ജീവിതം ഒരു ഇന്ദ്രജാലമാണ്, പ്രണയേന്ദ്രജാലം! അപാരതയിൽനിന്നും ഒരു പക്ഷിയെ പറത്തിവരുത്തുമ്പോൾ, ഒരു മാസ്മരിക ചിരികണ്ട് മാലാഖയായി സ്വയം പരിണമിക്കുന്നതറിയുമ്പോൾ, ആകാശത്താരോ ചൂണ്ടിക്കാട്ടിയ മഴവില്ലുപോലെ ആകാശവും ഭൂമിയും പ്രപഞ്ചമാകെയും ജീവിതം നിറഞ്ഞുകിടക്കുമ്പോൾ, മങ്ങിയതിലെല്ലാം നിറങ്ങൾ കലർത്തുന്ന ആ മഹേന്ദ്രജാലത്തെ കൈനീട്ടിയൊന്നു തൊട്ടറിയാൻ കഴിയുന്നതിനെയല്ലേ സ്നേഹമെന്നു നാം വിളിക്കുക! ജനിച്ചപ്പോൾ മുതൽ കലപിലയായിരുന്ന ചാട്ടക്കാരിയായ തനൂജ എന്ന പെൺകുട്ടിക്ക് സർവരും ഒത്തുചേർന്നുനിൽക്കുന്ന വികാരപ്രപഞ്ചത്തിൽ കഴിയാനാണ് അന്നുമിന്നും ഏറെയിഷ്ടം. മനുഷ്യരുടെ എല്ലാ ആവിഷ്കാര രൂപങ്ങളിലും ജീവിതപരിസരത്തിന് നിർണായകമായ പങ്കുണ്ട്. ഗൃഹാതുരത്വവും വർത്തമാനകാലവും ചേർത്തുെവച്ചു പണിത പാലങ്ങളാണ് ‘തനൂജയുടെ പുസ്തക’ത്തിലെ ഓരോ രചനയും. അതുകൊണ്ടുതന്നെ ഇതു പൂർണമായും മൗലികവുമാണ് എന്ന് അവകാശപ്പെടാൻ കഴിയും. രചനകളെല്ലാം മാനവികതയെ സ്ഫുരിപ്പിക്കുന്നതുമാണ്.
വാക്ക്, അതു പ്രയോഗിക്കുന്നയാളെയും അപരനെയും ഒരേസമയം നിരീക്ഷിക്കുന്നുണ്ട്. ഒരു പ്രിസത്തിലെന്നതുപോലെ തനൂജയുടെ രചനകൾ ഓരോ വായനക്കാരനും അവരുടെ ഭാവ, പരിസരങ്ങൾക്കനുസരിച്ച് വെവ്വേറെ കാഴ്ചപ്പാടുകളുണ്ടാക്കുന്നു. സചേതനമായ ഒരു ഭൂതകാലത്തിലിരുന്ന് രചിക്കപ്പെട്ടതിനാലാകണം അന്നുവരെ ആർക്കും കൊടുക്കാതെ എടുത്തുെവച്ച അത്തിപ്പഴങ്ങൾപോലെ എനിക്കു മാത്രമുള്ളതാണ് എന്ന തോന്നൽ വായനക്കാരായ നമ്മളിലോരോരുത്തരിലും ഉണ്ടാകുന്നത്.
16 കവിതകളും 13 ലേഖനങ്ങളും 9 കഥകളും 5 പഠനങ്ങളും 6 അനുഭവക്കുറിപ്പുകളും ഒരു ആസ്വാദനക്കുറിപ്പും ആണ് തനൂജയുടെ പുസ്തകത്തിലുള്ളത്. വ്യത്യസ്ത രചനാ സങ്കേതങ്ങളിലുള്ള വിഭവങ്ങൾ ചേർന്ന ഒരു പരീക്ഷണപുസ്തകമാണിത് എന്ന് എഴുത്തുകാരി തന്നെ പറയുന്നു. എന്നാലും പലപ്പോഴും രചനകൾ തമ്മിൽ ഇത്തരം വേർതിരിവുകൾ സാധ്യമാകാത്ത രീതിയിൽ ഇഴപിരിഞ്ഞു കിടക്കുകയാണ്.
