നിനക്കറിയാമോ, എന്റെ എല്ലാ ദിവസത്തെയും ഉറക്കം തുടങ്ങുന്നത് കുറേ നിമിഷത്തിനുള്ളിലെ സമാധിയിലേക്കാണ്. പിറ്റേന്ന് ഞാൻ ഉണർന്നെഴുന്നേൽക്കണമെന്നു ആഗ്രഹിക്കാതെയാണ് കിടക്കുന്നത്. രാവിലെ നീ വിളിച്ചായിരുന്നല്ലോ ഞാൻ ഇത്രനാളും എഴുന്നേറ്റിരുന്നത്... ഇന്നു നീ വിളിക്കുമ്പോൾ എഴുന്നേറ്റില്ലെങ്കിൽ ഞാൻ മരിച്ചതായി കരുതി കൊള്ളണം.
എന്റെ എല്ലാ സഹോദരങ്ങളും ബന്ധുക്കളും ഒക്കെ വരും. ഒരു പൊതു ദർശനത്തിന് വെക്കാൻ ഞാനൊരു പ്രശസ്തൻ അല്ലല്ലോ... കരയാനായി ആരും ഉണ്ടാവില്ല. മരിച്ച വീടിന് ഞാൻ വലിച്ചുകൂട്ടിയ സിഗരറ്റിന്റെയും ഞാൻ ഉടുത്ത മുഷിഞ്ഞ വസ്ത്രത്തിന്റെയും മണമാകും. പറമ്പിൽ പെറ്റുകിടക്കുന്ന അണലിയുടെ മണവും മാറാതിരിക്കും. അപ്പോൾ പെണ്ണെ നിന്റെ കണ്ണിൽനിന്നും ഒരു തുള്ളിപോലും പൊടിയരുത്. എന്റെ മൃതശരീരം മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് കൊടുക്കാനായി കൊണ്ടുപോകുമ്പോൾ അവസാനമായി കണ്ടുനിൽക്കണം. ആർക്കും വേണ്ടാത്ത എന്റെ എഴുത്തുകൾ പലതും ഇവിടെ അവശേഷിക്കുന്നുണ്ടാവും അവക്ക് നീ ചിത ഒരുക്കണം. അപ്പോൾ എന്റെ ബന്ധുക്കൾ നീ ആരാണെന്ന് ചോദിക്കും.
അപ്പൊ പെണ്ണേ നീ പറഞ്ഞേക്കണം ജന്മജന്മാന്തരങ്ങളായി നീ എന്നോടൊപ്പം ഉണ്ടായിരുന്നു എന്ന്. നീ പറഞ്ഞേക്കണം ഞാൻ പറഞ്ഞിരുന്നു നിന്നോട് എന്റെ നട്ടെല്ലിലൂടെ ഒഴുകുന്ന പുഴയുടെ തണുപ്പ് നീയായിരുന്നു എന്ന്. പിന്നെ പിന്നെ എല്ലാവരും മറന്നുകഴിയുമ്പോൾ നീയും എന്നെ മറന്നേക്ക്. പെട്ടെന്ന് തന്നെ നിന്റെ സ്വസ്ഥ കുടുംബത്തിലേക്ക് എന്റെ ഓർമകളെ കൊണ്ടുപോകാതിരിക്കുക. പിന്നെ കീറിമുറിച്ച് വൈദ്യ കുട്ടികൾ എന്റെ ശരീരത്തെ ഉപയോഗിക്കുമ്പോൾ എന്റെ ശരീരം അവിടെയുണ്ടെന്ന് നീ ഓർക്കാതിരിക്കുക. വിട...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.