ജീവിതഗന്ധിയായ ഒരുപാട് കഥകളും സങ്കീർണതയാർന്ന ഒട്ടനവധി കഥാപാത്രങ്ങളും അവശേഷിപ്പിച്ച് കഥാകാരൻ കടന്നുപോയിട്ട് ഏപ്രിൽ 30ന് കാൽ നൂറ്റാണ്ട് തികയുന്നു
വർഷങ്ങൾ ഏറെ പഴക്കമുള്ള ഒരു സംഭവമാണ്. സിനിമാ മോഹം തലക്കുപിടിച്ച ഒരു ചെറുപ്പക്കാരൻ കൊടുങ്ങല്ലൂർ പട്ടണത്തിൽനിന്ന് മദിരാശിയിലേക്ക് യാത്ര പുറപ്പെടുന്നു. കമൽഹാസന്റെ കടുത്ത ആരാധകനായ കക്ഷിക്ക് ഉലകനായകനെ ഒന്ന് നേരിൽ പാക്കണം. തെന്നിന്ത്യൻ സിനിമാ വേദിയെ മുടിചൂടാമന്നനായി കമൽ അടക്കിവാഴുന്ന കാലം. ഏതെങ്കിലും രീതിയിലുള്ള മുൻ പരിചയമോ ഉന്നതരുടെ ശിപാർശയോ കൂടാതെ താരസന്നിധികളിൽ എത്തിച്ചേരുന്നത് അക്കാലത്ത് അസാധ്യമായിരുന്നു.
എന്നാൽ, കൊടുങ്ങല്ലൂർ എന്ന സ്ഥല നാമത്തിനു മുന്നിൽ അപ്രതിരോധ്യങ്ങളായ താരഗൃഹ വാതിലുകൾ ഒന്നൊന്നായി തുറക്കപ്പെട്ടു. കൈയെത്തും ദൂരത്ത് കമൽഹാസനെ നേരിൽ കണ്ടപ്പോൾ വാക്കുകൾക്കായി തപ്പിത്തടഞ്ഞ ആരാധകന്റെ ചെവിയിൽ ടിപ്പിക്കൽ കമൽ സ്റ്റൈലിൽ താരശബ്ദം അടർന്നുവീണു.
‘കൊടുങ്ങല്ലൂരിൽനിന്ന് ആരെയെങ്കിലും ഒന്നുകാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. വി.ടി. നന്ദകുമാർ എന്ന എഴുത്തുകാരനെ സംബന്ധിച്ച് എന്തെങ്കിലും അറിയാമോ? അദ്ദേഹത്തോട് എന്നെ ഒന്നു ബന്ധപ്പെടാൻ പറയണം.
എക്സ് ക്ലൂസിവ് ആയ കഥാപാത്രങ്ങളെ ലഭിക്കണമെങ്കിൽ അദ്ദേഹത്തെപ്പോലെ വേറിട്ട് ചിന്തിക്കുന്ന തിരക്കഥാകൃത്തുക്കളുടെ സഹായം വേണം.’ ഞെട്ടിത്തരിച്ചിരുന്നുപോയ ആ ചെറുപ്പക്കാരൻ തിരികെ നാട്ടിലെത്തിയ ശേഷം ആദ്യം ചെയ്തത് വി.ടി. നന്ദകുമാറിനെ അന്വേഷിച്ച് കണ്ടുപിടിച്ച് വിഖ്യാത നടന്റെ ആവശ്യം അറിയിക്കുക എന്നതായിരുന്നു.