സാഹിത്യത്തിലും സമൂഹത്തിലും പുരുഷാധിപത്യം മാത്രം പ്രതിഫലിച്ചിരുന്ന കാലത്ത് സ്ത്രീകളുടെ സാഹചര്യങ്ങൾക്കനുസരിച്ച് അധികാരത്തിനെതിരായി സ്വയംഭരണാവകാശം ഉറപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ അതിനു യോജിച്ച, സ്ത്രൈണതയെ പ്രതിഫലിപ്പിക്കുന്ന ഭാഷാരൂപം കണ്ടെത്താൻ പലപ്പോഴും കഴിയാതെവന്നു. കാരണം ഭാഷ പോലും അന്ന് പുരുഷനിർമിതമായിരുന്നു എന്നതാണ്. ഇതിനൊരു തിരുത്തൽ വരുത്തുന്നതിനായി സ്വത്വം, സ്വാതന്ത്ര്യം, ബോധം എന്നിവക്ക് സാഹിത്യദർശനത്തിൽ പ്രഥമ പരിഗണന നൽകേണ്ടതുണ്ട് എന്ന് മനസ്സിലാക്കിക്കൊണ്ട് നിഴൽ എന്ന സ്ഥാനത്തുനിന്നു സ്ത്രീകളുടെ പദവി വ്യക്തി എന്നതിലേക്ക് ഉയർത്താൻവേണ്ടി ലളിതാംബിക അന്തർജനത്തിൽനിന്നുത്ഭവിച്ച ഒരു അന്തർധാര ഇപ്പോൾ ഇതാ തനൂജയിലെത്തി നിൽക്കുകയാണ്. സ്ത്രീകളുടെ സാഹിത്യരചനകളിൽ uniqueness (അതുല്യത), Interiority (ആന്തരികത), Subjectivity (കർതൃത്വം) എന്നിവ പ്രധാനമാണെന്നു ലളിതാംബിക അന്തർജനം സ്വന്തം രചനകളിലൂടെ നമുക്കു കാണിച്ചുതരുന്നു. അന്തർജനെത്തക്കുറിച്ചുള്ള നാലു രചനകളാണ് ഈ പുസ്തകത്തിലുള്ളത്. അവരെക്കുറിച്ച് മാധവിക്കുട്ടിയുടെ നിരീക്ഷണങ്ങൾ സവിശേഷമായി എനിക്ക് അനുഭവപ്പെട്ടു. She is a true feminist എന്നാണ് മാധവിക്കുട്ടി അന്തർജനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആരിലുമുണ്ട് മറ്റൊരാൾ -എന്ന തിരിച്ചറിവുള്ളതിനാൽ Live and let live എന്ന attitude ഉള്ള മനുഷ്യസ്നേഹി കൂടിയായിരുന്നു അന്തർജനം എന്ന് മാധവിക്കുട്ടി വിലയിരുത്തുന്നു.
മാധവിക്കുട്ടിയെക്കുറിച്ച് രണ്ട് രചനകളാണ് പുസ്തകത്തിലുള്ളത്. മാധവിക്കുട്ടി എന്ന എഴുത്തുകാരി, സ്വയം ഒരു ബലിമൃഗമായി മാറി, ഉള്ളിൽ വെടിമരുന്നു നിറച്ച് ദേഹത്തെ അവയവങ്ങളെ, മാംസത്തെ, തൊലിയെപ്പോലും പൊട്ടിച്ചുതകർത്ത ശേഷം ഒറ്റക്കിരുന്നു കരഞ്ഞ്, എന്തൊരു സ്വാദെന്നമട്ടിൽ സ്വന്തം രക്തം ഊറ്റിയൂറ്റിക്കുടിച്ച് ആത്മസത്ത കണ്ടെത്താൻ ശ്രമിച്ച മഹതിയായ എഴുത്തുകാരിയായാണ് തനൂജ വിലയിരുത്തുന്നത്.
