പേരാമ്പ്ര: തന്നെ പഠിപ്പിച്ച് അധ്യാപകനാക്കിയ അമ്മയുടെ ഓർമ നിലനിർത്താൻ എന്തുചെയ്യണമെന്ന് കെ.വി. ശശി മാസ്റ്റർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. മുയിപ്പോത്ത് ഗ്രാമത്തിന് അക്ഷരവെളിച്ചമേകാൻ ഒരു വമ്പൻ വായനപ്പുര ഒരുക്കിയിരിക്കുകയാണ് ശശി മാഷും ഭാര്യ റിട്ട. അധ്യാപിക ശൈലജയും. അമ്മ കെ.വി. ദേവകിയുടെ ജ്വലിക്കുന്ന ഓർമകൾ ഓരോ പുസ്തകത്താളിലൂടെയും നിലനിൽക്കുമെന്ന് ഈ മകൻ കരുതുന്നു. മുയിപ്പോത്ത് -വടകര റൂട്ടിൽ ചെറുവാഴാട്ട് അമ്മയുടെ ഓഹരിയായി കിട്ടിയ 10 സെന്റ് സ്ഥലത്താണ് തറവാടുവീട് പൊളിച്ച് 11 ലക്ഷം രൂപ ചെലവഴിച്ച് മനോഹരമായ ലൈബ്രറി ഒരുക്കിയത്. 2000ത്തിൽ അധികം പുസ്തകങ്ങളും ഇവിടെയുണ്ട്.
കുട്ടികൾക്ക് ഉൾപ്പെടെ ഏത് സമയത്ത് വന്നും പുസ്തകങ്ങളെടുക്കാം. മെംബർഷിപ്പോ മാസ വരിസംഖ്യയോ ആവശ്യമില്ല. ലൈബ്രേറിയന്മാരായി മാഷും ടീച്ചറും തന്നെയാണ്. അഥവാ ഇവർ ലൈബ്രറിയിലില്ലെങ്കിൽ ആവശ്യക്കാർ ഒന്നുവിളിച്ചാൽ സമീപത്തെ വീട്ടിൽനിന്ന് ഓടിയെത്തും. ദൂരെ എവിടെയെങ്കിലുമാണ് പോയതെങ്കിൽ വന്നതിനുശേഷം ആവശ്യക്കാർക്ക് പുസ്തകം വീട്ടിൽ എത്തിച്ചുകൊടുക്കും. നല്ല റഫറൻസ് ലൈബ്രറി കൂടിയാണിത്. എല്ലാ പുതിയ പുസ്തകങ്ങളും ഇവർ വാങ്ങും. പെൻഷൻ തുകയിൽ ഒരു ഭാഗം പുസ്തകങ്ങൾ വാങ്ങാൻ മാറ്റിവെച്ചിരിക്കുകയാണ്. 2022ൽ എം. മുകുന്ദനാണ് ‘എഴുത്തും വായനയും’ എന്ന ലൈബ്രറി ഉദ്ഘാടനം ചെയ്തത്. ലൈബ്രറി ആസ്ഥാനമായി ജനകീയ സാംസ്കാരിക വേദി രൂപവത്കരിച്ചിട്ടുണ്ട്. പുസ്തക ചർച്ചയും സംവാദങ്ങളുമെല്ലാം വായനശാല കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
ഈ ദമ്പതികൾ പൈങ്ങോട്ടായി ഗവ. യു.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപകരായി വിരമിച്ചതാണ്. ശശി മാസ്റ്റർ 2017ലും ശൈലജ ടീച്ചർ 2019ലുമാണ് വിരമിച്ചത്. പുതുതലമുറയിലേക്ക് വായനശീലം വളർത്താനുള്ള ഉദ്യമം ഏറ്റെടുത്ത് ഈ ദമ്പതികൾ വിശ്രമജീവിതം ആസ്വദിക്കുമ്പോൾ നാട് ഈ മാതൃക അധ്യാപകരോട് എന്നും കടപ്പെട്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.