കമലിനെപ്പോലെ അഭിനയ ശേഷിയുടെ മാറ്റുരക്കുന്ന കഥാപാത്രങ്ങൾക്ക് പുറകെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നടന് വി.ടി. നന്ദകുമാർ എന്ന തിരക്കഥാകൃത്തിനെ എങ്ങനെ വിസ്മരിക്കാനാകും? ഇംഗ്ലീഷ് അപസർപ്പക കഥകളിലെ കഥാപാത്രങ്ങളുടെ ചുവടുപിടിച്ച് അദ്ദേഹം എഴുതിയ ‘വിഷ്ണുവിജയ’ത്തിലെ വിഷ്ണു ആയിരുന്നല്ലോ കമൽഹാസന് മലയാള സിനിമയിൽ ഒരു ബ്രേക്ക് നൽകിയത്.
കന്യകകളായ പെൺകുട്ടികളെ മയക്കിയെടുത്ത് ദുഷ്ടമൂർത്തിക്ക് ബലിയായി നൽകി നാല് തലമുറകൾക്കൊപ്പം ജീവിച്ച ‘വയനാടൻ തമ്പാൻ’ എന്ന കഥാപാത്രത്തെ കമലിന് എങ്ങനെ മറക്കാനാവും? ഉത്കണ്ഠയുടെ മണിക്കൂറുകൾ അഭ്രപാളികളിൽ പങ്കുവെച്ച ‘അരുത്’ എന്ന ചിത്രവും ‘ശിവ താണ്ഡവവും’ ഒക്കെ ഒരു നടനെന്ന നിലയിൽ കമലിന് വെല്ലുവിളി ഉയർത്താൻ പോന്ന രചനയാൽ സമ്പുഷ്ടമായിരുന്നല്ലോ...
തന്റെ പ്രിയ തിരക്കഥാകൃത്ത് വി.ടി. നന്ദകുമാറിന്റെ വസതിയിൽ ഒരിക്കൽ സന്ദർശനവും നടത്തിയിട്ടുണ്ട് കമൽഹാസൻ. അന്ന് കുടുംബാംഗങ്ങളോടൊപ്പം കുറെയേറെ സമയം ചെലവഴിച്ചും ഒന്നിച്ചുനിന്ന് ഫോട്ടോ എടുത്തും ഒക്കെയാണ് താരം വിടപറഞ്ഞത്. ആ അസുലഭമായ ഓർമ പുതുമ നശിക്കാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി ഇന്നും കഥാകാരന്റെ വീട്ടിൽ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.
സാഹിത്യ രചനയിൽ എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനാണ് വി.ടി. നന്ദകുമാർ എന്ന എഴുത്തുകാരൻ ഇഷ്ടപ്പെട്ടത്. എഴുത്തിന്റെ മാധ്യമം ചെറുകഥയോ നോവലോ നാടകമോ തിരക്കഥയോ ഏതുമാകട്ടെ, അതിലൊരു വ്യത്യസ്ത വി.ടി ടച്ച് കൊടുക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധയൂന്നി.
ഭാരതമാസകലം സഞ്ചരിച്ച് ആർജിച്ചെടുത്ത അനുഭവ സമ്പത്തുക്കളോട് അദ്ദേഹത്തിന്റെ സർഗാത്മകത കൈകോർത്തപ്പോൾ ‘രണ്ടു പെൺകുട്ടികളും’ ‘രക്തമില്ലാത്ത മനുഷ്യനും’ ‘വീരഭദ്രനും’ ‘വണ്ടിപ്പറമ്പന്മാരും’ ‘നാളത്തെ മഴവില്ലും’ ‘ദൈവത്തിന്റെ മരണ’വും ‘കിങ്ങിണി കെട്ടിയ കാലുകളും’ ഉൾപ്പെടെ നിരവധി രചനകൾ സാഹിത്യഭൂമികയിലിറങ്ങി ആസ്വാദക ഹൃദയങ്ങളിൽ കൂടുകെട്ടി.