ഈ പുസ്തകത്തിൽ എടുത്തുപറയുന്ന മറ്റൊരാൾ ചിത്രകലയിലെ വലിയ തമ്പുരാനായ, രാജാരവിവർമയുടെ ഇളമുറക്കാരി കൂടിയായ 91ാം വയസ്സിൽ ‘ആൻജിയോപ്ലാസ്റ്റി’ക്ക് വിധേയയായി തുടർന്ന് 15 വർഷംകൂടി സുഖമായി ജീവിച്ച Life is attitude എന്ന് വിശ്വസിച്ച, ശരിക്കും ന്യൂജെൻ ആയി ജീവിച്ച കിളിമാനൂർ സേതു തമ്പുരാട്ടിയാണ്. കൈക്കൂലി കൊടുത്ത് ഈശ്വരനെ പ്രസാദിപ്പിക്കാൻ ശ്രമിക്കാതെ, ജോത്സ്യന്റെയും പുരോഹിതന്റെയും സന്യാസിയുടെയും അടിമയാകരുത് എന്ന് വീണ്ടുംവീണ്ടും നമ്മളെ ഓർമിപ്പിച്ച് ശാസ്ത്രത്തിൽ മാത്രം വിശ്വസിക്കാൻ പ്രേരിപ്പിച്ച സേതു അമ്മയുടെ സ്ത്രീജീവിതം പലർക്കും പുതിയ അറിവ് ആയിരിക്കും.
ആദികാവ്യത്തിലെ അഭിമാനിനിയായ സീതയിൽനിന്നു തുടങ്ങി ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിനായി പോരാടി അവകാശം നേടിയെടുത്ത മേരി റോയി, അരുന്ധതി റോയി, ആദ്യ മലയാള സിനിമാനായിക പി.കെ. റോസി, ജ്ഞാനാഭിമാനി കൂടിയായ അതുല്യ സാഹിത്യനിരൂപക ലീലാവതി ടീച്ചർ വരെ ‘കൈകൊട്ടി പുറത്താക്കേണ്ട വഹ’കളായ അത്ഭുത സ്ത്രീകൾ പലരും ഈ പുസ്തകത്തിനുള്ളിലുണ്ട്. പുസ്തകത്തിൽ തനൂജ സ്വന്തം അമ്മയെക്കുറിച്ചും പറയുന്നുണ്ട്.
ഭാവഗീതങ്ങളുടെ രൂപത്തിലാണ് തനൂജയുടെ കവിതകളേറെയുമുള്ളത്. തെറ്റിദ്ധരിക്കപ്പെട്ട, നിശിതമായി അവമതിക്കപ്പെട്ട, നിസ്സഹായാവസ്ഥകളിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് ശക്തി ആവാഹിച്ച, വെല്ലുവിളികളെ സധൈര്യം നേരിടുന്ന കുറേയേറെ സ്ത്രീകളെ നമുക്കു കാണാം. ഒരൊറ്റ സ്പർശം കിട്ടിയാൽ മണിനാവു കിലുക്കുന്ന ചിലങ്കപോലുള്ള ഒന്നാന്തരം സ്ത്രീകളെ. ആചാരങ്ങളും നാട്ടുനടപ്പുകളും നിലനിർത്താൻവേണ്ടി സ്വന്തം പെൺമക്കളുടെ സ്വപ്നങ്ങളും കളിചിരികളും നിസ്സാരമായി തള്ളിക്കളയുന്ന കുടുംബവ്യവസ്ഥകൾക്കെതിരെയുള്ള ഒരു കഥ, പന്തൽ ഭൂലോകത്തിലെ എല്ലാ സ്ത്രീകളോടുമുള്ള അനുതാപപ്പെടലായി അനുഭവപ്പെട്ടു. കഥയെ മനുഷ്യപക്ഷത്തേക്ക് ഉയർത്തുകയാണ് എഴുത്തുകാരി. കഥകളെല്ലാം ‘വിഗ്നെറ്റ്’ സ്വഭാവമുള്ളവയാണ്, പ്രതീകാത്മകവും.
