ഷാർജ: കിഴക്കിനും പടിഞ്ഞാറിനുമിടയിലെ സാംസ്കാരിക കവാടമായ ഷാർജയുടെ മണ്ണിൽ വായനയുടെ വിശ്വമേളക്ക് ബുധനാഴ്ച കൊടിയേറ്റം. എഴുത്തിന്റെയും വായനയുടെയും പുതുലോകങ്ങൾ പരസ്പരം പങ്കുവെക്കുന്നതിന് നാട് മുഴുവൻ ഒഴുകിയെത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 42ാം എഡിഷനാണ് തുടക്കമാകുന്നത്. ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടുനിൽക്കുന്ന മേള ഇത്തവണ ‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്ന തീമിലാണ് സംഘടിപ്പിക്കുന്നത്. 108 രാജ്യങ്ങളിൽനിന്ന് രണ്ടായിരത്തിലേറെ പ്രസാധകരെത്തുന്ന പുസ്തകോത്സവത്തിൽ 15 ലക്ഷം പുസ്തകങ്ങൾ ഇത്തവണയെത്തും. വേദിയുടെ നിർമാണം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേളയുടെ ഉദ്ഘാടനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറിയയാണ് ഈ വർഷത്തെ അതിഥി രാജ്യം. യുവതലമുറക്കിടയിൽ ഏറെ ജനകീയത കൈവരിച്ച കൊറിയന്‍ സംസ്കാരത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികള്‍ ദക്ഷിണ കൊറിയന്‍ പവിലിയനില്‍ സംഘടിപ്പിക്കും. കഴിഞ്ഞ ജൂണില്‍, സിയോള്‍ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറിന്റെ 65ാമത് എഡിഷനില്‍ ഷാര്‍ജയായിരുന്നു അതിഥിയായി പങ്കെടുത്തത്. ഇന്ത്യയിൽനിന്ന് 120 പ്രസാധകരാണ് പങ്കെടുക്കുന്നത്. അതോടൊപ്പം മലയാളത്തിൽ നിന്നടക്കം പ്രഗല്ഭ എഴുത്തുകാരും ചിന്തകരും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുമുണ്ട്. സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കുവെക്കും.
നീന ഗുപ്ത, നിഹാരിക എന്‍.എം, കരീന കപൂര്‍, അജയ് പി. മങ്ങാട്ട്, ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്, കാജോള്‍ ദേവ്ഗന്‍, ജോയ് ആലുക്കാസ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ, സുനിത വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തകമേളയില്‍ അതിഥി സാന്നിധ്യങ്ങളാകുന്നത്. ബാൾറൂമിലും ഇന്റലെക്ച്വൽ ഹാളിലുമാണ് വിദ്യാർഥികൾക്ക് സെഷൻ ഒരുക്കുന്നത്. രാവിലെ 10 മുതൽ 12 വരെയാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന സന്ദർശന സമയം.
42ാം എഡിഷന്റെ സവിശേഷതകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.