാധികളെ അപരാധികളാക്കും. ഒരു രാഷ്ട്രത്തിലെ ജനതയെയാകെ വ്യാജമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി രാജ്യസ്നേഹികൾ, രാജ്യദ്രോഹികൾ എന്നു കൃത്രിമമായി വിഭജിക്കും. ഏത് സങ്കീർണമായ അവസ്ഥകളെയും സംഭവങ്ങളെയും ഒരപഗ്രഥനവും കൂടാതെ ഒന്നുകിൽ ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്നതിൽ മാത്രമായി ഒതുക്കും. നിസ്സഹായരുടെ നിലവിളികൾക്കുമുകളിൽ കൊലയാളികളുടെ അലർച്ചകൾ ഗർജിക്കും. ‘എനിക്ക് സത്യമുണ്ട് അധികാരമില്ല, നിങ്ങൾക്ക് സത്യമില്ല അധികാരമുണ്ട്’, എന്നൊരു കവിതയിൽ ഈയൊരവസ്ഥ കൃത്യം അടയാളപ്പെടുത്തും വിധം നീതിക്കൊപ്പം നിന്നതിന്റെ പേരിൽ തടവിൽ കിടക്കുന്ന എല്ലാവർക്കും വേണ്ടി ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് എഴുതിയത് ഓർക്കുന്നു. ചോര ഒഴുക്കിയ ജഹാഗീർപുരിയിലെ ബുൾഡോസറിനെ നോക്കി കൊൽക്കത്തയിലിരുന്ന് ന്യായാധിപനായ അഭിജിത് ഗാംഗുലിക്ക് തമാശ പറയാൻ കഴിയും വിധം, കാര്യങ്ങൾ മാറുകയാണ്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നതിന്റെ മുമ്പുള്ള അർഥം പരിമിതമായെങ്കിലും, ആ ‘ടി’ (Tea) കപ്പിലെ ‘ടി’യിൽ കുരിശിന്റെ ആകൃതി ആരോപിച്ച് തമിഴ്നാട്ടിലെ തിരുപ്പതിയിൽ കട അടപ്പിച്ചതോടെ, പൊളിഞ്ഞുപോയിരിക്കുന്നു.
രാജ്യത്ത് നടന്ന, നടക്കുന്ന ദലിത് വേട്ടകൾ, ഗുജറാത്തിലെ മുസ്ലിം വംശഹത്യ, ഒഡിഷയിൽ കണ്ഡമാലിലെ ക്രിസ്ത്യൻ വംശഹത്യ, ഇന്നും കത്തുന്ന മണിപ്പൂർ, ആൾക്കൂട്ടക്കൊലകൾ എന്ന വ്യാജപ്പേരിൽ നടക്കുന്ന ആസൂത്രിത കൊലകൾ, ജനവിരുദ്ധ നിയമനിർമിതികൾ, സർവതിനെയും അധികാരം പതുക്കെ ‘മറവിയുടെ’ മഹാസമുദ്രത്തിലേക്ക് മറിച്ചിടുകയാണ്. വംശഹത്യ അധികാരവിരുദ്ധ ചെറുത്തുനിൽപുകളുടെ ഭാഗമായി ചെറിയ രീതിയിൽ ഓർമിക്കപ്പെടുമ്പോഴും വംശഹത്യാനന്തര അവസ്ഥ അത്രപോലും ഓർക്കപ്പെടുന്നില്ല. അതുകൊണ്ടാണ് അവസാനിച്ച വംശഹത്യകളെക്കുറിച്ച് ആവർത്തിക്കേണ്ടിവരുന്നത്. നിരവധിയായ ബന്ധങ്ങൾക്കിടയിൽവെച്ചാണ് മനുഷ്യർ സത്യത്തിൽ മനുഷ്യരാവുന്നത്. ബന്ധനിർമിതി വർധിക്കുന്നതിനനുസരിച്ചാണ് മനുഷ്യരൊക്കെയും കൂടുതൽ മനുഷ്യരാവുന്നത്. ഓരോരുത്തർക്കും അവരവരോട് തന്നെ അതിശയിപ്പിക്കും വിധത്തിലുള്ള ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. മറ്റുള്ളവരോടുള്ള ബന്ധങ്ങൾപോലും ആഴത്തിൽ ആലോചിച്ചാൽ മറ്റു പലതിനുമൊപ്പം ആത്മബന്ധത്തിന്റെ കൂടി തുടർച്ചയുമാവും. എന്തുകൊണ്ടെന്നാൽ സൂക്ഷ്മാർഥത്തിൽ ‘ഞാൻ’ എന്നു പറയുന്നത് ഞാൻ മാത്രമല്ലല്ലോ. ‘പരിസരശക്തി ഗുണത്താൽ മർത്ത്യർ പരിശുദ്ധരാകും പാപിഷ്ഠർ പോലും’ എന്ന് ആശാൻ. ‘മറ്റുള്ളവർ’ എന്ന് മുദ്രകുത്തി മാറ്റിനിർത്തപ്പെടുന്നവർ ‘നമ്മൾ’ കൂടി ചേർന്നതാണെന്ന് അനുഭവിക്കാനാവുമ്പോഴാണ് ജീവിതം നിർവൃതമാവുന്നത്.