മലയാള സാഹിത്യലോകം എത്തിനോക്കാൻ ഭയപ്പെട്ട ലെസ്ബിയനിസം എന്ന സങ്കീർണ മേഖലയിലേക്കാണ് സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ ഗിരിജ-കോകിലമാർ എന്ന ‘രണ്ടു പെൺകുട്ടികൾ’ പടയോട്ടം നടത്തിയത്. ആദർശ ധീരനും സത്യസന്ധനും നീതി നിർവഹണത്തിൽ കടുകിട വിട്ടുവീഴ്ചക്ക് തയാറില്ലാത്തവനുമായ ഒരു ജഡ്ജിയുടെ രാക്ഷസീയ കാമനകളുടെ വികൃതമുഖം ‘ഇരട്ട മുഖങ്ങൾ’ തന്മയത്വത്തോടെ വിഷയവത്കരിച്ചു.
തനിക്ക് ചുറ്റും വന്നടിഞ്ഞ നിരവധി സ്ത്രീ ജീവിതങ്ങളെ നിഷ്കരുണം കശക്കി എറിഞ്ഞു സമ്പത്തിന്റെയും സ്വാധീനത്തിന്റെയും പടവുകൾ മനസ്സാക്ഷിക്കുത്ത് ഏതുമില്ലാതെ കയറിയ തങ്കവേലുവിനെ- ‘രക്തമില്ലാത്ത മനുഷ്യനെ’ ഒരു തലമുറ ഉൾക്കിടിലത്തോടെയാണ് വായിച്ചറിഞ്ഞത്.
ഇരുന്നൂറോളം ചെറുകഥകളാണ് വി.ടി. നന്ദകുമാറിന്റേതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. എന്നാൽ, കഥകളുടെ അമ്പൊടുങ്ങാത്ത ആവനാഴി ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ ഉൾപ്പെടുന്ന ഒരു വലിയ ആസ്വാദക സമൂഹം ആ കഥകളുടെ കേൾവിക്കാരായിരുന്നു.
ഭാരതത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള തന്റെ തൊഴിൽ അന്വേഷകനായും വിവിധ മേഖലകളിലെ ജീവനക്കാരനായും ഉള്ള അലച്ചിലിനിടയിൽ അനുഭവിച്ചറിഞ്ഞതും ഭാവനയുടെ സ്പർശംകൊണ്ട് കഥകളായി പരിണമിക്കപ്പെട്ടവയുമായിരുന്നു അവയിൽ ഏറിയ പങ്കും. താൻ വ്യാപരിക്കുന്ന കഥകളും കഥാപാത്രങ്ങളും അവരുടെ ജീവിത പരിസരവും നേരിട്ട് അവരിൽ ഒരാളായി അനുഭവിച്ചറിഞ്ഞവയാണെന്ന് അദ്ദേഹം ഇടക്കിടെ സൂചിപ്പിക്കുമായിരുന്നു.
‘ഒരു നക്ഷത്രം കിഴക്കുദിച്ചു’ എന്ന ചെറുകഥാ സമാഹാരത്തിൽ പരാമർശിക്കപ്പെടുന്ന കഥകൾ പരിശോധിക്കുമ്പോൾ ധൻബാദിലെ ഖനി തൊഴിലാളികളുടെയും ഗോവയിലെ കൂട്ടിക്കൊടുപ്പുകാരുടെയും ഉൾപ്പെടെ പച്ചമനുഷ്യരായ നിരവധി കഥാപാത്രങ്ങളുടെ നേർചിത്രം അവയിൽ നിഴലിക്കുന്നുണ്ട്. ‘ഒരു നക്ഷത്രം കിഴക്കുദിച്ചു’ എന്ന ചെറുകഥയിലെ ദുരന്ത നായകനായ രാമയ്യൻ തന്റെ സഹപ്രവർത്തകൻതന്നെയായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളക്കരയിൽ വേരോട്ടം തുടങ്ങിയ കാലത്ത് കൊടുങ്ങല്ലൂരിൽ പി. ഭാസ്കരൻ, തന്റെ അമ്മാവനും ദേശാഭിമാനിയുടെ പ്രഥമ പത്രാധിപനുമായിരുന്ന വി.ടി. ഇന്ദുചൂഡൻ തുടങ്ങിയ പ്രഗല്ഭ നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തനം ശക്തമാക്കുന്നതിൽ വി.ടി. നന്ദകുമാറും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
സമര പോരാട്ടങ്ങളും ഒളിവിലെ പ്രവർത്തനങ്ങളും ബോംബ് കേസുകളും ഉൾപ്പെടെ നിയമപാലകരുടെ നിരന്തര വേട്ടകൾക്ക് ഇരയായ ആ കൗമാര കാലഘട്ടം തന്റെ ആത്മകഥാംശം ഉൾക്കൊള്ളുന്ന ‘നാളത്തെ മഴവില്ല്’ എന്ന നോവലിൽ അദ്ദേഹം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.
