മരണശേഷം എന്‍റെ ശവശരീരം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകണം;
അവർ ആദ്യം തന്നെ എന്‍റെ തലയോട്ടി തകർത്തു പരിശോധിക്കും,
പക്ഷേ തലയ്ക്കുള്ളിൽ ബാധിച്ച ഉന്മാദ വിത്തുകളെ കണ്ടെടുക്കാൻ അവർക്കാവില്ല;
എന്‍റെ കണ്ണുകൾ ചുരന്ന് പരിശോധിച്ചാലും ഞാൻ കണ്ട ലോകം അവർക്ക് വെളിവാകില്ല ;
എന്‍റെ തൊണ്ടക്കുഴി തുറന്നു പരിശോധിച്ചാലും,
ഞാൻ പാടിയ ഗാനങ്ങൾ അവർക്ക് വ്യക്തമാവില്ല;
എന്‍റെ ഹൃദയം പിളർന്നു നോക്കിയാലും,
അതിനുള്ളിലെ രഹസ്യ അറകൾ അവിടെ ഉണ്ടാവുകയില്ല;
എന്‍റെ വയറുപിളർന്നു നോക്കിയാലും,
അവിടെ അവശേഷിച്ച കവിതയുടെ ഭ്രൂണങ്ങളെ കണ്ടെടുക്കാനാവില്ല;
എന്‍റെ വിരൽ തുമ്പ് വരെ കീറി പരിശോധിച്ചാലും അവയിൽ വിടർന്ന വരികളെ വായിക്കുവാൻ അവർക്കാവില്ല;
എന്‍റെ കാലുകൾ കീറി പരിശോധിച്ചാലും,
ഞാൻ നടന്ന വഴികളോ ,
എൻ്റെ കാൽപ്പാടുകളോ അവർക്ക് എണ്ണി തീർക്കുവാനാവില്ല;
അവയെല്ലാം നീല വരയിട്ട പേജുകളിൽ മഷിമുക്കി എന്നേ രേഖപ്പെടുത്തിയിരുന്നു ഞാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.