‘ചരിത്രബന്ധം’ എന്ന അസന്നിഹിത ബന്ധമാണ്, മറ്റെല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം. അധികാരം ആദ്യം സൂക്ഷ്മമായി അട്ടിമറിക്കാൻ ശ്രമിക്കുന്നത് അതിനെയാണ്. ഓരോതരത്തിലുള്ള ബന്ധങ്ങൾക്കും സവിശേഷമായ അസ്തിത്വം ഉണ്ടായിരിക്കേ തന്നെ, അതിനെയെല്ലാം ഏതെങ്കിലും തരത്തിൽ നിർണയിക്കുന്നതിൽ നേതൃത്വം ചരിത്രബന്ധങ്ങൾക്കാണ്. ജീവിക്കുന്ന സന്ദർഭം, ആ സന്ദർഭം രൂപപ്പെട്ടുവന്ന പശ്ചാത്തലം, പ്രസ്തുത പശ്ചാത്തലമൊരുക്കുന്നതിൽ വ്യത്യസ്ത തരത്തിലുള്ള വ്യക്തിഗത ഇടപെടലുകൾ, സ്മരണകൾ, സ്വപ്നങ്ങൾ, സംഘടന എന്നിങ്ങനെ ജീവിതത്തെ മനുഷ്യജീവിതമാക്കുന്നതെല്ലാം ‘ചരിത്രബന്ധ’ത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. ‘ചബ’ എന്ന് ചുരുക്കിപ്പറയാവുന്ന ചരിത്രബന്ധങ്ങളാണ്, ‘ബബ’ എന്ന് ചുരുക്കിവിളിക്കാവുന്ന ബഹുതലബന്ധങ്ങളുടെ മൗലികസ്രോതസ്സ്. രാഷ്ട്രബന്ധം, കുടുംബബന്ധം, തൊഴിൽബന്ധം, ആദർശബന്ധം, സൗഹൃദബന്ധം തുടങ്ങിയ സമസ്ത ബന്ധങ്ങളും സ്വാഭാവികമെന്ന് തോന്നാവുന്ന സങ്കീർണ പ്രക്രിയകളുടെ ഭാഗമാണ്. വ്യക്തി-രാഷ്ട്രബന്ധത്തിന്റെ അനിവാര്യഭാഗമാണ് പൗരത്വം. പൗരത്വനഷ്ടം വർത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തിൽ വധശിക്ഷയെക്കാൾ ഭയാനകമാണ്. പൗരത്വ നഷ്ടഭീതിയാവട്ടെ അങ്ങേയറ്റം അസ്വസ്ഥജനകവും.