സാഹിത്യലോകത്തെന്നപോലെ വ്യക്തിജീവിതത്തിലും ലക്ഷണമൊത്ത ഒരൊറ്റയാനായിരുന്നു നന്ദകുമാർ. ആറു വാല്യങ്ങളായി എഴുതിത്തീർക്കാൻ ആരംഭിച്ച ‘എന്റെ കർണൻ’ എതിർപ്പുകളും വിമർശനങ്ങളും ഏറ്റുവാങ്ങി അവസാനിപ്പിക്കേണ്ടി വന്നത് കഥാകാരന്റെ ഹൃദയത്തെ കുറച്ചൊന്നുമല്ല വ്രണപ്പെടുത്തിയത്.
എന്നിട്ടും ഔദ്ധത്യത്തോടെ തന്നെ, സാഹിത്യമേഖലയിലെ ആശാസ്യമല്ലാത്ത ലോബിയിങ്ങിനെക്കുറിച്ചും ക്ലിക്കുകളെ കുറിച്ചുമെല്ലാം അദ്ദേഹം തന്റെ വായനക്കാരോടും മാധ്യമ സുഹൃത്തുക്കളോടും വാചാലനായി. 16 സിനിമാ രചനകൾ, ഇരുപതോളം നോവലുകൾ, ഇരുനൂറിൽപരം ചെറുകഥകൾ, രണ്ടു നാടകങ്ങൾ, സൗന്ദര്യശാസ്ത്രം -അങ്ങനെ സാഹിത്യത്തിന്റെ സമസ്ത ശാഖകളും ആ തൂലികയുടെയും ഭാഷയുടെയും കരുത്തറിഞ്ഞു.
ജീവിതഗന്ധിയായ ഒരുപാട് കഥകളും സങ്കീർണതയാർന്ന ഒട്ടനവധി കഥാപാത്രങ്ങളും അവശേഷിപ്പിച്ച് കഥാകാരൻ കടന്നുപോയിട്ട് ഏപ്രിൽ 30ന് കാൽ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുകയാണ്.
ഗോദ്സെയുടെ പേരിൽ ഒരു അവാർഡ് മഹാത്മാഗാന്ധിക്ക് മരണാനന്തര ബഹുമതിയായി നൽകുന്ന ഒരു അവാർഡ് കാലമെന്ന് പരിഹാസദ്യോതകമായി പറയുമായിരുന്ന അദ്ദേഹത്തിന്റെ പേരിൽ ഒരു പുരസ്കാരമോ സ്മാരകമോ എന്തിന് ഒരു അനുസ്മരണ ചടങ്ങുപോലുമോ നടക്കാതിരിക്കുന്നതു കണ്ട് ആ ആത്മാവ് ഒരിക്കലും വേദനിക്കാൻ ഇടയില്ല. ആൾക്കൂട്ടത്തിനിടയിൽ എന്നപോലെ ആത്മാക്കൾക്കിടയിലും ഒറ്റയാൻ ആയിരിക്കാൻ ആകുമല്ലോ വി.ടി. നന്ദകുമാറിന് ഏറെ ഇഷ്ടം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.