മമ്മൂട്ടി, ബാബുരാജ്, കെ.ജി. ജോർജ്, അമിതാഭ് ബച്ചൻ എന്നിങ്ങനെ സിനിമക്കാരും മോഹനൻ എന്ന തന്റെ എഴുത്തുകാരനമ്മാവനും തനൂജയുടെ തൂലികക്ക് സ്നേഹപാത്രമാകുന്നുണ്ട്. സിനിമയും തനൂജ ജോലിചെയ്ത മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലുമൊക്കെ വീടുപോലെ തന്നെ തനൂജയുടെ വികാരപ്രപഞ്ചത്തിൽ നിറഞ്ഞിരിക്കുന്നു. ഛായാമുഖി എന്ന പ്രശാന്ത് നാരായണന്റെ നാടകത്തെക്കുറിച്ചുള്ള ഗംഭീരമായ ഒരു ആസ്വാദനവും ഈ പുസ്തകത്തിലുണ്ട്.
ലളിതാംബിക അന്തർജനം എന്ന തന്റെ മുത്തശ്ശിയെക്കുറിച്ച്, പ്രതിഭാധനയായ ആ എഴുത്തുകാരിയെക്കുറിച്ച് ലോകമറിയാത്ത പലതും ഇളമുറക്കാരി എന്നനിലയിൽ വെളിച്ചപ്പെടുത്തേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട് എന്നതും തനിക്കു മാത്രമേ ഇനി അതിനു കഴിയുകയുള്ളൂ എന്ന അഭിമാനബോധവും ഉള്ളാകെ നിറഞ്ഞിരിക്കുന്നതിനാൽ സ്വന്തം സർഗാത്മക പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് കഥയിലും കവിതയിലുമൊന്നും കൂടുതൽ ശ്രദ്ധിക്കുന്നതിനോ, വ്യാപരിക്കുന്നതിനോ തനൂജക്ക് ഇപ്പോൾ കഴിയുന്നില്ല എന്ന ചിന്താക്കുഴപ്പമുള്ളതായി വായനയിലൂടെ ഞാൻ നിരീക്ഷിക്കുന്നു. വീട്ടമ്മ എന്ന നിലയിലുള്ള തന്റെ കടമകളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്തത് എഴുത്തുജീവിതത്തിൽ സ്വാഭാവികമായും സ്ത്രീ നേരിടുന്ന പ്രതിസന്ധിയാണ്. അത് ഈ എഴുത്തുകാരിക്കുമുണ്ട്. എന്നാൽ, അതിനൊരു പ്രതിവിധി തനൂജതന്നെ മുന്നോട്ടുവെക്കുന്നു.
‘വിഷുദിനംപോലെയാണ് ജീവിതം... Half means full- എന്ന സത്യം ഉള്ളിലേക്കെടുത്താൽ മാത്രംമതി. രാത്രിയും പകലും ചേർന്ന് ദിവസം ഉണ്ടാവുന്നതുപോലെ, സ്ത്രീയും പുരുഷനും ചേർന്ന് കുടുംബം ഉണ്ടാകുന്നതുപോലെ, കണ്ണീരും ചിരിയും ചേർന്ന് ജീവിതവും ഉണ്ടാകുന്നു. എന്റെ പിഴ, എന്റെ പിഴ എന്ന ഉത്കണ്ഠയല്ല, സൂക്ഷിക്കണേ മോളെ എന്ന വ്യാകുലതയല്ല, ജീവിതത്തിനോട്, അവരവരോട് സത്യസന്ധത പുലർത്തുക എന്ന Attitude ആണ് നമുക്കെല്ലാവർക്കും വേണ്ടത്’ എന്ന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.