നിലവിലെ പൗരത്വഭേദഗതി നിയമം അതിന്റെ പൂർണരൂപം പ്രാപിക്കുമ്പോൾ നിസ്സംശയമായും മതനിരപേക്ഷത എഴുന്നേൽക്കാനാവാത്തവിധം വീഴും. പ്രസ്തുത നിയമത്തിന്റെ വേരുകൾ അന്വേഷിക്കേണ്ടത്, ഇന്ത്യൻ നവഫാഷിസത്തിന്റെ അടിസ്ഥാനകാഴ്ചപ്പാടുകളിലാണ്. 2019ൽ അനുകൂല രാഷ്ട്രീയാന്തരീക്ഷം ഒത്തുവന്നപ്പോൾ അതിനെ നിയമമാക്കാനും തെരഞ്ഞെടുപ്പ് വിജയത്തിന് പറ്റിയ ഒന്നാന്തരം ‘പ്രചാരണായുധമായി’ ഇപ്പോൾ അതിനെത്തന്നെ മാറ്റാനും കഴിഞ്ഞു എന്നതിലാണ്, നവഫാഷിസത്തിന്റെ ആശയപരമായ വിജയം. കാലിയായ പാത്രത്തിൽ ഭക്ഷണമില്ലാതെ വികാരം വിളമ്പി പട്ടിണിക്കാരുടെ വിശപ്പ് ശമിപ്പിക്കാൻ അവർക്ക് കഴിയും!
സ്വാതന്ത്ര്യാനന്തരം ആദ്യം നടന്ന ജമ്മുവിലെ പുഞ്ച് വംശഹത്യ മുതൽ ഇപ്പോഴും കനലണയാത്ത മണിപ്പൂരിന്റെ വേദനകളെവരെ ജനായത്തിന് ‘ഇന്ത്യനവസ്ഥ’യാക്കി ജനതയെ വേണ്ടവിധം ബോധ്യപ്പെടുത്താൻ കഴിയാതെപോയപ്പോൾ; ‘അയോധ്യ’യെ ഇന്ത്യയാക്കി അവതരിപ്പിക്കാൻ ഫാഷിസത്തിന് കഴിഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, പൊതുമേഖല തകർക്കൽ, മൂലധന ചങ്ങാത്തം, ജനവിരുദ്ധ നയങ്ങൾ എന്നിവയെ നിഷ്പ്രഭമാക്കും വിധം ‘വികാരഭീകരത’ കെട്ടഴിച്ചുവിടുന്നതിൽ നവഫാഷിസം നേടിയ വിജയം സത്യത്തിൽ ‘തന്മാത്രതല’ത്തിൽ പ്രവർത്തിക്കുമ്പോൾ; അതിനെതിരെയുള്ള പ്രതിരോധം ഒരു വലിയ പരിധിവരെ ഉപരിതല സ്പർശിയായി സങ്കോചിക്കുകയാണ്. ഷഹീൻ ബാഗും കർഷകസമരങ്ങളും അഖിലേന്ത്യാതലത്തിൽ നടന്ന തൊഴിലാളി സമരങ്ങളും മാറ്റിവെച്ചാൽ, കാലം ആവശ്യപ്പെടും വിധമുള്ള ജനകീയ ചെറുത്തുനിൽപുകൾ പലകാരണങ്ങളാലാവാം വേണ്ടത്ര ഉയർന്നുവരുന്നില്ല.
ഞങ്ങൾ തുലഞ്ഞാലും, ‘നിങ്ങളെയൊന്നും’ ഇവിടെ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന, അങ്ങേയറ്റമുള്ള ‘വിഭാഗീയ വീക്ഷണവിഷം’ പലതരത്തിലുള്ള അപരവിദ്വേഷത്തിന്റെ അടിത്തറയിൽ നിർമിക്കപ്പെട്ടു കഴിഞ്ഞു. ‘അമ്പ് ഏതു നിമിഷവും/മുതുകിൽ തറക്കാം/പ്രാണനുംകൊണ്ട് ഓടുകയാണ്’ എന്ന് മുമ്പ് പ്രശസ്ത കവി അയ്യപ്പൻ എഴുതിയത് എത്രയോ കൃത്യം! എങ്കിലും ഭീതിദമായ അനുഭവങ്ങളെയും ഓർമകളുടെയും മുമ്പിൽനിന്ന് നവഫാഷിസ്റ്റുകൾ തീയിട്ട് കൊന്ന സ്വന്തം ജീവിത പങ്കാളി മഹാനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിനെയും മക്കളായ ഫിലിപ്പ്, തിമോത്തി, എന്നിവരെയും സാക്ഷിനിർത്തി, ജീവകാരുണ്യ പ്രവർത്തന നിർവഹണത്തിനിടയിൽ രക്തസാക്ഷികളായ പ്രിയപ്പെട്ടവരെ സാക്ഷിനിർത്തി, ഗ്രഹാം സ്റ്റെയിന്റെ ജീവിത പങ്കാളി ഗ്ലാഡിസ് സ്റ്റെയ്ൻ, കൊല നിർവഹിച്ച കുറ്റവാളികൾക്ക് പോലും മാപ്പ് നൽകി പറഞ്ഞ, ‘Do not give up hope, pray for India’ എന്ന ആ കൊച്ചുവാക്യം ആപൽകാലത്ത് ഒരു പ്രാർഥനപോലും പ്രതീക്ഷയാകുമെന്നും, പ്രതീക്ഷപോലും പ്രക്ഷോഭമായേക്കാമെന്നും ഈർജപ്പെടുത്തും വിധമുള്ള സ്മരണയുടെ ശക്തിതന്നെയാണ് പ്രാണൻ പിടയുന്ന വേദനയിലും പകുത്ത് നൽകുന്നത്. ‘എന്റെ സംസ്ഥാനം കത്തുകയാണ്, ദയവായി ഞങ്ങളെ രക്ഷിക്കൂ’ എന്ന് മണിപ്പൂരിൽനിന്ന് മാസങ്ങൾക്കുമുമ്പ് പ്രശസ്ത ഒളിമ്പിക്സ് കായിക പ്രതിഭ മേരികോമിന്റെ നിലവിളി, ഇന്നും ഒരവസാനവുമില്ലാതെ തുടരുമ്പോൾ, ഇന്ത്യ ഒരു വംശഹത്യാ മുനമ്പിലാണ് നിൽക്കുന്നതെന്ന്, ‘ജെനോസൈഡ് വാച്ചിന്റെ’ തലവൻ ഗ്രിഗറി എച്ച് സ്റ്റാന്റൺ മുന്നറിയിപ്പ് നൽകുമ്പോൾ; ഭയാനകം എന്നൊരറ്റ പ്രയോഗത്തിൽ നോം ചോസ്കി ‘ഇന്ത്യനവസ്ഥ’ അടയാളപ്പെടുത്തുമ്പോൾ, ദലിതുകൾക്കൊപ്പം ‘പുതിയ അയിത്തക്കാരായി’ മാറ്റപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്നത്, പുതിയൊരു ആക്രമണോത്സുക ഇന്ത്യയെയാണെന്ന്, സി. മനോഹർ റെഡ്ഡി വിവരിക്കുമ്പോൾ, മനുഷ്യാവകാശ സംഘടനകളും ആംനെസ്റ്റി ഇന്റർനാഷനൽ, യു.എൻ അടക്കമുള്ള സാർവദേശീയ സംഘടനകളും വർത്തമാനകാല ഇന്ത്യൻ അവസ്ഥയിൽ ഉൽകണ്ഠ രേഖപ്പെടുത്തുമ്പോൾ, ഒതളങ്ങ വർത്തമാനങ്ങളിൽ ഒളിച്ചിരിക്കുന്നവർ നിർവഹിക്കുന്ന ആത്മവഞ്ചന ഇന്നല്ലെങ്കിൽ നാളെ അനിവാര്യമായും വിചാരണ ചെയ്യപ്പെടും. ക്ലാസിക്കൽ ഫാഷിസം ജർമനിയിൽ ജൂതരടക്കമുള്ളവരുടെ പൗരത്വം നിരാകരിക്കുന്ന നിയമങ്ങൾ ന്യൂറംബർഗിൽവെച്ച് അവർക്കുമേൽ നടപ്പിലാക്കി, പലതരം ക്രൂരതകൾ അടിച്ചേൽപിച്ചതും; അതിന് അത്രയൊന്നും വൈകാതെ ‘രണ്ടാം ന്യൂറം ബർഗിൽ’വെച്ച് തന്നെ ‘ജനായത്തം’ ശിക്ഷ വിധിച്ചതും ചരിത്രമാണ്. ‘Forward without Forgetting’ എന്ന് െബ്രഹ്ത്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.